ഇന്ത്യയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇനി ചെലവ് കൂടും.
ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. താരിഫ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അമേരിക്ക മുഖവിലക്കെടുത്തില്ല. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ താരിഫ് ആയിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോലും റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നു എന്നും ട്രംപ് പറയുന്നു.
25 ശതമാനം താരിഫ് മാത്രമല്ല ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയിട്ടുള്ളത്. റഷ്യയുമായി ഇടപാട് തുടരുന്നതില്‍ അധിക പിഴയും ചുമത്തിയിട്ടുണ്ട്. ഇന്ത്യ അമേരിക്കയുടെ സൗഹൃദ രാജ്യമാണെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം വളരെ കുറവാണ് എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിന് കാരണം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളള്‍ക്ക് ഇന്ത്യ ചുമത്തുന്ന അമിത താരിഫ് ആണെന്നും ട്രംപ് പറയുന്നു.
മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന താരിഫും പണ ഇതര നിയന്ത്രണങ്ങളും ഇന്ത്യ ചുമത്തുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമ രൂപമായിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ത്യയ്ക്കെതിരെ 25 ശതമാനം താരിഫ് ചുമത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതേ നിരക്ക് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
വിയറ്റ്നാമിനും ഇന്തോനേഷ്യയ്ക്കും അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയ വേളയില്‍ ഇന്ത്യയ്ക്കും സമാനമായ താരിഫ് ആകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീടാണ് ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും 15 ശതമാനം താരിഫ് അമേരിക്ക പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയെയും ഈ ഗണത്തില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യമുയര്‍ന്നു. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ഇന്ത്യയും അമേരിക്കയും ഏറെ നാളായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ധാരണയായിരുന്നില്ല. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നികുതി ആകുമെന്നും അതിന് മുമ്പ് എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയുമായി കരാറിലെത്താന്‍ അവസരം നല്‍കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇതുവരെ കരാറിലെത്താത്ത സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ വിപണിയില്‍ അമേരിക്കക്ക് കൂടുതല്‍ അവസരം വേണം എന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ സംരംഭകരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാകുമിത്. റഷ്യയുമായി ഇടപാട് തുടരുന്നതിനെതിരെ ചുമത്തിയ ഉപരോധവും ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ്. ഇവയ്ക്ക് ഇനി അമേരിക്കയില്‍ ചെലവേറും. ഇത് മറ്റു രാജ്യങ്ങള്‍ക്ക് അവസരം കിട്ടാന്‍ കാരണമാകും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1