ധാരാളം സമുദായങ്ങളുള്ള ഒരു നാട്ടിൽ അവയ്ക്ക് ഒരോന്നിനും നേതാക്കൾ ഉണ്ടാവുക സ്വാഭാവികം. സ്വന്തം സമുദായത്തെ സംരക്ഷിക്കുക മാത്രമല്ല ഇതര സമുദായങ്ങളുമായി സൗഹാർദ്ദത്തിൽ പുലരുക എന്നതും പൊതുവേ അംഗീകരിക്കപ്പെടുന്ന സാമുദായിക മാന്യതയാണ്. രാഷ്ട്രീയ മാന്യത എന്നെല്ലാം പറയുംപോലെ. ഏതായാലും മാന്യത തന്നെയാണ് പ്രധാനം. സമുദായ സംരക്ഷകരായി നിലകൊള്ളുന്ന നേതാക്കൾ, സ്വസമുദായത്തെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കുന്ന അവതാരങ്ങളായി മറേണ്ടതുണ്ട്.
എങ്കിലേ അവർക്ക് അവിടെ നിലനിൽപ്പുള്ളൂ. സാമുദായിക സംവരണം മുതൽ ഭരണത്തിലെ സ്ഥാനമാനങ്ങളുടെ പങ്കുവെപ്പുവരെ നേരിട്ട് നിയന്ത്രിക്കേണ്ടത് അവരുടെ ചുമതലയാണ്. അക്കാര്യം അധികാര കേന്ദ്രങ്ങളിൽ സമയാസമയം അറിയിക്കുന്നുണ്ടെന്ന സന്ദേശം അണികളിൽ എത്തിക്കേണ്ടതും അവരുടെ ആവശ്യമാണ്. അതിന് വിദ്വേഷത്തിന്റെ ഇന്ധനം നിറച്ച വാക്കുകൾ അത്യാവശ്യമാണെന്ന് ചിലരെങ്കിലും കരുതുന്നു.
സാമുദായിക സ്‌നേഹത്തിന്റെ കരിമരുന്ന് നിറച്ച വെടിക്കോപ്പുകൾ കൈവശമുള്ളവരാണ് തങ്ങളെ നയിക്കുന്നതെന്ന് അണികൾക്കും തോന്നണം. അതിന് സമുദായ സ്‌നേഹം മാത്രം പോരാ, പരവിദ്വേഷം കൂടി ആവശ്യമാണ്. എന്നലേ ഉറങ്ങിക്കിടക്കുന്ന അംഗങ്ങൾ ഉണരുകയുള്ളൂ. പരവിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരം എപ്പോഴും ഉണ്ടെങ്കിലും അതിന് തിരഞ്ഞെടുക്കുന്ന സമയം പ്രധാനമാണ്. അത്തരം ഒരു ഘട്ടത്തിലാണ് ഇപ്പോൾ കേരളം.
വി.എസ് അന്നേ പറഞ്ഞു
നമ്മുടെ സമുദായ നേതാക്കളുടെ മനസ്സിലിരിപ്പ് ഏറ്റവും കൂടുതൽ തവണ തുറന്നുകാട്ടിയ സമുന്നതനായ സഖാവ് വി.എസ്. അച്യുതാനന്ദൻ മണ്ണിലലിയുന്ന ദിവസമാണ് ഈ കുറിപ്പ് എഴുതുന്നത്. തെരഞ്ഞെടുപ്പുകാല മുതലെടുപ്പുകൾ നടത്താൻ എൻ.എസ്.എസും എസ്.എൻ.ഡി.പിയും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും കാലാകാലങ്ങളിൽ നടത്തിയിട്ടുള്ള നീക്കങ്ങളെ ഏറ്റവും രൂക്ഷമായി ആക്രമിച്ചിട്ടുള്ള നേതാവാണ് വി.എസ്.
സമുദായ നേതാക്കളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അറിഞ്ഞും അറിയാതെയും നിറവേറ്റിക്കൊടുക്കാൻ കോൺഗ്രസിനെ പോലെ ഇടതുപക്ഷവും പിന്നിലായിരുന്നില്ല. എന്നാൽ കിട്ടിയ അവസരങ്ങളിലെല്ലാം മുഖം നോക്കാതെ വിമർശിക്കാനും അവരുടെ മുഖംമൂടി പിച്ചിച്ചീന്താനും ധീരത കാട്ടിയ ഒരു നേതവേ ഉണ്ടായിരുന്നുള്ളൂ, അത് വി.എസ് അല്ലാതെ മറ്റാരുമായിരുന്നില്ല.
വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും അബ്ദുൾ നാസർ മദനിയും ബിഷപ്പുമാരും പല സന്ദർഭങ്ങളിൽ വി.എസിന്റെ വിമർശന ശരമേറ്റ് പിടഞ്ഞിട്ടുണ്ട്. ചില ഘട്ടങ്ങളിൽ വി.എസിന്റെ ആക്രമണം അതിരുവിട്ടതു പോലെ നമുക്ക് തോന്നിയേക്കാം. എന്നാൽ അതിന്റെ ആകെത്തുക സാമുദായിക പ്രീണന രാഷ്ട്രീയത്തിന് എതിരെ തന്നെയായിരുന്നു. മത പ്രീണനം ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയായി കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു കലാരൂപമാണ്.
സമുദായ നേതാക്കൾക്ക് അവരുടെ ഭാഗം പറയാനും ന്യായീകരിക്കാനും നൽകിയിട്ടുള്ള അവകാശം ആരും നിഷേധിക്കുന്നില്ല. എന്നാൽ സവിശേഷമായ സാഹചര്യങ്ങളിൽ മാത്രം വിലപേശലിന്റെ ശബ്ദവുമായി അവർ രംഗത്ത് വരുമ്പോൾ അത് സ്വന്തം സമുദായത്തെ ഉന്നതിയിൽ എത്തിക്കാനുള്ള ശ്രമം മാത്രമായി മാറുന്നില്ല. പകരം വർഗീയ വിദ്വേഷം അന്തരീക്ഷത്തിൽ കലർത്തുന്ന പ്രയോഗങ്ങളായി മാറുകയാണ്. അത്തരം ഒന്നാണ് ഇക്കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനിലൂടെ പുറത്തുവന്നത്. ഇത്തരം നിലപാടുകൾക്ക് എതിരെ വി.എസ് നടത്തിയിട്ടുള്ള പ്രത്യാക്രമണങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ സാമുദായിക നേതാവും വെള്ളാപ്പള്ളി നടേശൻ തന്നെ.
ഒരുപക്ഷെ, ഈഴവ സമുദായ അംഗങ്ങൾക്ക് അവരുടെ സാമുദായിക അസ്തിത്വത്തിന് കരുത്തും ദിശാ ബോധവും നൽകാൻ മുൻകാല നേതാക്കളെക്കാൾ പരിശ്രമിച്ചിട്ടുള്ളയാൾ വെള്ളാപ്പള്ളി തന്നെയായിരിക്കും. കണക്കുകൾ നിരത്തി സമുദായത്തിന്റെ വിഹിതം ചോദിച്ചു വാങ്ങാൻ എക്കാലത്തും ഉത്സുകനായിരുന്നു അദ്ദേഹം. എന്നാൽ അതിനു വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളോ?
പറയുന്ന വാക്കുകൾ, നിലനിൽക്കുന്ന സാമുദായിക സൗഹാർദത്തിന്, അല്ലെങ്കിൽ ഉറങ്ങിക്കിടക്കുന്ന മതവിദ്വേഷത്തിന് ഏതുതരത്തിൽ പരുക്കും ഏതുതരത്തിൽ ഊർജ്ജവുമായി മാറും എന്ന് ചിന്തിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
ഇപ്പോൾ എന്തിന്, ആർക്കുവേണ്ടി?
നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി അല്പകാലമായി പറയുന്ന ഒരു കാര്യമുണ്ട്. യു.ഡി.എഫ് ഭരണത്തിൽ ലീഗും കേരള കോൺഗ്രസുമാണ് ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്ന സാമുദായിക ശക്തികൾ. ഭൂരിപക്ഷ സമുദായങ്ങൾ പൂർണ്ണ അവഗണനയിലാണ്. വെള്ളാപ്പള്ളി പൊതുസമൂഹത്തിന് നൽകുന്ന ഈ സന്ദേശം എത്രത്തോളം ശരിയാണെന്ന കാര്യം അവിടെ നിൽക്കട്ടെ. മുസ്ലിം സമുദായം എല്ലാം തട്ടിക്കൊണ്ടു പോവുകയാണെന്ന് വെള്ളാപ്പള്ളി പറയുമ്പോൾ അത് വഴി തുറക്കുന്ന സാമുദായിക ധ്രുവീകരണത്തിന്റെ ആഴം അദ്ദേഹം അറിയാത്തതണോ? തെരഞ്ഞെടുപ്പ് സമീപിച്ചിരിക്കെ ഇടതുപക്ഷത്തെ സഹായിക്കാനാണ് വിദ്വേഷ പരാമർശങ്ങൾ അഴിച്ചുവിടുന്നതെന്ന് ഒരു വിഭാഗം.
എന്നാൽ, താൻ ഒരു സമുദായത്തിനുമെതിരല്ല. പക്ഷേ സാമൂഹിക നീതിക്കുവേണ്ടി ഞാൻ പറയും. ഇന്നും പറയും, നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. അവര് 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്, അവരാണ് എന്നെ ജാതിക്കോമരമായി പറയുന്നത്.' വെള്ളാപ്പള്ളിയുടെ ഉറച്ച നിലപാട് ഇതായിരുന്നു.
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്ന പരാമർശമാണ് കേൾവിക്കാരെ ഹരം കൊള്ളിക്കാൻ ലക്ഷ്യമിട്ട് ഈഴവ സമുദായ നേതാവ് പറഞ്ഞത്. എന്നാൽ അത് നിഷ്‌കളങ്കമായി നടത്തിയ പരാമർശം അല്ലെന്ന് വെള്ളാപ്പള്ളി തന്നെ പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഇടതു സർക്കാരിലെ മന്ത്രിമാർ തന്നെ വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇതിന്റെ രാഷ്ട്രീയമാണ് കേരളം നോക്കി കാണുന്നത്. എസ്.എൻ.ഡി.പി സംരക്ഷണ സമിതി വർഗീയ പരാമർശനത്തിനെതിരെ പോലീസിൽ പരാതി നൽകിയതും ഗൗരവം വർദ്ധിപ്പിച്ചു.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, വോട്ട് ബാങ്ക് പ്രധാനമാണ്. ആദ്യം തദ്ദേശം, പിന്നാലെ നിയമസഭ. നിലം നേരത്തെ ഉഴുതുമറിക്കേണ്ടതുണ്ട്. വിതയ്ക്കാനും കൊയ്യാനും ഒരു സമയമുണ്ട് എന്ന മഹത് വചനം കേരള രാഷ്ട്രീയത്തിൽ ആവർത്തിക്കപ്പെടുകയാണ് ഇവിടെ. ഒരുപക്ഷെ, ഈ വർഗീയ വിത്തുകൾ എപ്പോൾ വിതയ്ക്കണമെന്ന് അറിയുന്നവർ നേടും. വിതച്ചവ മുളച്ചുപൊന്താൻ പരിപാകമായ അന്തരീക്ഷം ഒരുക്കേണ്ട ജോലി മാത്രം ബാക്കി.
വേണമെങ്കിൽ വർഗീയതയ്ക്ക് നന്നായി തഴച്ചു വളരാനുള്ള മണ്ണ് ഈ കൊച്ചു കേരളത്തിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ ആണ് ഒരു വർഗീയ പരാമർശം കൊണ്ട് വെള്ളാപ്പള്ളി നടേശൻ വിതച്ചത്. അതിന്റെ ഫലങ്ങൾ കൊയ്യുന്നത് ആരെല്ലാമാണെന്ന് കാണാൻ പടിവാതിൽക്കൽ രണ്ടു തെരഞ്ഞെടുപ്പുകൾ നമ്മളെ കാത്തുനിൽക്കുന്നു. ആരു കൊയ്യുമെന്ന് കാണാം!
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1