ജപ്പാനുമായും യൂറോപ്യന്‍ യൂണിയനുമായും വന്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനുമായി ഇതുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് വ്യക്തമാക്കുന്നു. കരാര്‍ യുഎസിലേക്ക് ജപ്പാന്റെ 55,000 കോടി ഡോളര്‍ നിക്ഷേപമെത്തിക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ പുതിയൊരു വ്യാപാര ഉടമ്പടിക്ക് കൂടി ഇപ്പോള്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഈ ആഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജപ്പാനുമായി ഉണ്ടാക്കിയ കരാറിന് സമാനമായാണ് പുതിയ കരാര്‍. യൂറോപ്യന്‍ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഈ ഉടമ്പടിയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.
യു.എസ്-യൂറോപ്യന്‍ യൂണിയന്‍ സഹകരണം
അറ്റ്‌ലാന്റിക് സമുദ്രത്തിന് ഇരുവശത്തുമുള്ള സാമ്പത്തിക ശക്തികള്‍ക്കിടയില്‍ നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും പുതിയൊരു സഹകരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നേരത്തെ ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം ജപ്പാനുമായി സമാനമായ ഒരു വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് ജപ്പാനില്‍ നിന്നുള്ള ചില ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നതായിരുന്നു. ഈ മാതൃക യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള ചര്‍ച്ചകളിലും യുഎസ് പിന്തുടരാനാണ് സാധ്യത.
ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാറുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, മറ്റ് വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കുകയും ഇത് യുഎസ് വിപണിയില്‍ യൂറോപ്യന്‍ ഉല്‍പന്നങ്ങളുടെ മത്സരക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. വിമാനം, തടി, ചില മരുന്നുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കും ഇളവുകള്‍ ലഭിച്ചേക്കാം. എന്നാല്‍ ഇവയ്ക്ക് താരിഫ് ബാധകമല്ലെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു. എന്നിരുന്നാലും, ഉരുക്കിന്റെ നിലവിലുള്ള 50% താരിഫ് കുറയ്ക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറാണെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജപ്പാന്‍ കരാറിലെ നേട്ടം
ജപ്പാനുമായുള്ള കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ജപ്പാനില്‍ വിപണി തുറന്നുകിട്ടും. ഈ ആഴ്ച ആദ്യം ട്രംപ് മുഴക്കിയ 25 ശതമാനം ഭീഷണി തീരുവയ്ക്ക് പകരം കരാര്‍ പ്രകാരം15 ശതമാനം പരസ്പര തീരുവ ചുമത്താനും ജപ്പാന്‍ സമ്മതിച്ചിട്ടുണ്ട്. കാറുകള്‍, ട്രക്കുകള്‍, അരി, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരത്തിനായി ജപ്പാന്‍ അവരുടെ രാജ്യം തുറന്നുതരും. ജപ്പാന്‍ അമേരിക്കയ്ക്ക് 15 ശതമാനം പരസ്പര തീരുവ ചുമത്തും. ജപ്പാനുമായി തങ്ങള്‍ മികച്ച ബന്ധം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
ജപ്പാന്‍ വാണിജ്യകരാറില്‍ യു.എസ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ആശങ്ക
ട്രംപിന്റെ ജപ്പാന്‍ വാണിജ്യ കരാറില്‍ ആശങ്കയുമായി യു.എസ് കാര്‍ നിര്‍മ്മാതാക്കള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജപ്പാനുമായുള്ള പുതിയ കരാറില്‍ ജപ്പാന്‍ വാഹനങ്ങള്‍ക്ക് 15% നിരക്കില്‍ ഇറക്കുമതി തീരുവ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് മുന്‍തൂക്കം നഷ്ടമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ കരാര്‍ ജപ്പാനില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കുറവ് തീരുവ ഈടാക്കുന്നതാണ്. അതില്‍ യു.എസില്‍ ഇല്ലാത്ത വാഹനങ്ങള്‍ പോലും ഉള്‍പ്പെടും എന്നാണ് American Automotive Policy Council പ്രസിഡന്റ് മാറ്റ് ബ്ലണ്ട് വ്യക്തമാക്കുന്നത്. അമേരിക്കന്‍ കമ്പിനികളും തൊഴിലാളികളും തീര്‍ച്ചയായും ഇത് കാരണം പിന്നിലാകും. അവര്‍ ഇപ്പോള്‍ ഉരുക്ക്, അലുമിനിയം എന്നിവക്ക് 50% വരെയും, മറ്റ് വാഹനഭാഗങ്ങള്‍ക്ക് 25% വരെയും തീരുവകള്‍ നേരിടുന്നുണ്ട്. ഇത് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുമെന്നും ജനറല്‍ മോട്ടോര്‍സ്, ഫോര്‍ഡ് എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ബ്ലണ്ട് പറയുന്നു.
ട്രംപ് ഈ കരാര്‍ ജൂലൈ 23 നാണ് പ്രഖ്യാപിച്ചത്. ഈ കരാര്‍ ആയിരക്കണക്കിന് ജോലികള്‍ സൃഷ്ടിക്കും, ജപ്പാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇത് പ്രകാരം 25% ആയിരുന്ന ഇറക്കുമതി തീരുവ 15% ആക്കും. ജപ്പാന്‍, പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം 550 ബില്ല്യണ്‍ ഡോളര്‍ അമേരിക്കന്‍ പദ്ധതികളില്‍ നിക്ഷേപിക്കും എന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ജപ്പാനിലേക്കുള്ള കയറ്റുമതി സൗകര്യപ്പെടുത്തും എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. ജപ്പാനില്‍ ഇപ്പോള്‍ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് നേരെ വരുന്ന റഗുലേറ്ററി തടസ്സങ്ങള്‍ നീക്കം ചെയ്യും എന്നും, ഡിട്രോയിറ്റ് നഗരത്തില്‍ നിന്നുള്ള കാറുകള്‍ നേരിട്ട് ജപ്പാനിലേക്കയക്കാന്‍ കഴിയുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ജപ്പാനില്‍ വിദേശ വാഹനങ്ങളുടെ വിപണി പങ്കാളിത്തം വെറും 6% മാത്രമാണെന്നും അവിടെ വിപണി പിടിക്കാന്‍ ഇതുകൊണ്ട് മാത്രം സാധിക്കില്ലെന്നും ബ്ലണ്ട് വ്യക്തമാക്കുന്നു. അത് വളരെ കഠിനമാണ്. യഥാര്‍ത്ഥത്തില്‍ വിപണി പിടിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ജപ്പാന്‍ മാത്രമല്ല, ബ്രിട്ടനും അവരുടെ ക്വോട്ടാ സംവിധാനങ്ങളിലൂടെ അമേരിക്കന്‍ വിപണിയില്‍ മികച്ച ആനുകൂല്യങ്ങള്‍ ആണ് നേടുന്നത്. ഈ കരാര്‍ ജപ്പാനെ മറ്റ് വിദേശ കമ്പിനികളേക്കാള്‍ കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഇവിടെ യു.എസി.ല്‍ നിര്‍മ്മിച്ചെങ്കിലും വിദേശ ഭാഗങ്ങള്‍ ഉപയോഗിക്കുന്ന വണ്ടികളേക്കാളും മുന്നിലാണ് ജപ്പാന്‍ നിര്‍മ്മാതാക്കള്‍. ഇത് ഒരു പുതിയ ട്രെന്‍ഡിന്റെ തുടക്കമായേക്കാം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം താരീഫുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു കരാറിലേക്ക് എത്തിചേരുന്നതിന് ഇനിയും സാധിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് ട്രംപിന്റെ താരിഫ് സമയപരിധി അവസാനിക്കാനിരിക്കെ ഒരു ഇടക്കാല വ്യാപാര കരാറിലേക്ക് നീങ്ങുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് സൂചന.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1