'കേരളത്തിലെ ജനാധിപത്യം' കാത്തുസൂക്ഷിക്കാൻ വേണം ഒരു കർക്കിടക ചികിത്സ!

JULY 23, 2025, 9:25 AM

കേരളത്തിൽ കർക്കിടകം പിറന്നുകഴിഞ്ഞു. ഈ നാളുകളിൽ ആരോഗ്യം പരിപാലിക്കാൻ ഉഴിച്ചിലും പിഴിച്ചിലും നടത്തുന്നവരുണ്ട്. പൊതുവേ കർക്കിടക ചികിത്സയെന്നാണ് ഇതിനു പറയുക. കേരളത്തിലെ ജനാധിപത്യം പരിപാലിക്കാനും നിലനിർത്താനും ഇത്തരമൊരു 'സുഖചികിത്സ' വേണ്ടിവരുമെന്നതാണ് നിലവിലെ രാഷ്ട്രീയ സ്ഥിതി. പറഞ്ഞുവരുന്നത് ഇപ്പോൾ വിവാദമായി മാറിയ വോട്ടർപട്ടികയെക്കുറിച്ചാണ്.

ബീഹാറിൽ ആധാർ കാർഡോ റേഷൻ കാർഡോ വോട്ടവകാശത്തിനുള്ള രേഖയല്ലെന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നിലപാട് ഇപ്പോൾത്തന്നെ കോടതിയിൽ ദേശീയ പ്രതിപക്ഷം ചോദ്യംചെയ്തുകഴിഞ്ഞു. ബീഹാറിലെ 30% പേരും അന്യ സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവരാണ്. വോട്ടവകാശം സ്ഥാപിച്ചുകിട്ടാനും വോട്ടുചെയ്യാനും ഈ പാവങ്ങൾ ബീഹാറിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണ്. അങ്ങനെവരുമ്പോൾ, ഭരണവിരുദ്ധ വോട്ടുകൾ പലതും നിഷ്‌ക്രിയമാകുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറും സഖ്യകക്ഷിയായ ബി.ജെ.പി.യും ചിന്തിക്കുന്നുണ്ട്.

കൊമ്പൻ പോയ വഴിയേ മോഴയും

vachakam
vachakam
vachakam

കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലും ഇത്തരമൊരു കള്ളക്കളി ഭരണകക്ഷി നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. 'സമ്മറി റിവിഷൻ' എന്ന ഓമനപ്പേരിൽ നടത്തിയ വോട്ടർ പട്ടികയുടെ ശുദ്ധീകരണംവഴി 9.78 ലക്ഷം വോട്ടുകൾ പട്ടികയിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. വാർഡ് വിഭജനത്തിനു പിന്നാലെ പുതിയ പോളിംഗ് സ്‌റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂൺ 30ന് തയ്യാറാക്കിയ വോട്ടർ പട്ടികയിൽ 2,66,78,256 പേരാണുള്ളത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പട്ടികയിൽ 2,76,56,579 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ നാലര വർഷത്തിനുശേഷം തയ്യാറാക്കിയ വോട്ടർ പട്ടികയിൽ വോട്ടർമാർ കൂടണമല്ലോ. പക്ഷെ, എന്തുകൊണ്ട് ഇത്തരമൊരു കുറവുണ്ടായെന്നുള്ള ഔദ്യോഗിക വിശദീകരണം 'സമ്മറി വിഷൻ' എന്ന ആംഗലേയ പദം മാത്രമാണെന്നതാണ് വിചിത്രം.

വോട്ടുചെയ്യാൻ കൂടുതൽ സൗകര്യം നൽകുകയെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബൂത്തുകൾ നിർണയിക്കാറുള്ളത്. എന്നാൽ ഇത്തവണ 1712 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 ബൂത്തുകൾ കുറയ്ക്കുവാനാണ് കമ്മീഷൻ തീരുമാനിച്ചത്. രണ്ടുവർഷത്തിനുള്ളിൽ നടത്തിയ സമ്മറി റിവിഷൻ വഴി വോട്ടർമാരെ വെട്ടിനിരത്തിയപ്പോൾ ബൂത്തുകൾ എന്തിന് നിർത്തലാക്കിയെന്ന് കമ്മീഷൻ വിശദമാക്കുന്നതേയില്ല. കമ്മീഷന്റെ പുതിയ നടപടിമൂലം ചില ബൂത്തുകളിൽ ആയിരത്തിലേറെ വോട്ടർമാരായി. 6443 ബൂത്തുകളിൽ ഇങ്ങനെ 1000ത്തിൽ ഏറെ വോട്ടർമാരുണ്ടെന്നും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ മൂന്നുതവണ വോട്ട് ചെയ്യേണ്ടതുകൊണ്ട്, പല ബൂത്തുകളിലും വോട്ടർമാർ കൂടുതൽ സമയം കാത്തുനിൽക്കേണ്ടിവരുമെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്.

ആകെ 30,750 ബൂത്തുകൾ ഉള്ളതിൽ 25,309 എണ്ണം പഞ്ചായത്തുകളിലും 5,450 എണ്ണം നഗരസഭകളിലുമാണുള്ളത്. വോട്ടർമാർക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താൻ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 6,500 ബൂത്തുകൾ കൂടുതലായി ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ബൂത്തുകളിലേക്കുള്ള ദൂരം 8 കിലോമീറ്റർ വരെയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നിർദേശങ്ങളെ ലംഘിക്കുന്നതുമാണ്.

vachakam
vachakam
vachakam

വോട്ടിൽ ഓട്ട, നേട്ടം ആർക്ക്?

വോട്ടർമാർ ഉത്സാഹത്തോടെ, അനായാസം വോട്ട് ചെയ്തുപോകണമെന്നതാണ് ഇലക്ഷൻ കമ്മീഷന്റെ നിലപാട്. എന്നാൽ കുറച്ച് കഷ്ടപ്പെട്ടാലേ, ഇഷ്ടപ്പെട്ടവർക്ക് വോട്ടുചെയ്യാനാകൂ എന്ന സ്ഥിതിയുണ്ടായാൽ, അതിന്റെ നേട്ടം ഇപ്പോഴും കറതീർന്ന കേഡർ പാർട്ടിയായ സി.പി.എം.ന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷം കരുതുന്നു. വോട്ടവകാശം ഉറപ്പാക്കാൻ 30 ദിവസമെങ്കിലും സമയം അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സംസ്ഥാന ഇലക്ഷൻ കമ്മീഷണർ നിരസിച്ചിരിക്കുകയാണ്. ഇന്ന് (ബുധൻ) പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 15 ദിവസങ്ങൾ മാത്രമേ (അവസാന തീയതി ഓഗസ്റ്റ് 7) കമ്മീഷൻ നൽകിയിട്ടുള്ളൂ.

ഇപ്പോഴുള്ളത് 1,034 തദ്ദേശ സ്ഥാപനങ്ങൾ. 2,66,78,256 വോട്ടർമാർ. 1,26,32,186 പുരുഷ വോട്ടർമാരും 1,40,45,837 സ്ത്രീ വോട്ടർമാരും. വോട്ട് ഒഴിവാക്കിയത് ഏറെ ലളിതമായ രീതിയിലാണെങ്കിലും പേര് ചേർക്കാൻ ഓൺലൈനിലും ഓഫ്‌ലൈനിലുമായി നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. 4,6,7 തുടങ്ങിയ ഫോമുകൾ പൂരിപ്പിക്കുക തുടങ്ങിയ 'കലാപരിപാടി'കൾക്കുശേഷം നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ.) സമർപ്പിക്കുന്ന പഞ്ചായത്തുകളിലും നഗരങ്ങളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇ.ആർ.ഒ.

vachakam
vachakam
vachakam

ഇവിടെയും ചില തരികിടകളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ രീതിയനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ പരിശോധിച്ച്, ഡെപ്യൂട്ടി കളക്ടർമാരാണ്. സംസ്ഥാനത്ത് ഇത്തരം ബി.എൽ.ഒ. സംവിധാനമില്ല. പകരം പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഈ ചുമതല നിറവേറ്റേണ്ടത്.

ഇൻചാർജുമാരുടെ ഭരണം ഇപ്പോഴത്തെ സർക്കാരിന് ഏറെ പ്രിയങ്കരമാണ്. വാഴ്‌സിറ്റികളിലെല്ലാം (ഒരെണ്ണമൊഴിച്ച്) ബാക്കിയെല്ലായിടത്തും 'ഇൻചാർജ്' ഭരണമാണ്. സ്‌കൂളുകൾ, സർക്കാർ കോളജുകൾ എന്നിടത്തെല്ലാം പ്രധാനാധ്യാപകരുടെ നിയമനം മെല്ലെപ്പോക്കിലാണ്. ഇനി ഇ.എൽ.ഒ. എന്ന ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് ജോലി നിർവഹിക്കേണ്ട പഞ്ചായത്ത് സെക്രട്ടറിമാരുടെയും മറ്റും എണ്ണം നോക്കൂ. 126 പഞ്ചായത്തുകളിൽ സെക്രട്ടറിപദം ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 86 എണ്ണവും യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇടതുഭരണമുള്ള 35 പഞ്ചായത്തുകളിലും ബി.ജെ.പി. ഭരിക്കുന്ന 3 പഞ്ചായത്തുകളിലും ട്വന്റിട്വന്റി ഭരണമുള്ള ഒരു പഞ്ചായത്തിലും സെക്രട്ടറിമാരില്ല. മലപ്പുറം ജില്ലയിൽ 24 പഞ്ചായത്തുകളിൽ സെക്രട്ടറിമാരില്ല. ഇതിൽ 22 യു.ഡി.എഫ്., 2 എൽ.ഡി.എഫ്. എന്നതാണ് കണക്ക്. ചുരുക്കത്തിൽ ഇ.എൽ.ഒ. എന്ന ഏറെ നിർണായകമായ തസ്തികയിലുള്ള ഇൻചാർജുമാർ ആരുടെ നിർദേശങ്ങളായിരിക്കും സ്വീകരിക്കുകയെന്നതിന് വിശദീകരണമേ ആവശ്യമില്ല.

ഓൺലൈൻ നല്ലതുതന്നെ, പക്ഷെ....

സർക്കാരിന്റെ ഓൺലൈൻ സംവിധാനങ്ങൾ റേഷൻ വിതരണത്തെ എത്രത്തോളം ജനങ്ങളെ കുഴപ്പത്തിലാക്കിയെന്നതിന് നിരവധി തെളിവുകളുണ്ട്. മുദ്രപ്പത്രങ്ങൾ വാങ്ങാൻപോലും ജനങ്ങൾ ക്യൂനിന്ന് കഷ്ടപ്പെടുന്നുണ്ട്. സർക്കാരിന്റെ പല കമ്പ്യൂട്ടർ ശൃംഖലകളും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ആരും പറയില്ല. ട്രഷറികളെല്ലാം ഓൺലൈനിലാണ് പ്രവർത്തിക്കുന്നതെങ്കിലും ജനങ്ങൾ പൂർണമായും 'കമ്പ്യൂട്ടർ ഫ്രണ്ട്‌ലി' ആയിട്ടില്ലെന്ന യാഥാർഥ്യം ഭരണകർത്താക്കൾ ഓർമിക്കേണ്ടതുണ്ട്.

വോട്ടർപട്ടികയുടെ പകർപ്പ് പ്രതിപക്ഷ കക്ഷികൾക്ക് യഥാസമയം നൽകാതെ, ഭരണകക്ഷിയുടെ ആളുകൾക്ക് ചോർത്തി നൽകിയെന്നുള്ള പ്രതിപക്ഷ പരാതിയുടെ നിജസ്ഥിതി നമുക്കറിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നത് ഭരണകക്ഷിയുടെ ജീവന്മരണ പോരാട്ടമായി മാറിയിരിക്കെ, എല്ലാ ജനാധിപത്യ കീഴ്‌വഴക്കങ്ങളും ഭരണപക്ഷം ലംഘിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന്റെ വാസ്തവസ്ഥിതി എന്താണെന്ന് ജനങ്ങളെ അറിയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാകണം.

'കർക്കിടകക്കൂര'പോലും കിട്ടാനില്ല

കേരളത്തിലെ ചില പ്രദേശങ്ങളിലെ തേങ്ങയ്ക്ക് എണ്ണയുല്പാദനക്ഷമത കൂടും. 'കുറ്റിയാടിതേങ്ങ', 'അശമന്നൂർ തേങ്ങ' എന്നിങ്ങനെ ഓരോ പ്രദേശങ്ങളുമായി ബന്ധപ്പെട്ട്, അവിടെനിന്നുള്ള തേങ്ങയ്ക്ക് വിപണിയിൽ പ്രിയമേറെയാണ്. ഈയിടെ കുറ്റിയാടിയിൽ തേങ്ങമോഷണത്തെ ചെറുക്കാൻ കർഷക കൂട്ടായ്മ രംഗത്തിറങ്ങിയെന്ന വാർത്ത പുതുമയായി. തേങ്ങാ കച്ചവടക്കാർ, ആരിൽനിന്നെങ്കിലും തേങ്ങ വാങ്ങുമ്പോൾ അവരുടെ പേരുവിവരവും പറമ്പ് വിവരവും രേഖപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. സ്‌കൂളുകളിൽ പോകുന്നതുപോലും ഒഴിവാക്കി കുട്ടികൾ പറമ്പിൽ വീഴുന്ന തേങ്ങ വാരി വിൽക്കാൻപോകുന്നുണ്ടത്രെ.

കേരളത്തിലെ കാർഷിക രംഗം സംബന്ധിച്ച രണ്ട് വാർത്തകൾകൂടി കേൾക്കാം. ഒന്നാമത്തേത് ഇന്ത്യയുടെ അരിയുല്പാദനം കൂടിയെന്നും, കേരളത്തിൽ കുറഞ്ഞുവെന്നുമാണ്. പാടം നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്ന ജനങ്ങളും ദേശീയപാതകൾ പണിയുന്ന ഭരണകൂടങ്ങളുംകൂടി കേരളത്തിന്റെ നെല്ലുല്പാദനത്തിന് പാരവയ്ക്കുകയാണുണ്ടായത്. അഞ്ചുവർഷത്തെ കണക്കനുസരിച്ച് കേരളത്തിന്റെ അരിയുല്പാദനം 6.34 ലക്ഷം ടണ്ണിൽനിന്ന് 5.28 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. രാജ്യത്താകെയുള്ള അരിയുല്പാദനം (2425ൽ) 1490.74 ലക്ഷം ടണ്ണായി വർധിച്ചിട്ടുണ്ട്.

രണ്ടാമത്തെ വാർത്ത കേരളത്തിലെ കർഷകരുടെ  രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ളതാണ്. കേന്ദ്രസർക്കാരിന്റെ കർഷക രജിസ്ട്രിയിൽ  20,37,332 പേർ കേരളത്തിൽനിന്ന് രജിസ്റ്റർ ചെയ്തവരാണ്. ഇവരിൽ 1,86,740 പേർക്കുമാത്രമേ തിരിച്ചറിയൽ രേഖ ലഭിച്ചിട്ടുള്ളൂ. ആധാറിലെ പേരും ഭൂരേഖയിലെ പേരും തമ്മിലുള്ള വ്യത്യാസമാണത്രേ കാരണം. കേന്ദ്രത്തിൽനിന്നുള്ള ആനുകൂല്യങ്ങൾ ഭാവിയിൽ ലഭിക്കാൻ ദേശീയ കർഷക രജിസ്ട്രിയിൽനിന്നുള്ള തിരിച്ചറിയൽ രേഖ അനിവാര്യമാണ്. പട്ടിണിയും പരിവട്ടവും കടക്കെണിയുമെല്ലാം ചേർന്ന് കേരളത്തിലെ കർഷകർക്ക് അവനവനെ തന്നെ  തിരിച്ചറിയാൻ കഴിയാതിരിക്കെ എന്ത് തിരിച്ചറിയൽ രേഖ അല്ലേ?

ആന്റണി ചടയംമുറി


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam