പ്രതിസന്ധി മറികടക്കാന്‍ നെതന്യാഹു സര്‍ക്കാരിന് ആകുമോ? അതോ വീഴുമോ? 

JULY 15, 2025, 10:28 PM

സഖ്യകക്ഷികള്‍ മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതോടെ ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നെതന്യാഹു സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ് ഇസ്രായേലിലെ അള്‍ട്രാ-ഓര്‍ത്തഡോക്സ് പാര്‍ട്ടിയായ യുണൈറ്റഡ് തോറ ജുഡായിസം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യസര്‍ക്കാരില്‍ നിന്ന് പിന്മാറുന്നതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. നിര്‍ബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട ഒരു നിയമനിര്‍മ്മാണത്തെച്ചൊല്ലിയുള്ള വിവാദമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍.

യുണൈറ്റഡ് തോറ ജുഡായിസത്തിന് ഏഴ് അംഗങ്ങളാണ് ഉള്ളത്. പിന്തുണ പിന്‍വലിച്ചതോടെ നെതന്യാഹു സര്‍ക്കാര്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. 120 അംഗ ക്നെസെറ്റില്‍ (ഇസ്രായേല്‍ പാര്‍ലമെന്റ്) നിലവില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന് 61 പേരുടെ പിന്തുണ മാത്രമാണുള്ളത്. നേരത്തെ 68 പേരുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ഭരിച്ചിരുന്നത്.

രാജ്യത്ത് ഭൂരിഭാഗം യുവാക്കള്‍ക്കും നിര്‍ബന്ധിത സൈനിക സേവനം ബാധകമാണ്. എന്നാല്‍, അള്‍ട്രാ-ഓര്‍ത്തഡോക്സ് യഹൂദികളായ (ഹരേദി) യേഷിവ (മതപഠനകേന്ദ്ര) വിദ്യാര്‍ത്ഥികള്‍ക്ക് 1948-ല്‍ ഇസ്രായേല്‍ രൂപീകരണം മുതല്‍ ഈ നിര്‍ബന്ധിത സേവനത്തില്‍ നിന്ന് ഒഴിവാക്കല്‍ ലഭിച്ചിരുന്നു. എന്നാല്‍, 2024-ല്‍ ഇസ്രായേല്‍ സുപ്രീം കോടതി ഈ ഇളവ് നിര്‍ത്തലാക്കാന്‍ ഉത്തരവിടുകയും യേഷിവ വിദ്യാര്‍ത്ഥികളെ സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്യാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഈ തീരുമാനം ഹരേദി സമുദായത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്.

2022 അവസാനത്തിലാണ് യുണൈറ്റഡ് തോറ ജുഡായിസം നെതന്യാഹുവിന്റെ സഖ്യത്തില്‍ ചേര്‍ന്നത്. അന്ന് യേഷിവ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കല്‍ ഉറപ്പാക്കുന്ന ഒരു നിയമം പാസാക്കുമെന്ന വാഗ്ദാനം ഒരു പ്രധാന ഉടമ്പടിയായിരുന്നു. എന്നാല്‍, പുതിയ സൈനിക റിക്രൂട്ട്മെന്റ് ബില്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി യുണൈറ്റഡ് തോറ ജുഡായിസം നേതാക്കള്‍ ആരോപിക്കുന്നു. ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ ഏഴ് അംഗങ്ങള്‍ ഗവണ്‍മെന്റില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

മറ്റൊരു അള്‍ട്രാ-ഓര്‍ത്തഡോക്സ് പാര്‍ട്ടിയും യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ സഖ്യകക്ഷിയുമായ ഷാസും സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷാസിന്റെ 11 സീറ്റുകള്‍ പിന്‍വലിച്ചാല്‍, നെതന്യാഹുവിന്റെ സഖ്യത്തിന്റെ ഭൂരിപക്ഷം പൂര്‍ണമായും ഇല്ലാതാകും. ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറും. അതോടെ നെതന്യാഹു സര്‍ക്കാര്‍ താഴെ വീഴും.

അതേസമയം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രി മിക്കി സോഹര്‍, യുണൈറ്റഡ് തോറ ജുഡായിസത്തെ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്, 'ദൈവം ഇച്ഛിച്ചാല്‍ എല്ലാം ശരിയാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ അവസാനം പാര്‍ലമെന്റ് വേനല്‍ക്കാല അവധിക്ക് പിരിയുന്നതിനാല്‍, നെതന്യാഹുവിന് പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് മാസത്തോളം സമയം ലഭിക്കുമെന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam