സാമൂഹിക ദുരന്തത്തിന്റെ സൂചകമാകാറുണ്ട് ചിലപ്പോഴൊക്കെ പ്രകൃതി ദുരന്തമെന്നു രേഖപ്പെടുത്തി ജിം വാലിസ്. സമാധാനത്തിന്റെയും സാമൂഹിക നീതിയുടെയും വിഷയങ്ങളിൽ പ്രഖ്യാതനായ തന്റെ ഈ നിരീക്ഷണത്തിന് അടിവരയിട്ടുകൊണ്ട് ദൈവശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹം തുടർന്നു പറഞ്ഞതിങ്ങനെ: ചുഴലിക്കാറ്റ് അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള ഒരു സ്വാഭാവിക പ്രകൃതി ദുരന്തം സംഭവിക്കുമ്പോൾ, മറഞ്ഞിരിക്കുന്നതോ അവഗണിക്കപ്പെട്ടതോ ആയ അടിസ്ഥാന സാമൂഹിക പ്രശ്‌നങ്ങളും അസമത്വങ്ങളും പിന്നാലെ തുറന്നുകാട്ടപ്പെടാറുണ്ട്.
ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിവേചനം അല്ലെങ്കിൽ ഭരണത്തിലെ പരാജയങ്ങൾ എന്നിവ ഈ പ്രശ്‌നങ്ങളിൽ ഉൾപ്പെടാമെന്നും ചൂണ്ടിക്കാട്ടി ജിം വാലിസ്. 'അതേസമയം, ഒരു ഉത്തേജകമായി പ്രവർത്തിക്കാനാകും ഇത്തരം സംഭവ വികാസങ്ങൾക്കെന്ന ഗുണഫലവുമുണ്ടാകാം. ഈ ബലഹീനതകളെ ഉയർത്തിക്കാട്ടാനും ദുരന്തഭൂമിയെ വലയം ചെയ്തിട്ടുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ യഥാർത്ഥ വ്യാപ്തി വെളിപ്പെടാനും കളമൊരുങ്ങാം.' ജീവിതത്തിന്റെ സമൃദ്ധസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന വയനാട്ടിലെ ഒരു ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിലെ ജീവസാന്നിദ്ധ്യമാകെ തുടച്ചെടുത്ത ഉരുൾപൊട്ടലിന് ഒരാണ്ട് തികഞ്ഞപ്പോൾ കാലിക പ്രസക്തിയേറുന്നു ജിം വാലിസിന്റെ വാക്കുകൾക്ക്.
'ഇരകളെ ചേർത്തുനിർത്തും'... പ്രകൃതി ദുരന്തങ്ങൾക്കു പിന്നാലെ അന്തരീക്ഷത്തിൽ അലയടിക്കുന്ന ഈ പല്ലവിയുടെ നാനാർത്ഥങ്ങൾ തേടുകയാണിപ്പോൾ കേരളം. ഒരു വർഷം മുമ്പ്, ഒരു ദിവസം പുലരുമ്പോഴാണ് പുഞ്ചിരിമട്ടവും, മുണ്ടക്കൈയും, ചൂരൽമലയും, അട്ടാമലയും, ആറാമലയുമൊക്കെ ഭൂപടത്തിലെങ്ങുമില്ലാത്ത സ്വപ്‌നഗ്രാമങ്ങൾ മാത്രമായിത്തീർന്നത്. 298 മനുഷ്യജീവനുകൾക്കു മീതെ പാറകളും മണ്ണും ചെളിയും വെള്ളവുമൊക്കെച്ചേർന്ന് വലിയൊരു മൃതിമൈതാനം തീർത്തു.
ഉരുൾജലം ഗ്രാമത്തെ രണ്ടായി പകുത്തതിനു പിന്നാലെ കുഴഞ്ഞു പുതയുന്ന മണ്ണിലൂടെ, മരണഭൂമിയിൽ ബാക്കിയായ മനുഷ്യർ നിലവിളിച്ചും കാണാതായവരുടെ പേരുകൾ വിളിച്ചും കരച്ചിലോടെ തിരഞ്ഞുകൊണ്ടിരുന്നു. എന്നാൽ, ദുരന്തങ്ങൾ വിലാപങ്ങളുടേതു മാത്രമല്ല, വാശിയോടെയുള്ള തിരിച്ചുവരവിന്റേതു കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പുനരധിവാസ ദൗത്യത്തിന്റെയും മാസങ്ങളായിരുന്നു പിന്നാലെ ദൃശ്യമായത്.
അഗ്‌നിരക്ഷാ സൈനികരും പൊലീസും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ദുരന്ത പ്രതികരണ സേനയും മുതൽ ഇന്ത്യൻ സൈനികരും അർദ്ധസേനാ വിഭാഗങ്ങളും രാജ്യമെമ്പാടും നിന്നുള്ള സന്നദ്ധപ്രവർത്തകരും സുമനസുകളായ പൊതുജനങ്ങളും വരെ കൈകോർത്തു നടത്തിയ രക്ഷാദൗത്യത്തിന്റെ വൈപുല്യം ഇന്ത്യയിൽ മറ്റെവിടെയും ഏതു ദുരന്തമുഖത്തും നടന്ന രക്ഷാപ്രവർത്തനങ്ങളെ മറികടക്കുന്നതായിരുന്നു. മനുഷ്യജീവനെന്നല്ലാതെ മറ്റൊരു ചിന്തയും ആരുടെയും മനസിലുണ്ടായിരുന്നില്ല.
ഉരുൾപൊട്ടൽ ബാക്കിവച്ചവരെയും, മണ്ണിൽ നിന്ന് വീണ്ടെടുത്തവരെയും ആശുപത്രികളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുന്നതിനും, ആശ്വാസകേന്ദ്രങ്ങളിൽ നിന്ന് പിന്നീട് അവരെ താത്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ അതിന്റെ എല്ലാ ഔദ്യോഗിക സംവിധനങ്ങളെയും സജ്ജമാക്കി രംഗത്തിറക്കി. ഉരുൾ പകുത്ത ഗ്രാമത്തെ കൂട്ടിയോജിപ്പിച്ച് സൈന്യം പണിത ബെയ്‌ലി പാലത്തിലൂടെ കേരളമെമ്പാടും നിന്ന് സഹായങ്ങൾ മലമുകളിലേക്ക് എത്തി. പ്രകൃതിദുരന്തം കശക്കിയെറിഞ്ഞ ഗ്രാമങ്ങളിൽ ജീവിതത്തിന്റെ പുതിയ ചിത്രം വരച്ചെടുക്കുകയെന്ന മഹാദൗത്യമായിരുന്നു, പിന്നെ. പഠനം തടസപ്പെട്ട കുട്ടികൾക്ക് താത്കാലിക ക്‌ളാസ് മുറികൾ, പുതിയ സ്‌കൂൾ കെട്ടിടങ്ങൾ, ആശുപത്രി, ജീവനോപാധികൾ നഷ്ടമായവർക്ക് സാമ്പത്തിക സഹായം, ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സഹായധനം, കാർഷികവിളകൾ നശിച്ചുപോയവർക്ക് അർഹമായ നഷ്ടപരിഹാരം, വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മറേണ്ടിവന്നവർക്ക് പ്രതിമാസ സഹായം, അതിനൊപ്പം പുതിയ ടൗൺഷിപ്പിനായുള്ള നടപടി, ഏറ്റെടുക്കാൻ ഉദ്ദേശിച്ച സ്ഥലവുമായി ബന്ധപ്പെട്ട് അതിന്റെ ഉടമകൾക്കെതിരെ വേണ്ടിവന്ന നിയമ പോരാട്ടങ്ങൾ, പ്രത്യേക പാക്കേജിനായുള്ള അപേക്ഷയോട് കേന്ദ്രം കാട്ടിയ നിസംഗത, സമാന സന്ദർഭങ്ങളിൽ ഇതരസംസ്ഥാനങ്ങൾക്ക് നൽകാറുള്ള സഹായം പോലും അനുവദിച്ചില്ലെന്ന പരാതി... ഇത്തരം വാർത്തകൾ കേരളം സമ്മിശ്രവികാരങ്ങളോടെ കേട്ടുനിന്നു.
സർവവും നഷ്ടപ്പെട്ട ജനതയുടെ അതിജീവനത്തിന് പ്രതീക്ഷയേകുന്ന പച്ചപ്പുകൾ മുളയ്ക്കുന്നുവെന്നത് ആശ്വാസകരം. എന്നാൽ അത് ഒച്ചിഴയും വേഗത്തിലാണെന്നത് ആകുലപ്പെടുത്തുന്നതുമാണ്. നിസ്സഹായതയുടെ നിശബ്ദതയാണ് ഈ ഗ്രാമങ്ങളിലിപ്പോൾ. കൈപിടിച്ചുയർത്താനെത്തിയ കരങ്ങളുടെ കരുത്ത് ചോർന്നിട്ടില്ല. ഇനിയും കരുതലേകാൻ ജനത ഒപ്പമുണ്ട്. എന്നാൽ സമയബന്ധിതമായി കണ്ണീരൊപ്പാൻ ഭരണകൂടത്തിനായില്ലെന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് ദുരന്തഭൂമിയിൽനിന്നു കേൾക്കുന്ന വാർത്തകൾ. സർവവും നഷ്ടപ്പെട്ടവർക്ക് അന്തിയുറങ്ങാനുള്ള വീട് എത്രയും പെട്ടെന്ന് ഉറപ്പുവരുത്തുക ഭരിക്കുന്ന സർക്കാരിന്റെ ബാധ്യത മാത്രമല്ല, കടമകൂടിയാണ്. വീടിനായിരുന്നു മുഖ്യപരിഗണന സർക്കാർ നൽകിയതും. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും അർഹപ്പെട്ട ഒരാൾക്കുപോലും വീട് നൽകാൻ സർക്കാരിനായിട്ടില്ല.
കഷ്ടമീ ജീവിതം
സർക്കാർ പദ്ധതികളിൽ പലതും പാതിവഴിപോലും എത്തിയിട്ടില്ല. പുനരധിവാസം പൂർത്തിയാകുംവരെ വീട്ടുവാടക സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. മാസങ്ങൾ പിന്നിടവേ വാടക ലഭിക്കുന്ന കുടുംബങ്ങളിൽ കുറവ് വരുത്തി. ഇപ്പോൾ 535 കുടുംബങ്ങൾക്കായി ചുരുക്കി. ഉപജീവന സഹായത്തിന്റെ ഏഴാം ഗഡു വരെ നൽകിയത് 1123 പേർക്കാണ്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എൽസ്റ്റൺ എസ്‌റ്റേറ്റിൽ നടപ്പാക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ മാതൃകാ വീട് 70 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.
ടൗൺഷിപ്പിന്റെ നിർമാണപ്രവൃത്തി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിലെ 49.5 ഹെക്ടറിലാണ് നടക്കുന്നത്. അഞ്ചു സോണുകളിലായി ഏഴ് സെന്റ് വീതമുള്ള സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ 410 വീടുകൾ നിർമിക്കാനാണ് പദ്ധതി. 140 വീടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പണി ആരംഭിച്ചുവെങ്കിലും മാതൃകാവീടിന്റെ പണിപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഭൂമി സംബന്ധിച്ചുള്ള കോടതി തർക്കവും സർക്കാർ കാര്യം മുറപോലെ എന്ന ആപ്തവാക്യവുമെല്ലാം ദുരന്തബാധിതരെയും ബാധിച്ചു. വീടുമാത്രമല്ല, ഇവർക്കു വേണ്ടത്. ഉപജീവനമാർഗം എങ്ങനെ എന്നത് വലിയ ചോദ്യചിഹ്നമാണ്. അതിന് പരിഹാരം കാണണമെങ്കിൽ ആദ്യം പൂവണിയേണ്ടത് വീടെന്ന സ്വപ്‌നം തന്നെ. ഇനിയും അതു വൈകുന്നപക്ഷം ദുരന്തരാത്രിയിൽ ജീവൻ മാത്രം തിരിച്ചുകിട്ടിയവരുടെ കണ്ണീർ പ്രവാഹം അടങ്ങില്ല. കൃഷി ചെയ്തു ജീവിതം നയിച്ചവർ, കച്ചവടക്കാർ, കെട്ടിട ഉടമകൾ, സ്വയം തൊഴിലെടുത്തിരുന്നവർ... ഇങ്ങനെ ഒരുപാട് പേർ ഉരുൾദുരന്തമേഖലയിൽ ജീവിച്ചിരുന്നു. ഇവരൊക്കെ ഇന്ന് വാടകവീട്ടിൽ കഷ്ടജീവിതം നയിക്കുകയാണ്.
കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അടക്കമുള്ളവരാണ് സംസ്ഥാന സർക്കാരിന് പുനരധിവാസത്തിന് കരുത്തേകിയത്. ഇതോടെ അതിവേഗം പുനരധിവാസം ലക്ഷ്യത്തിലെത്തുമെന്ന് അതിജീവിതരും പ്രത്യാശിച്ചു. സർക്കാരും സന്നദ്ധ സംഘടനകളും ഒന്നിച്ചെന്ന പ്രഖ്യാപനംകൂടി വന്നതോടെ ആശയേറി. പക്ഷേ, സർക്കാരിന്റെ സ്ഥലമെടുപ്പ് വൈകിയതോടെ പല സന്നദ്ധ സംഘടനകളും സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമാണം ആരംഭിച്ചു. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിയമപ്രശ്‌നങ്ങൾ സങ്കീർണമായതോടെ ഭൂമിയേറ്റെടുക്കൽ തന്നെ അനന്തമായി നീണ്ടു. ഒടുവിൽ നിയമപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് ഇക്കഴിഞ്ഞ മാർച്ച് 26നാണ് തറക്കല്ലിട്ടത്.
കേന്ദ്രസർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്തപ്രതികരണ നിധിയിൽനിന്ന് മുൻകൂർ ഗ്രാൻഡ് അനുവദിച്ചപ്പോൾ അപ്രയോഗിക ഉപാധികളോടെ വയനാടിന് കേന്ദ്രം അനുവദിച്ചത് 529.50 കോടി രൂപ വായ്പയായിട്ടായിരുന്നു. കേരളം പ്രതീക്ഷിച്ചതാകട്ടെ 2000 കോടിയുടെ പ്രത്യേക പക്കേജ്. നിങ്ങളൊറ്റയ്ക്കല്ലെന്നും ഞങ്ങൾ ഒപ്പമുണ്ടെന്നും പറയാതെ പറഞ്ഞായിരുന്നു മനുഷ്യർ ദുരന്തമുഖത്ത് സ്‌നേഹം ചൊരിഞ്ഞത്. ദുരന്തത്തിൽ ജീവൻ അവശേഷിച്ചവരെ ശിഷ്ടജീവിതത്തിന്റെ സജീവതയിലേക്ക് തിരികെ കൊണ്ടുവരാൻ ഇനിയുമായില്ലെങ്കിൽ സഹജീവികളോട് ചെയ്യുന്ന ക്രൂരതയാകും അത്, ഞങ്ങൾ ആരെയും സഹായിക്കുകയില്ലെന്ന് ഒരു സർക്കാർ ഉറക്കെ വിളിച്ചുപറയുന്നതുപോലെ. വീട് വെക്കാൻ നിരവധി നല്ല വ്യക്തികളും സംഘടനകളും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല.
അവർക്ക് താത്കാലികമായ ആശ്വാസങ്ങൾ നൽകി എന്നത് മറക്കുന്നുമില്ല. കേവല കക്ഷി രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം ആ മനുഷ്യർക്ക് നീതി ലഭ്യമാക്കാൻ കഴിയാതിരുന്നതെന്തുകൊണ്ട് എന്ന് എല്ലാവരും ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. സ്ഥലം ലഭ്യമായിരുന്നെങ്കിൽ പലരുടെയും സഹായത്തോടെ അവരൊക്കെ സ്വന്തമായി വീട് വെക്കുമായിരുന്നില്ലേ? ഒരു സ്ഥാപനം തന്നെ എല്ലാ വീടുകളും നിർമിക്കണമെന്ന് സർക്കാർ വാശി പിടിക്കേണ്ടതുണ്ടായിരുന്നോ? സ്ഥലം ലഭ്യമാക്കാൻ ഇത്ര കാലതാമസം ഉണ്ടായത് എന്തുകൊണ്ട്? സമാശ്വാസമേകാൻ കാട്ടിയ ജാഗ്രത പുനരധിവാസത്തിൽ ഉണ്ടായില്ലെന്നത് സത്യം.
മാറ്റം അനിവാര്യം
ഉരുൾപൊട്ടൽ ദുരന്തം കേരളത്തിന് വലിയ ഒരുവിപത്തിന്റെ ഓർമപ്പെടുത്തലാണ്. കാലാവസ്ഥാ മാറ്റവും അനുബന്ധമായുണ്ടാകുന്ന തീവ്രമഴയും ഇന്ന് ആർക്കും നിഷേധിക്കാനാകാത്ത സത്യങ്ങളാണ്. ആഗോളതാപനത്തിന്റെ പരിണതിയിൽ കേരളത്തിലെ കാലാവസ്ഥാവ്യതിയാനം വെല്ലുവിളി നേരിടുമ്പോഴുണ്ടായ ദുരന്തം പരിസ്ഥിതി സംബന്ധിച്ച ശീലങ്ങൾക്കുള്ള പൊളിച്ചെഴുത്തും ആവശ്യപ്പെടുന്നു. അതിനുതകുന്നതരത്തിലുള്ള ഇടപെടലുകൾ നടത്താൻ സർക്കാരിനയോ എന്നത് ഈ വേളയിൽ പരിശോധിക്കേണ്ടിയിരിക്കുന്നു.
ദുരന്തത്തിൽ നിന്ന് കേരളം എന്ത് പാഠങ്ങൾ പഠിച്ചു എന്നത് വ്യക്തമല്ല. ഏറെ പ്രതീക്ഷയോടെ നിർമിച്ച് കൊണ്ടിരിക്കുന്ന ദേശീയ പാത തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി വലിയ നാശം നേരിട്ടുകൊണ്ടിരിക്കുന്നു. 16 ഇടങ്ങളിൽ പാതയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ സമ്മതിച്ചു. അതിതീവ്രമഴ ഇനിയും ഉണ്ടായാൽ മറ്റു പലയിടങ്ങളിലും ഇതുപോലെ വിനാശമുണ്ടാകാനുള്ള സാധ്യത നിലനിൽക്കവേ, അതിന്റെ നിർമാണ രീതികൾ ചോദ്യം ചെയ്യപ്പെടുന്നു.
കേരളത്തിന് കാലാവസ്ഥാ മാറ്റത്തെ നേരിടാൻ തക്ക ശേഷിയില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. 2018 ലെ മഹാപ്രളയത്തിനു ശേഷം കേന്ദ്ര സർക്കാരും യു എന്നും എ.ഡി. ബിയും ലോക ബാങ്കും ചേർന്ന് നടത്തിയ വിശദമായ പഠന റിപ്പോർട്ട് ഉണ്ട്. പി.ഡി.എൻ.എ (പോസ്റ്റ് ഡിസ്സാസ്റ്റർ നീഡ്‌സ് അനാലിസിസ് അഥവാ ദുരന്താനന്തര ആവശ്യങ്ങളെ സംബന്ധിച്ചുള്ള വിശകലന) റിപ്പോർട്ട് സർക്കാർ തന്നെ പുറത്തിറക്കിയതാണ്. ഇതുപോലെ മറ്റു നിരവധി പഠനങ്ങൾ നടന്നു. ലോകത്തെവിടെയും ദുരന്തങ്ങൾ സംഭവിച്ചാൽ മേൽ നടപടികൾ സംബന്ധിച്ച് ഇത്തരം പഠനങ്ങൾ നടത്താറുണ്ട്. നേപ്പാൾ ഭൂചലനം, ശ്രീലങ്കയിലെ ദുരന്തം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. കേരള സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ഇത് സർക്കാർ രേഖയാണ്.
മുൻകരുതലുകൾ സംബന്ധിച്ച പി.ഡി.എൻ.എ റിപ്പോർട്ട് പ്രകാരം ഇടുക്കിയും വയനാടും പാരിസ്ഥിതികമായി ഏറെ ദുർബല പ്രദേശമാണ്. പ്രളയവും ഉരുൾപൊട്ടലുകളും ഉണ്ടാകുന്നത് തടയാൻ ഭൂവിനിയോഗ രീതികളിൽ കാതലായ മാറ്റങ്ങൾ അനിവാര്യം. വനഭൂമി മാത്രമല്ല നെൽവയലുകളും തണ്ണീർത്തടങ്ങളും മാറ്റാൻ പാടില്ല. ഒരോ തദ്ദേശ സ്ഥാപനങ്ങളും സ്വന്തം പ്രദേശത്തെ ഭൂമി ദുരന്ത സാധ്യതയും പാരിസ്ഥിതിക ദൗർബല്യങ്ങളും അനുസരിച്ച് മേഖലകളാക്കി തിരിക്കണം. പാരിസ്ഥിതിക ദുർബലം എന്ന് ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാണിച്ച ഇടങ്ങളിൽ തന്നെയാണ് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് എന്ന വസ്തുത നിഷേധിക്കാനാവില്ല.
നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ മേഖലകളിൽ പരിസ്ഥിതി സൗഹൃദ സാമഗ്രികളും നിർമാണ രീതിയും ഉപയോഗിക്കണം. ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓടും സിമന്റും ഇടുന്നത് കുറയ്ക്കണം. പുതിയ കേരളം ഹരിത കേരളമായിരിക്കണം. ഒരു സുസ്ഥിര കെട്ടിട നിർമാണ മാർഗ നിർേദശം (ഗ്രീൻ ബിൽഡിംഗ് കോഡ്) ഉണ്ടാകണം.
എല്ലാ മേഖലകളിലും എല്ലാ കെട്ടിടങ്ങൾക്കും മലിനജല സംസ്‌കരണ സംവിധാനം ഉണ്ടായിരിക്കണം. മലിനജലം സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുകയോ ഭൂമിയിലേക്ക് റീചാർജ് ചെയ്യുകയോ വേണം. ജല മനേജ്‌മെന്റിനുള്ള സംവിധാനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപ്പാക്കണം. വളരെ ഉയർന്ന പ്രദേശത്തുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കണം. ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടിപ്രദേശം സംരക്ഷിക്കണം. നദികളുടെ ഒഴുക്ക് തിരിച്ചുവിടാൻ പാടില്ല.
ഖനനം, വ്യവസായങ്ങൾ, വൈദ്യുത പദ്ധതികൾ, റോഡുകൾ മുതലായവയുടെ നിർമാണങ്ങൾ സംബന്ധിച്ചും കർശനമായ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. പക്ഷേ ഇതിൽ പറയുന്ന നിർദേശങ്ങൾ പാലിക്കാൻ ശ്രമം നടക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. വികസനത്തിന്റെ സമ്മർദങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നു. വികസനത്തേക്കാൾ മുൻഗണന സുരക്ഷയ്ക്കായിരിക്കണമെന്നത് മറന്നാൽ ദുരന്തമുഖങ്ങൾ വീണ്ടും തുറന്നുവരുമെന്ന കാര്യമാകട്ടെ അറിയേണ്ടവർ അറിയുന്നില്ല.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1