എങ്ങനെ മറക്കും വിഭാഗീയതയുടെ ആ ഇരുണ്ട കാലം...

JULY 21, 2025, 9:30 AM

സിപിഎമ്മില്‍ ഇന്ന് പിണറായി വിജയന് പകരക്കാരനായി, എതിര്‍ശബ്ദമായി ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് തന്നെ പറയാം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ കപ്പിത്താനാണ് പിണറായി. പാര്‍ട്ടിക്ക് ഒറ്റ ശബ്ദമാണെന്ന് സിപിഎം പറയുമ്പോഴും ആ ശബ്ദം പിണറായി വിജയന്റേത് മാത്രം ആണെന്നതാണ് യാഥാര്‍ത്ഥ്യം.

പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് എതിര്‍ശബ്ദങ്ങളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആശയപരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൊടുമ്പിരി കൊണ്ട കാലം. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് വിഎസ് അച്യുതാനന്ദനും കൊമ്പ് കോര്‍ത്ത കാലം. അന്ന് സിപിഎമ്മില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു- വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും.

കേരളത്തിന്റെ കണ്ണും കരളുമായ മനുഷ്യന്‍

സിപിഎമ്മിലെ വിഭാഗീയതയുടെ ചരിത്രം തുടങ്ങുന്നത് വിഎസ്-പിണറായി പോരില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇഎംഎസില്‍ നിന്നും ഇകെ നായനാരില്‍ നിന്നുമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിഎസിലേക്ക് എത്തുന്നത്. അന്ന് യുവനേതാവായിരുന്ന പിണറായി നിലകൊണ്ടത് വിഎസിനൊപ്പമായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി എത്തിയത് വിഎസ്സിന്റെ ആശിര്‍വാദത്തോടെയുമായിരുന്നു.

1998 ലെ പാലക്കാട് സമ്മേളത്തില്‍ വച്ചാണ് പിണറായി ആദ്യമായി പാര്‍ട്ടി സെക്രട്ടറിയായത്. അതിന് ശേഷമാണ് വിഎസ്സും പിണറായിയും തമ്മിലുളള വലിയ അകല്‍ച്ചയ്ക്ക് തുടക്കമായത്. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ പോകെപ്പോകെ കരുത്തനാവുകയും വിഎസിന് കരുത്ത് ശോഷിക്കുകയും ചെയ്യുന്ന കാഴ്ച രാഷ്ട്രീയ കേരളം കണ്ടു. പ്രായോഗിക രാഷ്ട്രീയം ആയിരുന്നു പിണറായി ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ നവലിബറല്‍ നയങ്ങളോട് വിഎസ് എന്നും കലഹിച്ചുകൊണ്ടിരുന്നു.

പാര്‍ട്ടിക്കുളളില്‍ പിണറായി പക്ഷക്കാരും വിഎസ് പക്ഷക്കാരും എന്ന പോലെ പാര്‍ട്ടി അണികളിലും ഈ ചേരിതിരിവ് അക്കാലത്ത് വളരെ പ്രകടമായിരുന്നു. പ്രാദേശിക ഘടകങ്ങളില്‍ പലപ്പോഴും ആ കലഹങ്ങള്‍ മൂര്‍ച്ഛിച്ചു. സിപിഎമ്മിലെ വിഭാഗീയ മാധ്യമങ്ങള്‍ക്ക് വിരുന്നായി മാറിയ കാലം. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായി വിഎസ് പലപ്പോഴും മറ്റ് നിലപാടുകളെടുത്തു, പൊതുമധ്യത്തില്‍ അത് തുറന്ന് പ്രഖ്യാപിക്കാനും വിഎസ് മടിച്ചില്ല.

2002, 2005, 2008ലെ കണ്ണൂര്‍, മലപ്പുറം, കോട്ടയം സിപിഎം സംസ്ഥാന സമ്മേളനങ്ങളെല്ലാം വിഎസ്-പിണറായി പക്ഷങ്ങളുടെ ഏറ്റുമുട്ടലിന്റെ പരസ്യ പ്രഖ്യാപന വേദികളായി. സംസ്ഥാന കമ്മിറ്റിയിലേക്കുളള മത്സരങ്ങള്‍ ഗ്രൂപ്പ് പോരുകളായി. 2002ല്‍ സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് പക്ഷത്തിന് ചെറിയ മുന്‍തൂക്കം കിട്ടിയെങ്കിലും പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു. 2005ല്‍ വിഎസ് പക്ഷത്ത് നിന്ന് മത്സരിച്ച 12 പേരും തോറ്റു. 2008ലും സംസ്ഥാന കമ്മിറ്റി പിണറായി പക്ഷത്തിന് തന്നെ.

2015 ലെ ആലപ്പുഴ സമ്മേളനത്തില്‍ നിന്നുമാണ് വിഎസ് ചരിത്രപരമായ ആ ഇറങ്ങിപ്പോക്ക് നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആ സമ്മേളനത്തില്‍ തനിക്കെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലും ചര്‍ച്ചയിലും പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പാര്‍ട്ടി സ്ഥാപക നേതാവായ വിഎസ് ഇല്ലാത്ത സംസ്ഥാന കമ്മിറ്റിക്ക് അന്ന് ആദ്യമായി സിപിഎം രൂപം കൊടുത്തു. സംസ്ഥാന നേതൃത്വം ഒപ്പമില്ലെങ്കിലും പൊളിറ്റ് ബ്യൂറോ പലപ്പോഴും വിഎസിനൊപ്പം നിന്നിരുന്നു. പാര്‍ട്ടി പ്രമേയത്തില്‍ നിന്നും പിബിയുടെ ഇടപെടല്‍ മൂലം വിഎസിന് എതിരായ കടുത്ത പരാമര്‍ശങ്ങള്‍ നീക്കപ്പെട്ടു.

2006 ല്‍ വിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാനുളള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ നടന്നിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം അണികളില്‍ നിന്ന് ഉയര്‍ന്നതോടെ പാര്‍ട്ടി വഴങ്ങി. 2008ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വിഎസും പിണറായിയും മത്സരിച്ചു. എന്നാല്‍ സംഘടന പിണറായിക്കൊപ്പം നിന്നു. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി സ്ഥാനത്ത് വിഎസും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായിയും ഇരുന്ന സമയം അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിലെ ശീതസമര കാലമായിരുന്നുവെന്ന് പറയാം. കര്‍ക്കശക്കാരനായ നേതാവായി പാര്‍ട്ടിയില്‍ പിണറായി പിടിമുറുക്കിയപ്പോള്‍ വിഎസ് ജനകീയനായ മുഖ്യമന്ത്രിയായി.

വിഎസിന്റെ ഭാഗത്തുനിന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പല പരസ്യനിലപാടുകളും ഉണ്ടായി. അബ്ദുള്‍ നാസര്‍ മദനി കേസുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ പരാമര്‍ശം അന്ന് വലിയ വിവാദമായിരുന്നു. പിബിയില്‍ വിഎസ് വലിയ വിമര്‍ശനം നേരിട്ടു. മാത്രമല്ല വിഎസിനുളള അഴിമതി വിരുദ്ധ പോരാളി പട്ടവും പിണറായിയുടെ ലാവലിന്‍ കേസും എല്ലാം പ്രശ്നങ്ങള്‍ ആളിക്കത്തിച്ചു. വിഎസ് പലപ്പോഴും പിണറായിക്കെതിരെ ഒളിയമ്പ് എയ്തു. ലാവ്‌ലിന്‍ കേസ് പിണറായിക്കെതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തും ആയുധമാക്കി. തരം കിട്ടുമ്പോള്‍ പിണറായിയും തിരിച്ചടിച്ചു. സ്മാര്‍ട്ട് സിറ്റി പ്രൊജക്ടിനെ വിഎസ് എതിര്‍ക്കുകയും പിണറായി അനുകൂലിക്കുകയും ചെയ്തോടെ ഇരു വിഭാഗവും തമ്മിലുളള ഭിന്നിപ്പ് രൂക്ഷമായി.

2008 ല്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തുടര്‍ച്ചയായ നിലപാടുകളുടേയും നീക്കങ്ങളുടേയും പേരില്‍ വിഎസ് പിബിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. പിന്നീട് 2015 ലാണ് വിഎസ് പിബിയിലേക്ക് തിരിച്ച് എത്തുന്നത്. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എതിരാളികളില്ലാതെയായി. വിഎസ് പക്ഷക്കാരായ നേതാക്കള്‍ നിശബ്ദരാവുകയോ പിണറായി പക്ഷത്തേക്ക് മാറുകയോ ചെയ്തു. വിഎസ് ആകട്ടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുകയും ചെയ്തതോടെ സിപിഎമ്മിന്റെ കേരളത്തിലെ വിഭാഗീയതയുടെ ചരിത്രത്തിന് തിരശ്ശീല വീഴുകയായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam