കാട്ടിലുള്ള യമണ്ടൻ കുറുക്കന്മാരേ കടന്നുവരൂ, നാട്ടിലുള്ള 'കുറുക്കന്മാരെ' കൂവിത്തോൽപ്പിക്കൂ പ്ലീസ്...

JULY 30, 2025, 9:31 AM

കേരളത്തിൽ മൊത്തം 5000 കുറുക്കന്മാരുണ്ടെന്നും, അതിൽ ഭൂരിപക്ഷവും കാട്ടിലല്ല, നാട്ടിലാണ് വസിക്കുന്നതെന്നും വനംവകുപ്പ് പറയുന്നു. ഈ കണക്ക് മാധ്യമങ്ങളിൽ വന്നപ്പോൾ തന്നെ മൃഗങ്ങളുടെ ഡിസ്‌ക്കവറി ചാനലിൽ ആ വാർത്ത വന്നിട്ടുണ്ട്. അല്ലെങ്കിൽ രണ്ടു ദിവസം കഴിയുന്നതിനു മുമ്പുതന്നെ ഒരു കുട്ടിയെ നാട്ടുവഴിയിൽ വച്ച് ഒരു  കുറുക്കൻ കടിക്കുമോ? ഏതായാലും നാട്ടിൽ വച്ച് കുറുക്കൻ കടിച്ചാൽ നഷ്ടപരിഹാരം നൽകാതെ തലയൂരാമെന്ന് വകുപ്പിലെ ചില ഏമാന്മാർ കരുതിയിരിക്കാം.

കടി കിട്ടിയവർ അതിനു കുറുക്കൻ നാടനാണോ കാടനാണോ എന്ന വെറ്ററിനറി സർജന്റെ സാക്ഷ്യപത്രങ്ങളും സംഘടിപ്പിക്കേണ്ടി വരാം. ഒരു ചോദ്യം കൂടി: വന്യമൃഗങ്ങൾ കൂടെക്കൂടെ നാട്ടിലിറങ്ങുമ്പോൾ, നാട്ടിലുള്ള മനുഷ്യരിലേക്ക് അവയുടെ മൃഗീയ പെരുമാറ്റങ്ങൾ പകരുമോ? പക്ഷെ ഈ ചോദ്യം കേട്ടാൽ ഉടനെ വന്യമൃഗങ്ങൾ ടാക്‌സി പിടിച്ചുവന്ന് നമ്മെ ദേഹോപദ്രവ മേൽപ്പിച്ചെന്നു വരാം. കാട്ടാനകൾ കുട്ടിയാനകളെ പരിപാലിക്കുന്നതും കരുതലോടെ ഒപ്പം നടത്തുന്നതും കാണുമ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞു കൊല്ലുകയും, വിഷം കൊടുത്തു കൊല്ലുകയും ചെയ്യുന്ന മനുഷ്യരുടെ മനോഭാവം കണ്ട് മൃഗങ്ങൾ അവയുടെ ഇല്ലാത്ത വിരൽ മൂക്കത്ത് വച്ച് കഷ്ടമെന്നു പറയും.

ഓരോ ദിവസവും രാവിലെ ചാനൽ വാർത്തകളിലേക്ക് കണ്ണയയ്ക്കുമ്പോൾ നാം ഞെട്ടിത്തെറിക്കുന്നു. ഇന്നുമുണ്ട് (ബുധൻ) അത്തരമൊരു വാർത്ത സ്വന്തം കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്ന ഭാര്യയെ മാരകമായ വിധത്തിൽ ഉപദ്രവിച്ച ഒരു ഭർത്താവിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തൊക്കെയായാലും മൊബൈൽ ഫോണിനെ നിരന്തരം തെറി പറയുന്നവർക്കുള്ള മറുപടിയെന്നോണം, ഗാർഹിക പീഡനങ്ങളുടെ 'ലൈവ്' സംപ്രേഷണം, ഇത്തരം കുറ്റവാളികൾക്ക് കൈവിലങ്ങൊരുക്കുന്നുണ്ടെന്ന യാഥാർത്ഥ്യം നാം കാണേണ്ടതുണ്ട്.

vachakam
vachakam
vachakam

ഭ്രാന്തല്ല, മാഷേ വട്ട്, വട്ട്...

കേരളത്തിൽ 2023 ജനുവരി 1 മുതൽ 2025 ഫെബ്രുവരി 28 വരെയുള്ള കാലയളവിലുണ്ടായത് 5 കൂട്ടക്കൊലപാതകങ്ങളാണ്. ഈ കേസുകളിൽ കുറ്റവാളികളുടെ പ്രായം 20 മുതൽ 40 വയസ്സാണ്. അതായത് ആയുസ്സിന്റെ ഏറ്റവും നല്ല കാലഘട്ടത്തിലാണ് ഈ പ്രതികൾ തങ്ങളുടെ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും നേർക്ക് കൊലക്കത്തികൾ ഉയർത്തുന്നത്. ഈ ക്രിമിനൽ മനസ്സുകൾ രൂപപ്പെടുന്നത് നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലുമാണെന്ന സത്യം ഓർമ്മിക്കണം.

അതുകൊണ്ട് ഗാർഹിക-സാമൂഹികാന്തരീക്ഷങ്ങളിൽ പരക്കുന്ന ദുരന്തത്തിന്റെ വിഷവാതകങ്ങളുടെ തോതളക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള ദുരന്തമാപിനികൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിനാകട്ടെ മനുഷ്യ മനസ്സുകളുമായി നേർബന്ധമുള്ള മത, സാംസ്‌കാരിക, സാമൂഹിക പ്രസ്ഥാനങ്ങളാണ് മുൻകൈ എടുക്കേണ്ടത്. പൊതുനന്മ വളർത്താനുള്ള ഈ പ്രസ്ഥാനങ്ങൾ മറ്റു പല വ്യർത്ഥമായ കാര്യങ്ങളുടെയും പിന്നാലെ പരക്കം പായുകയാണെന്ന് സംശയിക്കണം.

vachakam
vachakam
vachakam

മനുഷ്യരുടെ ജീവസന്ധാരാണച്ചെലവുകളുടെ മിതത്വം ഇന്ന് മിക്ക കുടുംബങ്ങളും പാലിക്കുന്നില്ല. കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ജീവസന്ധാരണ മാർഗങ്ങൾ തടസ്സപ്പെട്ട നിലയിലാണ്. മറ്റു ചിലരാകട്ടെ ആഡംബരവും ധൂർത്തും തലയ്ക്കു പിടിച്ചവരാണ്. മനുഷ്യോചിതമല്ലാത്ത രാസലഹരിക്കുവേണ്ടിയും അയൽക്കാരനെ അസൂയപ്പടുത്താനുള്ള ഡംഭ് കാണിക്കാനും ചിലർ ശ്രമിക്കുന്നു. ഇങ്ങനെ യഥാർത്ഥ ആവശ്യങ്ങളുടെ മിതത്വത്തിനു പകരം അമിത ധനസമ്പാദനത്തിന്റെ ചെകുത്താൻ വഴികൾ തെളിയുന്നു. ഭ്രാന്ത് എന്ന മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റലിനപ്പുറം, അത് ചുറ്റുമുള്ളവരെ മുഴുവൻ ശത്രുക്കളാക്കുന്ന 'മുഴുവട്ടായി' പരിണമിക്കുന്നു.

സമ്പത്തിന്റെ ആർജ്ജിക്കലും ചെലവഴിക്കലും ക്രമം തെറ്റിയതായി പരിണമിക്കുമ്പോൾ, അത്തരമൊരു കുടുംബ-സാമൂഹികാവസ്ഥ പല ക്രമസമാധാന പ്രശ്‌നങ്ങൾക്കും വഴിമരുന്നിടുകയാണ്. അമേരിക്കൻ മനഃശാസ്ത്രജ്ഞന്മാരുടെ സംഘടന (ഏ.പി.എ.) സമൂഹ മനഃശാസ്ത്രത്തെ അപഗ്രഥിച്ച് തയ്യാറാക്കിയ 15 ഉപവിഭാഗങ്ങളിൽ കിംവദന്തികളുടെയും പരസ്യങ്ങളുടെയും മനഃശാസ്ത്രം വരെയുണ്ട്. കേരളത്തിൽ പരസ്യങ്ങൾ ചമയ്ക്കുന്ന മായാമയൂരങ്ങൾക്ക് പിന്നാലെ പായുന്ന മലയാളികൾ ചെന്നു വീഴുന്ന കെണികൾ, അവരുടെ തന്നെ ജീവിതം തകർക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

പുഴയിലെ ഒഴുക്കും, പണത്തിന്റെ ഒഴുക്കും

vachakam
vachakam
vachakam

ഈ ആഴ്ചക്കുറിപ്പിൽ ആദ്യം വരേണ്ട വിഷയം വയനാട് ദുരന്തത്തിന്റെ ആണ്ടോർമ്മയായിരുന്നുവെന്ന് പറയുന്നവരുണ്ടാകാം. ചാനലുകളും പത്രങ്ങളും ഇത്തരമൊരു വാർഷിക ചടങ്ങിന് കാത്തുനിൽക്കാതെ വയനാട്ടിലെ ദുരിതബാധിതരെ ജനസമക്ഷം അവതരിപ്പിക്കേണ്ടിയിരുന്നു എന്നുള്ള വാദഗതിക്കാരുമുണ്ട്. 

മനപ്പൂർവം ജനങ്ങൾ കബളിപ്പിക്കപ്പെടുന്ന അവസ്ഥയാണ് വയനാട്ടിലുള്ളത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അവരെ പറഞ്ഞു പറ്റിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം മലയാളികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും 'കൃത്യമായ രാഷ്ട്രീയ ദുർലാക്കോടെ' യുള്ള നടപടികളാണ് ഡെൽഹിയിൽ നിന്നുണ്ടായത്. വിദേശത്തു നിന്ന് സംഭാവനകൾ സ്വീകരിക്കാൻ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയത്

പുതിയ നിയമം അനുസരിച്ചാണെന്ന് കേന്ദ്രം വിശദീകരിച്ചത് ഓർമ്മയില്ലേ? പ്രകൃതിദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനുള്ള നിയമം കേരളാ ഹൈക്കോടതിയിൽ കേസ് വന്നതോടെ കേന്ദ്രം തിരുത്തിയതും നമുക്ക് മറക്കാനാവില്ല. കേന്ദ്രത്തിന്റെ നടപടികൾ എന്തായാലും ദുരന്തബാധിതരായ കേരളീയരെ ചേർത്തുപിടിക്കേണ്ട കേരള സർക്കാർ എന്താണ് ചെയ്തത്? ദുരിതാശ്വാസനിധിയിലേക്ക് ഇതേവരെ ലഭിച്ച 772.11 കോടി രൂപയിൽ വെറും 108.19 കോടി രൂപ ചെലവഴിച്ച് ബാക്കിയുള്ളത് ഖജനാവിലിട്ട് സുഖിച്ചിരിക്കുകയാണെന്ന പരാതിക്ക് എന്ത് വിശദീകരണം നൽകാനുണ്ട്?

ലൈഫ് മിഷൻ വീടിന് 4ലക്ഷം രൂപയും, വയനാട്ടിൽ ഏതോ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന വീടിന് 20 ലക്ഷവുമെന്ന കണക്ക് എങ്ങനെ ശരിയാകും? നല്ല വരുമാനമുണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലങ്ങൾ ഉരുൾ പൊട്ടലിൽ ഒലിച്ചു പോയവർക്ക് എന്ത് നൽകി? പുഴയുടെ ഒഴുക്ക് കൃത്യമാക്കാൻ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മുന്നേ പേര് സൂചിപ്പിച്ച സൊസൈറ്റിക്ക് 100 കോടി രൂപയിലേറെ രൂപ അനുവദിച്ച സർക്കാർ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ 20 ലക്ഷം മുതൽ രണ്ടരക്കോടി രൂപ വരെയുള്ള നഷ്ടം സംഭവിച്ച വ്യാപാരികളെ ഒരുവർഷം കഴിഞ്ഞിട്ടും ചർച്ചയ്ക്കു പോലും ക്ഷണിച്ചിട്ടില്ല.

ജീവസന്ധാരണോപാധികൾ നഷ്ടപ്പെട്ടവർ (ഓട്ടോ, ടാക്‌സി, പിക്കപ്പ് വാനുകൾ, ലോറികൾ, ഉന്തുവണ്ടികൾ, ട്രാക്ടറുകൾ മുതലായവ) തങ്ങൾ ഇനിയെന്തു ചെയ്യുമെന്ന് ചോദ്യമുയർത്തുമ്പോൾ, എല്ലാം ഫയലാക്കി മേലോട്ട് അയച്ചിട്ടുണ്ടെന്ന മറുപടിയാണോ സർക്കാർ  ഉദ്യോഗസ്ഥർ നൽകേണ്ടത്? വിവാദ സെസൈറ്റി കെട്ടിയുയർത്തിയ സംരക്ഷണ ഭിത്തി ഒരു മാസം മുമ്പ് പെയ്തമഴയിൽ തകർന്നു വീണതിന് എന്തു ന്യായീകരണം പറയാനുണ്ട്?

ഒരു പായ കിട്ടിയിരുന്നെങ്കിൽ..?

പഴയ സൂപ്പർസ്റ്റാർ ജയനെ മിമിക്രിക്കാർ അവതരിപ്പിക്കുമ്പോൾ ഒരു പായ കിട്ടിയിരുന്നെങ്കിൽ ഒന്നുറങ്ങാമായിരുന്നുവെന്ന ഡയലോഗ് കേൾക്കാറുണ്ട്. വനം വകുപ്പ് മന്ത്രി ഇപ്പോൾ ആ പരുവത്തിലാണ്. ദിവസേന കാട്ടാനയാക്രമണത്തിൽ ഒരാൾ വീതം കൊല്ലപ്പെടാൻ തുടങ്ങിയതോടെ പത്രങ്ങൾ നൽകിവരുന്ന അങ്ങാടി നിലവാരത്തിന്റെ നിർവികാരതയിലേക്ക് ഇത്തരം ദുരന്തവാർത്തകൾ ചുരുണ്ടു കൂടിയിട്ടുണ്ട്. 

ചൊവ്വാഴ്ചയും ഒരു ടാപ്പിംഗ് തൊഴിലാളി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 'വയനാട് ദുരന്ത ഫെസ്റ്റി'നിടയിൽ മുങ്ങിപ്പോകാനാണ് സാധ്യത. മലയോരങ്ങളിൽ, നഷ്ടപരിഹാരം നൽകാതിരിക്കാൻ വനംവകുപ്പ് പുതിയ വഴികൾ തേടുന്നുണ്ട്. ഈയിടെ ഒരു വീട്ടമ്മ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ, ആ മരണത്തിനു കാരണം ഭർത്താവിന്റെ മർദ്ദനം മൂലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായി. സർക്കാർ ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ആ ഹതഭാഗ്യനായ ഭർത്താവിന്റെ തുണയ്‌ക്കെത്തിയത്.

കടലോരത്ത് 2 തിമിംഗലങ്ങളും 5 ഡോൾഫിനുകളും ചത്ത് തീരത്തടിഞ്ഞതിനും വനംവകുപ്പിന് ന്യായീകരണമുണ്ട്. വന്യജീവി സംരക്ഷണത്തിന്റെ ഷെഡ്യൂൾ ഒന്നിലാണ് തിമിംഗലങ്ങളും ഡോൾഫിനുകളും. അതുകൊണ്ട് ഇവയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വനംവകുപ്പ് സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. വിഷസ്‌ഫോടക വസ്തുക്കൾ കയറ്റി വന്ന കപ്പലുകൾ അറബിക്കടലിൽ മുങ്ങിയതിന്റെ നഷ്ടപരിഹാരക്കേസുകൾ നൽകിയ കേരളത്തിന് വനംവകുപ്പിന്റെ 'വിചിത്ര കണ്ടെത്തൽ' എത്രത്തോളം സഹായകമാകുമെന്ന് കണ്ടറിയണം.

ഇടതുകാലിലെ മന്ത് 'വലതി'ലേക്ക്?

ഇടത്തരം മലയാളികളുടെ സാമ്പത്തികോന്നമനത്തിന് വളരെയേറെ സംഭാവന നൽകിയവയാണ് സഹകരണ സംഘങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടികൾ, ഇടതോ, വലതോ ആകട്ടെ സഹകരണ മേഖലയിലൂടെ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കുമെല്ലാം മൂലധന ലഭ്യത ഉറപ്പാക്കിയ ഭൂതകാലം നമുക്ക് മറക്കാനാവില്ല. പിന്നീട് എന്തുകൊണ്ടോ, രാഷ്ട്രീയ പാർട്ടികൾക്ക് എളുപ്പത്തിൽ നിറവേറ്റാൻ കഴിയുമായിരുന്ന ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് എപ്പോഴോ അവർ വഴിതെറ്റിപ്പോയോ? ഇപ്പോൾ  സഹകരണ സംഘങ്ങളുടെ നിയന്ത്രണം നിയമപരമായി ഏറ്റെടുക്കാൻ ബി.ജെ.പി. പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു.

സഹകരണ സംഘങ്ങളിലൂടെ കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ നേരിട്ട് ജനങ്ങളിൽ എത്തിക്കാൻ സഹകരണ നിയമത്തിന്റെ പൊളിച്ചെഴുത്ത് വേണമെന്ന കേന്ദ്രനിലപാടിന് രാഷ്ട്രീയലാക്കുണ്ടെന്ന് ചിലർ പരാതിപ്പെടുന്നുണ്ട്. എല്ലാ പഞ്ചായത്തിലും, ഓരോ ജില്ലയിലും ഓരോ നഗരങ്ങളിലും സ്ഥാപിക്കുന്ന സഹകരണ സംഘങ്ങൾക്കായുള്ള ഏകീകൃത കമ്പ്യൂട്ടർ ശൃംഖലയും, ദേശീയതലത്തിലുള്ള ഡാറ്റാബേസും കൂടി ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്.

വാഴ്‌സിറ്റികൾ ചുവപ്പണിയിക്കുന്നതിനുപകരം കാവിയണിയിക്കാനുള്ള കേന്ദ്രനീക്കമെന്നതുപോലെ, സഹകരണ സംഘങ്ങളും പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെടാം. ഇത് ഒരർത്ഥത്തിൽ, സഹകരണമേഖലയിലെ അവിഹിതമായ രാഷ്ട്രീയ കൈകടത്തിലിന്റെ പരിണിത ഫലമാണോയെന്ന വിലയിരുത്തൽ ബന്ധപ്പെട്ടവർ നടത്താൻ അനുയോജ്യമായ സമയമാണിത്.

നിയമനങ്ങളിലെ ഉഡായിപ്പും ആലസ്യവും

സംസ്ഥാനം ഒന്നാകെ രാസലഹരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. പക്ഷെ, രാസലഹരി കേസുകളുടെ വിചാരണ വൈകാൻ സർക്കാർ തടസ്സമുണ്ടാക്കിയാലോ? ഈയിടെ പുറത്തുവന്ന വാർത്തയിൽ 529 ലഹരിക്കേസുകളുടെ വിചാരണ സാമ്പിൾ പരിശോധനാഫലം ലഭിക്കാത്തതിനാൽ വൈകുന്നുവെന്ന വെളിപ്പെടുത്തൽ സർക്കാരിന് ഇക്കാര്യത്തിലുള്ള ആലസ്യം പ്രകടമാക്കുന്നുണ്ട്.

സെഷൻസ് കോടതികളിൽ 418, സ്‌പെഷ്യൽ കോടതി94,  മജിസ്‌ട്രേട്ട് കോടതി 17 എന്നിങ്ങനെയാണ് വിചാരണ വൈകുന്ന കേസുകളുടെ കണക്ക്. ഇതുമൂലം പല പ്രതികളും ജാമ്യത്തിലിറങ്ങുകയാണ്. ഫോറൻസിക് ലാബുകളിൽ വേണ്ടത്ര സ്റ്റാഫില്ലാത്തതാണ് പരിശോധനാ ഫലം വൈകാൻ കാരണമത്രെ. ഇക്കാര്യത്തിൽ സർക്കാരും പി.എസ്.സി.യും സംയുക്ത യോഗം വിളിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ലാബുകളിൽ എത്ര ഒഴിവുണ്ടെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ സർക്കാർ അതൊന്നും ചെവിക്കൊണ്ടതേയില്ല. രാസലഹരിക്കെതിരെയുള്ള 'ഇവന്റ് മാമാങ്ക' ങ്ങൾക്കപ്പുറം സർക്കാരിന്റെ ആത്മാർത്ഥത ചിലരെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാകും.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam