ഓഗസ്റ്റ് രണ്ടിന് ലോകം അപൂര്‍വ്വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്. ഈ ദിവസം പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നുവെന്നും ചില രാജ്യങ്ങള്‍ പകല്‍ മുഴുവന്‍ ഇരുട്ടിലാകും എന്ന തരത്തിലുമാണ് പ്രചരണം. എന്നാല്‍ ഇത് തികച്ചും തെറ്റായ പ്രചരണമാണെന്ന് ശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് രണ്ടിന് പൂര്‍ണ്ണമായോ ഭാഗികമായോ സൂര്യഗ്രഹണം ഉണ്ടാകില്ലെന്ന് നാസയും മറ്റ് നിരീക്ഷണാലയങ്ങളും വ്യക്തമാക്കുന്നു.
യഥാര്‍ത്ഥത്തില്‍ 2027 ഓഗസ്റ്റ് രണ്ടിന് പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നുണ്ട്. ഇതാണ് ഈ വര്‍ഷം സൂര്യഗ്രഹണം എന്ന രീതിയില്‍ പ്രചരിക്കുന്നത്. 'ഗ്രേറ്റ് നോര്‍ത്ത് ആഫ്രിക്കന്‍ എക്ലിപ്‌സ്' എന്ന് വിളിക്കപ്പെടുന്ന 2027 ല്‍ വരാനിരിക്കുന്ന ഈ സമ്പൂര്‍ണ സൂര്യഗ്രഹണം ഏകദേശം ആറ് മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ഈ ഗ്രഹണം ദൃശ്യമാകുക. മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഉച്ചനേരത്ത് തന്നെ സമ്പൂര്‍ണ അന്ധകാരം അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ സമ്പൂര്‍ണ ഗ്രഹണം ദൃശ്യമല്ലെങ്കിലും, ആ സമയത്ത് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.
അന്തരീക്ഷ ഗവേഷണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന കോസ്മിക് ഊര്‍ജം പഠിക്കാന്‍ ഗ്രഹണ സമയം സഹായകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഗ്രഹണ സമയത്ത് പുറപ്പെടുന്ന ഊര്‍ജം പഠിക്കുന്നത് താരതമ്യേന എളുപ്പമാണെന്നും അവര്‍ കരുതുന്നു. സൂര്യഗ്രഹണം അതിശയകരമായ ഒരു പ്രതിഭാസമാണ്. പകലിനെ രാത്രിയാക്കി മാറ്റുന്ന ഈ സംഭവം, കുറച്ച് നിമിഷങ്ങളോളം ലോകം ഇരുട്ടിലായത് പോലെ തോന്നിപ്പിക്കും. അതായത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുമ്പോള്‍, പകല്‍ സമയത്ത് ഇരുട്ട് പരക്കുന്നു.
ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വന്ന് സൂര്യന്റെ ഉപരിതലത്തില്‍ തന്റെ നിഴല്‍ വീഴ്ത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്‍ ചന്ദ്രന്റെ നിഴലില്‍ ദൃശ്യമാകും. പലര്‍ക്കും ജീവിതത്തില്‍ ആദ്യമായി കാണുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഇത്രയും ദൈര്‍ഘ്യമേറിയ മറ്റൊരു സമ്പൂര്‍ണ സൂര്യഗ്രഹണം 2114-ല്‍ മാത്രമേ സംഭവിക്കാനിടയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗ്രഹണം അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ ആരംഭിച്ച്, ദക്ഷിണ സ്പെയിനിലൂടെയും ജിബ്രാള്‍ട്ടറിലൂടെയും വടക്കേ ആഫ്രിക്കയിലേക്ക് നീങ്ങും. മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ ഗ്രഹണ പാത, തുടര്‍ന്ന് ചെങ്കടല്‍ വഴി സൗദി അറേബ്യ, യമന്‍, സൊമാലിയയിലെ ചില പ്രദേശങ്ങളിലേക്ക് നീങ്ങും. ഈജിപ്തിലെ ലക്‌സറില്‍ ആറ് മിനിറ്റോളം സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയില്‍ ഈ ഗ്രഹണം സമ്പൂര്‍ണമായി ദൃശ്യമാകില്ല. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഭാഗിക ഗ്രഹണം മാത്രമേ ദൃശ്യമാകൂ. ഇന്ത്യയില്‍ വൈകുന്നേരം 4:30-ന് ഗ്രഹണം ആരംഭിക്കുകയും സൂര്യാസ്തമനം വരെ തുടരുകയും ചെയ്യും. അത്ഭുതകരമായ പ്രകൃതി പ്രതിഭാസം ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന ഒരു അനുഭവമായിരിക്കും. പ്രത്യേകിച്ച് ശാസ്ത്രജ്ഞര്‍ക്കും ആകാശനിരീക്ഷകര്‍ക്കും ഇത് ചരിത്രത്തില്‍ ഇടംനേടുന്ന ഒരു സംഭവമായും മാറും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1