വൈസ് എന്നതിന് അർത്ഥം പലത്

JULY 23, 2025, 2:14 PM

സ്വീകരിക്കപ്പെടുമെന്ന ഉറപ്പിലായിരുന്നില്ല ദിവാൻ സി പി രാമസ്വാമി അയ്യർ നവസൃഷ്ടമായ തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലറാകുന്നതിന് ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണിച്ചത്. വിശ്രുതനായ ആ ശാസ്ത്രജ്ഞന്റെ വലിപ്പം ശരിക്കും അറിഞ്ഞുകൊണ്ടുള്ളതായിരുന്നു അപ്രായോഗികവും അസ്വീകാര്യമാകുമെന്ന് ഉറപ്പുള്ളതുമായ ആ ഓഫർ. യേശു സ്വീകരിച്ച ആതിഥ്യം തന്റെ ഭവനത്തെ അനുഗ്രഹീതമാക്കി എന്നു പറഞ്ഞ സക്കേവൂസിന്റെ റോളിലേയ്ക്കാണ് തിരുവിതാംകൂറിലെ സമുന്നതനായ ഏകാധിപതി താണത്. വൈസ് ചാൻസലർ എന്ന പദവിയുടെ മഹിമ എന്തെന്ന് സാമുദായികപ്രാതിനിധ്യവാദവുമായി വരുന്ന നാടൻ  യശഃപ്രാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് താൻ സ്വയം വിഡ്ഡിയായതെന്ന് സിപി പിന്നീട് വിശദീകരിച്ചിട്ടുണ്ട്.

ലഭ്യമായവരിൽ മികച്ചയാളുകളെയാണ് തിരുവിതാംകൂർ സർവകലാശാലയിലും പിന്നീട് കേരള സർവകലാശാലയിലും വൈസ് ചാൻസലറായി നിയമിച്ചിട്ടുള്ളത്. കേരള സർവകലാശാലയിൽനിന്ന് എനിക്കു ലഭിച്ച ആദ്യബിരുദത്തിൽ വൈസ് ചാൻസലറെന്ന നിലയിൽ സാമുവൽ മത്തായിയുടെ ഒപ്പാണുള്ളത്. ബിരുദത്തിന് അംഗീകാരം നൽകിയ സെനറ്റിനോടും അതിനു തുല്യം ചാർത്തിയ വൈസ് ചാൻസലറോടും ഉള്ള ആദരസൂചകമായി ആ ബിരുദത്തിന് അനുയോജ്യമായ അക്കാദമിക മികവ് പ്രാപിക്കുകയും നിലനിർത്തുകയും ചെയ്യണമെന്ന നിർബന്ധം എനിക്കുണ്ടായി. ഇപ്പോഴത്തെ വിദ്യാർത്ഥികളോട് വൈസ് ചാൻസലർ ആരെന്നു ചോദിച്ചാൽ ഉത്തരം കിട്ടാത്ത അവസ്ഥയാണുള്ളത്.

സമുദായത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പിന്തുണയാണ് വൈസ് ചാൻസലറാകുന്നതിനുള്ള യോഗ്യത. സർവകലാശാലകളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഓരോന്നും സാമുദായികാടിസ്ഥാനത്തിൽ പതിച്ചു നൽകുന്ന അവസ്ഥയായി. എന്നിട്ടും പല സർവകലാശാലകളിലും വൈസ് ചാൻസലറുടേത് ആളില്ലാക്കസേരയാണ്. വല്ലപ്പോഴും ഒരു നിയമനം നടത്തിയാൽത്തന്നെ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. വൈസ് ചാൻസലറുടെ പിഎച്ച് ഡി ബിരുദത്തിൽ വിദ്യാർത്ഥികൾക്ക് സംശയം ഉണ്ടായപ്പോഴാണ് ജെ വി വിളനിലത്തിനെതിരെ നീണ്ടുനിന്ന പ്രക്ഷോഭമുണ്ടായത്. സമാദരണീയനായ അധ്യാപകനും സമാരാധ്യനായ പണ്ഡിതനും ആണ് വിളനിലം എന്ന വസ്തുത പ്രക്ഷോഭത്തിനു തടസമായില്ല. വൈസ് ചാൻസലറുടെ യോഗ്യത തെരുവിൽ വിദ്യാർത്ഥികൾ പരിശോധിക്കുന്ന അവസ്ഥയുണ്ടായി. 

vachakam
vachakam
vachakam

വൈസ് ചാൻസലർ എന്ന പദവിയുടെ ഔന്നത്യം സിപിയെപ്പോലെ അറിഞ്ഞിരുന്നയാളാണ് ഇഎംഎസ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ കാണാൻ അനുമതി ചോദിച്ച വൈസ് ചാൻസലറെ അങ്ങോട്ടു ചെന്നു കണ്ടതായി കേട്ടിട്ടുണ്ട്. ഉന്നതശീർഷർക്ക് പരസ്പരം തല കുനിക്കാൻ മടിയുണ്ടാവില്ല. ഭാരതാംബയുടെ പേരിൽ കേരള സർവകലാശാലയിൽ നിലനിൽക്കുന്ന ഭരണസ്തംഭനത്തിനു പരിഹാരം കാണാൻ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ മന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തിയെന്ന വാർത്ത അല്പം അസഹ്യത  ഉളവാക്കുന്നതായി. യുദ്ധം ഒഴിവാക്കാൻ ഹിറ്റ്‌ലറെ കാണാൻ പോയ ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്‌ന്റെ അവസ്ഥയിലായി കേരളത്തിലെ  കാര്യങ്ങൾ. 

ബ്രിട്ടനോട് യൂറോപ്യൻ രാജ്യങ്ങളിൽ അവമതിപ്പുണ്ടായതല്ലാതെ യുദ്ധം ഒഴിവായില്ല. വി.സി.യുമായി അഭിപ്രായ ഐക്യത്തിലെത്തിയെന്ന് മന്ത്രി.  മന്ത്രിയുടെ നിർദ്ദേശങ്ങൾ തള്ളിയെന്ന് വി.സി. സമവായത്തിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിട്ടാകാം സമരം എസ്എഫ്‌ഐ നിർത്തിവച്ചു. പിള്ളേരെ പേടിച്ച് 20 ദിവസം ഓഫീസിലെത്താതിരുന്ന വി.സി. ശാന്തമായ അന്തരീക്ഷത്തിലും കനത്ത സുരക്ഷാസന്നാഹത്തിൽ ഓഫീസിലെത്തി കുറേ കടലാസുകളിൽ ഒപ്പിട്ടു. ഒപ്പിടുന്ന യന്ത്രം മാത്രമാണോ വൈസ് ചാൻസലർ. സർവകലാശാലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് താനെന്ന് കുന്നുമ്മൽ പറയുന്നു. അതിനേക്കാളുപരി ഏന്തോ ഒന്നുകൂടി ആകുമ്പോഴാണ് സർ സിപി വിഭാവനചെയ്ത വൈസ് ചാൻസലറാകുന്നത്.

പ്രക്ഷോഭത്തിനിടയിലും ഉന്നതവിദ്യാഭ്യാരംഗത്ത് കാതലായ ചില മാറ്റങ്ങൾ കൊണ്ടുവരാൻ വിളനിലത്തിനു കഴിഞ്ഞു. ഇപ്പോൾ പൊതുവെ സ്വീകാര്യമായിക്കഴിഞ്ഞ ക്രെഡിറ്റ്/സെമസ്റ്റർ സിസ്റ്റം അക്കൂട്ടത്തിൽപ്പെടുന്നു. ഒപ്പിടാൻ മാത്രമായി സർവകലാശാലയിലെത്തുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് അങ്ങനെ വല്ലതും അവകാശപ്പെടാൻ കഴിയുമോ? മോഹനൻ കുന്നുമ്മൽ ചികിത്സിക്കുന്ന ഡോക്ടറാണ്. ലൂക്കായുടെ സുവിശേഷത്തിൽ ഉദ്ധരിച്ചിരിക്കുന്ന വൈദ്യാ നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് കുന്നുമ്മലിനെപ്പോലെയുള്ള ഡോക്ടർമാരെ ഉദ്ദേശിച്ചുള്ളതാണ്. ആ ചൊല്ലിന്റെ അർത്ഥമറിഞ്ഞ ഭിഷഗ്വരനായിരുന്നതുകൊണ്ട് ഡോ ബി ഇക്ബാലിന് സംഘർഷരഹിതമായി വൈസ് ചാൻസലറുടെ കർത്തവ്യം നിർവഹിക്കാൻ കഴിഞ്ഞു. 
മരത്തിന്റെ ചേലിൽ മാത്രമല്ല ആശാരിയുടെ പണിയിലും കുഴപ്പമുണ്ട്.

vachakam
vachakam
vachakam

ലക്ഷണമൊക്കാത്ത ഉരുപ്പടിക്ക് ചിന്തേരിട്ട് അളവൊപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ആശാരിക്കുണ്ട്. വളഞ്ഞതിനെ വീണ്ടും വളയ്ക്കുന്നവരാണ് നമ്മുടെ അക്കാദമിക് ആശാരിമാർ. ഭാരതാംബയുടെ ചിത്രമാണ് ഇപ്പോഴത്തെ പ്രശ്‌നം. ഭാരതമാതാവിന്റെയോ സ്വന്തം മാതാവിന്റെയോ ചിത്രം ആരെങ്കിലും എവിടെയെങ്കിലും വയ്ക്കട്ടെ എന്നു കരുതി വിവേകത്തോടെ പ്രവർത്തിക്കുന്നതിനു പകരം മന്ത്രിമാരായ പ്രസാദും ശിവൻകുട്ടിയും അതൊരു വിഷയമാക്കി. ഗവർണറോട് ഏറ്റുമുട്ടുന്നതിന് വിഷയങ്ങൾ പലതുള്ളപ്പോൾ ചിത്രവിവാദം വിഷയമാക്കാൻ പാടില്ലായിരുന്നു. ഗവർണർ ചാൻസലറായ സർവകലാശാലയിൽ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ നേതൃത്വം വൈസ് ചാൻസലർ ഏറ്റെടുക്കാൻ പാടില്ലായിരുന്നു.

രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വൈസ് ചാൻസലറും സസ്‌പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റും ഒരു അസംബന്ധനാടകത്തിലെ ആവശ്യത്തിന് റിഹേഴ്‌സൽ നടത്തിയിട്ടില്ലാത്ത അഭിനേതാക്കളായി. ഒരേസമയം രണ്ട് രജിസ്ട്രാർമാർ സർവകലാശാലയുടെ നഭസിൽ കാർമേഘങ്ങളാൽ വലയം ചെയ്യപ്പെട്ടു നിൽക്കുന്ന കാഴ്ചയും കണ്ടു.വൈസ് എന്ന പദത്തിന് ഉപ എന്നും തിന്മ എന്നും അർത്ഥമുണ്ട്. ലഹരി ഉൾപ്പെടെ പല വൈസസിനും വിദ്യാർത്ഥികൾ വിധേയരാണ്. വൈസ് പ്രിൻസിപ്പൽ മുതൽ വൈസ് ചാൻസലർ വരെ പല വൈസ് പദവികളും അവർക്ക് പരിചിതമാണ്.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഉപവി നഷ്ടപ്പെടുത്തുന്ന ഉപാധ്യക്ഷനായി വൈസ് ചാൻസലർ മാറരുത്. അക്ഷരം മാറ്റിയെഴുതിയാൽ വൈസ് എന്ന പദത്തിന് വിവേകി എന്ന അർത്ഥമുണ്ടാകും. ക്ഷുഭിതയൗവനത്തിന്റെ വിപ്‌ളവമലരുകൾ വിടരുന്ന അപൂർവോദ്യാനമായി കാംപസുകളെ കാണണം. ക്‌ളാസിൽനിന്ന് വേറിട്ടതാണ് കാംപസ്. ഫ്രഞ്ച് വിപ്‌ളവത്തിനു സിന്ദാബാദ് വിളിച്ച പാരീസിലെ പ്രസിദ്ധമായ സോബോൺ യൂണിവേഴ്‌സിറ്റി അക്കൂട്ടത്തിൽപ്പെടുന്നു. കേരളത്തിലെ വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന പൊലീസ് ബാത്തല്ല യഥാർത്ഥത്തിൽ വിപ്‌ളവത്തിന്റെ നനവ്. അത് ചോരയുടെ നനവാണ്. കേരളയിൽ വിളനിലത്തെയും എംജിയിൽ ചിറപ്പണത്തെയും തടഞ്ഞുകൊണ്ട് എന്തു വിപ്‌ളവമാണ് ഈ വിദ്യാർത്ഥികൾ നടത്തിയത്.

vachakam
vachakam
vachakam

എസ്എഫ്‌ഐ തീരുമാനിക്കുന്നത് സിപിഐ എമ്മിന് നയമാക്കേണ്ടിവരുന്നു എന്നത് അപകടകരമായ അവസ്ഥയാണ്. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്ന അർത്ഥത്തിലാണ് child is the father of man എന്ന് വില്യം വേഡ്‌സ് വർത്ത് എഴുതിയത്. അത് അക്ഷരാർത്ഥത്തിൽ അനുവർത്തിക്കുന്നതുകൊണ്ടാണ്ടാണ് പിടി വിടുമ്പോൾ കുട്ടികളുടെ കാര്യത്തിൽ പാർട്ടിക്ക് ഇടപെടേണ്ടിവരുന്നത്.

വിപ്‌ളവം തോക്കിൻകുഴലിലൂടെ എന്ന് മാവോ പറഞ്ഞു. കേരളത്തിലെ കുട്ടികൾ പൊലീസിന്റെ ജലപീരങ്കിയിലേക്കാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. വാടകയ്‌ക്കെടുത്ത ഹാളിൽ അംബയുടെയോ അംബാലികയുടെയോ പടം വയ്ക്കട്ടെ. അത് സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നമാകാൻ പാടില്ല.

ഡോ. സെബാസ്റ്റ്യൻ പോൾ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam