ഉമ്മൻചാണ്ടിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച സംഭവമായിരുന്നു 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ്. എങ്ങിനെ നോക്കിയാലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരുതരത്തിലും തുടർഭരണത്തിന് അവസരമുണ്ടാകുമെന്നു കരുതിയില്ല. അത്രമാത്രം മോശമായ ഭരണമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ അരങ്ങേറിയത് എന്നിട്ടും..!
2016 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയമാണുണ്ടായത്. കേവലം 47 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. അതിനു പ്രധാന കാരണം കോൺഗ്രസിലെ ഗ്രൂപ്പുകളിയും ആന്തരീക പ്രശ്‌നങ്ങളുമായിരുന്നു. തികച്ചും കെട്ടിച്ചമച്ച ബാർ കോഴ അഴിമതിയാരോപണങ്ങളൊക്കെത്തന്നെയാകാം പരാജയത്തിന്റെ കാരണം. എന്നാൽ വലിയരീതിയിൽ ഗുണകരമാകും എന്നു കരുതിയ മദ്യനയം അമ്പേ പരാജയമായിപ്പോയി.
പുതുപ്പള്ളിയിൽ അക്കുറി ഉമ്മൻചാണ്ടിക്ക് എതിരായി നിന്ന സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസായിരുന്നു. 27,092 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി അവിടെ നിന്നും ജയിച്ചത്. എങ്കിലും സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫിനും പ്രത്യേകിച്ച് കോൺഗ്രസിനും ഉണ്ടായ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ പദവികളിൽ നിന്നും ഉമ്മൻചാണ്ടി വിട്ടുനിൽക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതൃത്വത്തിലേക്ക് തിരഞ്ഞെടുപ്പു വന്നപ്പോഴും ആ നയത്തിൽ ഉറച്ചു നിന്നു ഉമ്മൻചാണ്ടി. പിന്നീട് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പു വന്നപ്പോൾ പലരും പാർലമെന്റിലേക്ക് മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടും അദ്ദേഹം അതിന് വഴങ്ങിയില്ല.
ഉമ്മൻചാണ്ടി യുവാവായിരിക്കുമ്പോൾ യൂത്ത്‌കോൺഗ്രസ് പ്രസിഡന്റായിരുന്നു. അതിനു ശേഷം സംഘടനാതലത്തിൽ ഒരുതരത്തിലുമുള്ള നേതൃപദവികളൊന്നും സ്വീകരിച്ചിരുന്നില്ല. എ.ഐ.സി.സി. അംഗം, കെ.പി.സി.സി. നിർവാഹകസമിതിയംഗം എന്നിവയിലൊക്കെയായി ഒതുങ്ങി. ഒരാൾ, ഒരു പദവി എന്ന നയത്തോടായിരുന്നു ഉമ്മൻചാണ്ടിക്കെന്നും ആഭിമുഖ്യം. പാർലമെന്ററി രംഗത്തും സംഘടനാതലത്തിലും ഒരുപോലെ ആത്മാർത്ഥമായി പ്രവർത്തിക്കാൻ ഒരാൾക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും അതുമാത്രമല്ല, മറ്റാളുകൾ പദവികളൊന്നുമില്ലാതെ ഇരിക്കുന്നുണ്ടാകുമല്ലോ അവർക്ക് അവസരം കൊടുക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഒരിക്കൽപ്പോലും പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നില്ല. കേരളവും പുതുപ്പള്ളിയും ഒക്കെയാണ് അദ്ദേഹത്തിന്റെ തട്ടകം. എന്തുതിരക്കുണ്ടെങ്കിലും ഞായറാഴ്ച വെളുപ്പിന് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ എന്ന കുടുംബവീട്ടിൽ ഉണ്ടാകും. അവിടെ ഉണ്ടാകമെന്നു നിർബന്ധവുമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും പുതുപ്പള്ളിക്കാരെ കാണണം, സംസാരിക്കണം, ഇടപഴകണം, മണ്ഡലത്തിൽ കറങ്ങണം. ഉമ്മൻചാണ്ടിക്ക് അവരെ വിട്ട് മറ്റൊരു ലോകമില്ല. അവരിൽ നിന്നാണ് ബാക്കി ദിവസങ്ങളിൽ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നതെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. ഡൽഹിയിൽ പോയി പ്രവർത്തിക്കാൻ തുടങ്ങിയാൽ അതൊക്കെ നഷ്ടമാവും.
എന്നാൽ 2018 ആയപ്പോഴേയ്ക്കും ഉമ്മൻചാണ്ടിയുടെ പ്രവർത്തനമേഖലയുടെ പരിധി കുറെക്കൂടെ വിശാലമാക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടു. ആദ്യമത് വിസമ്മതിച്ചെങ്കിലും ഒടുവിൽ അദ്ദേഹം വഴങ്ങി. 2018 ജൂൺ ആറിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി ഉമ്മൻചാണ്ടിയെ നിയമിച്ചു. ഒരധികാരത്തിനു പിന്നാലെ പോയിട്ടല്ല അതൊക്കെ ലഭിച്ചത്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ്. പിന്നീട് കോൺഗ്രസ് പ്രവർത്തകസമിതിയിലും ഉമ്മൻചാണ്ടിയെ അംഗമാക്കി.
ആ ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. എത്രയോ മഹാരഥന്മാർ ഇരുന്നിട്ടുള്ള പദവിയാണത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രവർത്തനം ഡൽഹിയിലേക്ക് പറച്ചുനടാൻ ശ്രമിച്ചില്ല, ആഗ്രഹിച്ചില്ല. എ.ഐ.സി.സി ഓഫീസിൽ ഉമ്മൻചാണ്ടിക്ക് പ്രത്യേക മുറിയും സംവിധാനങ്ങളൊക്കെയുമുണ്ട്. എന്നിട്ടും അവിടെ സ്ഥിരമായി ഇരുന്നിട്ടില്ല. വല്ലപ്പോഴും ഡൽഹിക്കു പോകുമ്പോൾ ഓഫീസിൽ കയറി അത്യാവശ്യ കാര്യങ്ങളൊക്കെ ചെയ്യും അത്രമാത്രം.
എന്നാൽ ആന്ധ്രയുടെ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും ആവശ്യമുള്ളപ്പോഴൊക്കെ ആന്ധ്രായിൽ പോയി അവിടെ താമസിക്കുകയും ചെയ്തിരുന്നു. ഉമ്മൻചാണ്ടിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച സംഭവമായിരുന്നു 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ്. എങ്ങിനെ നോക്കിയാലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരുതരത്തിലും തുടർഭരണത്തിന് അവസരമുണ്ടാകുമെന്നു കരുതിയില്ല. അത്രമാത്രം മോശമായ ഭരണമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ അരങ്ങേറിയത് എന്നു വിശ്വസിക്കുന്ന ആളായിരുന്നു ഉമ്മൻചാണ്ടി.
വികസനത്തിന്റെ കാര്യത്തിൽ പ്രഖ്യാപനങ്ങളല്ലാതെ അത് എന്തെങ്കിലും നടപ്പാക്കിയ ചരിത്രമില്ലെന്നു തറപ്പിച്ചു പറയുകയാണ് ഉമ്മൻചാണ്ടി. വികസനത്തിന്റെ വിവിധ മേഖലകളിൽ ആരേയും അതിശയിപ്പിക്കുന്ന പാക്കേജുകൾ പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജ്, വയനാട് പാക്കേജ് എന്നിങ്ങനെ പലതരം. അതൊന്നും നടപ്പായില്ല. ഇടതു സർക്കാരിന് ഉയർത്തിക്കാട്ടാൻ ഒരു വൻകിട വികസനപദ്ധതിയുമില്ല. യു.ഡി.എഫ് സർക്കാരിന്റെ സ്വപ്‌നപദ്ധതികൾ 90-95 ശതമാനം പൂർത്തിയായത് പണിതീർത്ത് ഉദ്ഘാടനം നടത്തി പൊങ്ങച്ചം പറഞ്ഞും പത്രങ്ങളിൽ വമ്പൻ പരസ്യം കൊടുത്തതുമല്ലാതെ മറ്റൊന്നും അവർ ചെയ്തിരുന്നില്ല.
കൊച്ചിയിലെ മെട്രോ യു.ഡി.എഫ്. ഗവൺമെന്റിന്റെ കാലത്ത് ട്രയൽ റൺ നടത്തിയതാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേനിർമ്മാണം പൂർത്തിയായി. ടെർമിനൽപണി അൽപ്പം പൂർത്തിയാക്കാനുണ്ടായിരുന്നു. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി അവിടെ വിമാനം ഇറങ്ങിയതുമാണ്. അതൊക്കെ ഉദ്ഘാടനം ചെയ്തതാണ് ഇടതുമുന്നണി സർക്കാരിന്റെ അഭിമാനകരമായ നേട്ടം എന്നാണല്ലോ കൊട്ടിഘോഷിച്ചത്. വിഴിഞ്ഞം പദ്ധതി എന്നേ പൂർത്തിയാവേണ്ടതാണ്.
2015 ഡിസംബറിലാണ് അതിന്റെ നിർമ്മാണപ്രവർത്തനം തുടങ്ങിയത്. നാലുവർഷം കൊണ്ടു പൂർത്തിയാക്കണമെന്നായിരുന്നു കരാർ. നിർമ്മാണോദ്ഘാടന ചടങ്ങിൽ, 1000 ദിവസംകൊണ്ട് തുറമുഖം പണിതീർക്കുമെന്ന് അദാനിഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനി പ്രഖ്യാപിച്ചു. അതായിരുന്നു അദാനിയും യു.ഡി.എഫ് സർക്കാരും തമ്മിലുള്ള ധാരണ തന്നെ. എന്നാൽ പിന്നെ കാണാൻ കഴിഞ്ഞത്
വിഴിഞ്ഞം തുറമുഖനിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതാണ്. നിർമ്മാണാവശ്യത്തിനുള്ള പാറ കിട്ടാത്തതാണ് കാരണം. അതു ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
ഒരു സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതി പണിപൂർത്തിയാക്കാൻ ആവശ്യമായ അടിസ്ഥാന സാമഗ്രികൾ ലഭ്യമാക്കുന്നതിൽപ്പോലും പിണറായി സർക്കാർ പരാജയപ്പെട്ടെന്ന അഭിപ്രായമാണ് ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്.
ഏറെക്കുറെ അത് സത്യവുമാണ്. വാസ്തവത്തിൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ അവരുടെ നിത്യജീവിതത്തിലെ പല പ്രശ്‌നങ്ങളും അവഗണിച്ച് വിഴിഞ്ഞം പദ്ധതിയെ പൂർണ്ണ മനസോടെ സ്വാഗതം ചെയ്തതിനാലാണ് ഉമ്മൻചാണ്ടിക്കും കൂട്ടർക്കും വിഴിഞ്ഞം പദ്ധതി തുടങ്ങാൻ കഴിഞ്ഞത്. തൊഴിലാളികളുടെ പ്രതിനിധികളുമായി ഉമ്മൻചാണ്ടി സർക്കാർ മടികൂടാതെ നിരന്തരമായ ചർച്ചകൾ നടത്തി.എന്നാൽ തുടർന്നു വന്ന പിണറായി സർക്കാർ നീണ്ട ആറു വർഷത്തിനിടെ ഒരിക്കൽപ്പോലും തൊഴിലാളികളുടെ ആവശ്യം സംബന്ധിച്ച് ഒരുവിധത്തിലുമുള്ള ചർച്ചയ്ക്കും തയ്യാറായിരുന്നില്ല എന്നുമാത്രമല്ല, പലപ്പോഴും മത്സ്യത്തൊഴിലാളികളുമായി സംഘർഷത്തിൽ ഏർപ്പെടുകയുമാണ് ചെയ്തത്.
ഏതൊരു സർക്കാരിന്റെ വൈഭവംകഴിവും കഴിവും പ്രകടമാവുന്നത് തികച്ചും അപ്രതീക്ഷിതമായ പ്രതിസന്ധികൾ ഉണ്ടാവുമ്പോഴാണല്ലോ..! നാടിനെ ഞെട്ടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ കേരളത്തിലെ കടൽത്തീരങ്ങൾ വിറങ്ങലിച്ചു നിന്നപ്പോൾ അവരെ ഒന്നു ആശ്വസിപ്പിക്കാൻപോലും അധികാരസ്ഥാനത്തുള്ളവർ ഉണ്ടായില്ല എന്ന പരാതിയും ഉമ്മൻചാണ്ടിക്കുണ്ടായിരുന്നു. അത് പലപ്പോഴായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
2018 ലെ പ്രളയം ഡാം മാനേജ്‌മെന്റിൽ സംഭവിച്ച ഭീമൻ പിഴവാണെന്ന് തെളിഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിക്കുക വരെ ഉണ്ടായി..! ഒരു പ്രളയത്തിന്റെ അനുഭവപാഠങ്ങൾ ഉണ്ടായിട്ടും രണ്ടാമത്തേതിനെ പ്രതിരോധിക്കാനായില്ല. പ്രളയസാഹചര്യം ഫലപ്രദമായി നേരിടുന്നതിൽ പിണറായി സർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ടായിരുന്നു.
പ്രളയശേഷമുള്ള 'റീ ബിൽഡ് കേരള' എവിടെ എത്തിയെന്ന് ആർക്കുമറിയില്ല. നിപ്പയും കോവിഡും വന്നു. കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെത്തി എന്ന് ഉദ്‌ഘോഷിച്ച് സമർത്ഥമായ പബ്ലിക് റിലേഷൻസ് വർക്കിലൂടെ ഒത്തിരി ബഹുമതിപത്രികകൾ വാരിക്കൂട്ടിയെങ്കിലും അതൊരു വൻപരാജയമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു..
സർക്കാരിന്റെ വീഴ്ച്ചകൾ ജനസമക്ഷം കൊണ്ടുവരുന്നതിൽ യു.ഡി.എഫ് ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. മൈക്രോ ബ്രൂവറി മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെ നിരവധി വിഷയങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നുകാട്ടി. നിയമസഭയിലും പുറത്തും യു.ഡി.എഫ് കഴിയുന്നത്ര പൊരുതിനോക്കി. എന്നാൽ ഉമ്മൻചാണ്ടിയും എ.കെ. ആന്റണിയും നേരിട്ട ചില ദുരാനുഭവങ്ങൾ രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായി. യു.ഡി.എഫിന്റെ പ്രവർത്തനരീതി സി.പി.എം. ശൈലിയിൽനിന്നു വിഭിന്നമാണ്. ശക്തമായി പൊരുതും. പക്ഷേ, നിയമസഭയിൽ സ്പീക്കറുടെ വേദിയിൽ കയറി അടിയുണ്ടാക്കാനും കംപ്യൂട്ടറും കസേരകളും തകർക്കാനും യു.ഡി.എഫിന് ആവുമായിരുന്നില്ലെന്നാണ് അതേക്കുറിച്ച് ഉമ്മൻചാണ്ടിക്കു പറയാനുള്ളത്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1