പാരമ്പര്യവാദങ്ങളെ കാറ്റില്‍ പറത്തി ഏഴ് കൊടുമുടികള്‍ ചാടിക്കടന്നവള്‍ !

MAY 17, 2022, 10:53 AM

മെയ് 16 ഒരു ചരിത്രനേട്ടത്തിന്റെ വാര്‍ഷികം കൂടിയാണ്. ജാപ്പനീസ് പര്‍വതാരോഹക ജുങ്കോ താബെ 47 വര്‍ഷം മുമ്പ് എവറസ്റ്റ് കീഴടക്കിയ ദിനം. 


എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത, ഭൂമിയിലെ ഏറ്റവും ഉയരമേറിയ ഏഴു കൊടുമുടികളും കീഴടക്കിയ ആദ്യ വനിത അങ്ങനെ ജുങ്കോ താബെയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ലോകത്തിന്റെ ഉച്ചസ്ഥായിയില്‍ തന്റെ വിജയപതാക പാറിച്ച ജുങ്കോ താബെ 1939ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ മിഹാരു എന്ന ചെറുപട്ടണത്തിലാണ് ജനിച്ചത്. പത്താം വയസില്‍ സ്‌കൂളില്‍ നിന്ന് പോയ ഒരു ട്രിപ്പാണ് ജൂങ്കോയുടെ ജീവിതത്തില്‍ വഴിത്തിരിവ് ആയത്. 

vachakam
vachakam
vachakam

ചൗസു, ആഷി പര്‍വതനിരകളിലേക്കായിരുന്നു ആ യാത്ര. ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതനിരകളുടെ ശിഖരത്തിലേക്ക് ചെന്നുകയറാനുള്ള കഷ്ടപ്പാടും അധ്വാനവും ആ യുവമനസിനെ ഹരം കൊള്ളിക്കുന്ന പ്രേരക ശക്തിയായി. ഇഷ്ടത്തെ ഉപാസിച്ചു കൊണ്ടേയിരുന്നു പിന്നീടങ്ങോട്ട്. 


ഷോവ വനിതാ സര്‍വകലാശാലയില്‍ വിദ്യാഭ്യാസവും സാഹിത്യവും പ്രധാന വിഷയമാക്കി ബിരുദത്തിന് പഠിക്കുമ്പോള്‍ പര്‍വതാരോഹകരുടെ കൂട്ടത്തിലെ ഏക വനിതയായിരുന്നു ജുങ്കോ. നല്ല വീട്ടമ്മ ആവുക എന്നതാണ് ഒരു സ്ത്രീ ആദ്യമായും അവസാനമായും ചെയ്യേണ്ടതെന്ന പാരമ്പര്യവാദം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഈ ഒറ്റക്കുള്ള യാത്ര. 

vachakam
vachakam
vachakam

ചിലര്‍ അവളെ പരിഹസിച്ചു. ഒരു ഭര്‍ത്താവിനെ ഒപ്പിക്കാനാണെന്നു വരെ പറഞ്ഞു. മറ്റ് ചിലര്‍ അവള്‍ക്കൊപ്പം മല കയറാന്‍ വിസമ്മതിച്ചു. അതൊന്നും ജൂങ്കോയെ തളര്‍ത്തിയില്ല. ആവേശം ഇല്ലാതാക്കിയില്ല. നാലടി ഒമ്പതിഞ്ചിന്റെ ഉയരത്തിനേക്കാളും തലപ്പൊക്കമുണ്ടായിരുന്നു ജൂങ്കോയുടെ ആത്മവിശ്വാസത്തിന്. 


അന്നത്തെ പ്രയാസം ഓര്‍മയിലുള്ളതു കൊണ്ടാകും കാലമിത്തിരി കഴിഞ്ഞിട്ടായാലും ജപ്പാനിലെ ആദ്യ വനിതാ പര്‍വതാരോഹണ ക്ലബ് സ്ഥാപിച്ചു- ജൂങ്കോ. 1969 -ല്‍ രണ്ടുകുട്ടികളുടെ അമ്മയായതിനു ശേഷമായിരുന്നു അത്. 1970ല്‍ ക്ലബ് അംഗങ്ങള്‍ക്കൊപ്പം അന്നപൂര്‍ണ മലനിരകളിലേക്ക് നടത്തിയ ആരോഹണം വിജയിച്ചതിന് ശേഷമാണ് എവറസ്റ്റ് ജൂങ്കോയുടെ സ്വപ്നങ്ങളില്‍ കയറിക്കൂടിയത്. 

vachakam
vachakam

കാത്തിരിക്കേണ്ടി വരുമെന്ന അറിയിപ്പ് നിരാശപ്പെടുത്തിയില്ല. ജൂങ്കോയും കൂട്ടുകാരികളും ആ വലിയ യാത്രക്ക് തയ്യാറെടുപ്പുകള്‍ നടത്തി. സ്ത്രീകളുടെ സംഘത്തിനെ പിന്തുണക്കാന്‍ അധികം പേരുണ്ടായിരുന്നില്ല. നിരുത്സാഹപ്പെടുത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നു താനും. ആരും പക്ഷേ പിന്നോട്ടു പോയില്ല. സ്ലീപ്പിങ് ബാഗുകള്‍ സ്വന്തമായി തുന്നിത്തയ്യാറാക്കിയും ഭക്ഷണസാധനങ്ങള്‍ പിരിച്ചെടുത്തും തുന്നിയെടുത്തതും ഉണ്ടാക്കിയെടുത്തതുമായ ഉത്പന്നങ്ങള്‍ വിറ്റും കുറച്ച് സ്പോണ്‍സര്‍മാരെ കണ്ടെത്തിയുമൊക്കെ സംഘം മുന്നോട്ട് തന്നെ നടന്നു. 1975ല്‍ പര്‍വതനിരയുടെ താഴെനിന്ന് മുകളിലേക്കുള്ള കയറ്റം നടന്നു തുടങ്ങി. 


9,000 അടി കയറിക്കഴിഞ്ഞപ്പോള്‍ ഒരു വലിയ ഹിമപാതം. അതില്‍പെട്ടു പോയ ജൂങ്കോയെ സംഘത്തിലുണ്ടായിരുന്ന ഷേര്‍പ്പകള്‍ അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ബോധരഹിതയായി പോയ ജൂങ്കോ രണ്ട് ദിവസം വെറുതെയിരുന്നു. പിന്നെ എഴുന്നേറ്റു നടന്നു മലകയറി. പന്ത്രണ്ടാം ദിവസം എവറസ്റ്റിന്റെ മുകളില്‍. 

1975 മേയ് 16ന് ജൂങ്കോ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി. എവറസ്റ്റിലെ ആദ്യത്തെ വനിതയാകാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് ജുങ്കോ തന്നെ ഒരിക്കല്‍ പറഞ്ഞു, അവര്‍ക്കിഷ്ടം  എവറസ്റ്റിന് മുകളിലെത്തുന്ന 36-ാമത്തെ ആള്‍ എന്നറിയപ്പെടാനായിരുന്നു അവര്‍ക്കിഷ്ടം. പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ജൂങ്കോക്ക് ഒരു പിന്‍ഗാമിയുണ്ടായി. തിബത്തില്‍ നിന്നുള്ള ഫാന്‍തോഗ്. 

അകോണ്‍കാഗ്വ, മൗണ്ട് മക്കിന്‍ലേ, കിളിമഞ്ജാരോ കൊടുമുടി, വിന്‍സണ്‍ മാസ്സിഫ്, മൗണ്ട് എല്‍ബ്രസ്, മൗണ്ട് കോഷിസ്‌കോ, പുന്‍ചാക്ക് ജായ തുടങ്ങി 76 വ്യത്യസ്ത രാജ്യങ്ങളിലെ പര്‍വത ശിഖരങ്ങളിലും  ജൂങ്കോ എത്തി. ലോകത്തെ ഏറ്റവും വലിയ ഏഴ് കൊടുമുടികളും 1992 ആയപ്പോഴേക്കും ജൂങ്കോയ്ക്ക് വഴങ്ങിയിരുന്നു. 


പിന്നീടും പര്‍വതങ്ങളുമായുള്ള സ്നേഹച്ചങ്ങല ജൂങ്കോ മുറിച്ചില്ല.  പരിസ്ഥിതിയെ കുറിച്ച് പഠിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിയുടേയും   സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ആരോഹക സംഘങ്ങളുടെ ബാഹുല്യം എവറസ്റ്റ് ഉള്‍പെടെയുള്ള പര്‍വതനിരകളുടെ പരിസ്ഥിതി സന്തുലനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തിയ ജൂങ്കോ ബോധവത്കരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചു. ജപ്പാനിലെ ഹിമാലയന്‍ അഡ്വെഞ്ചര്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ എന്ന പദവി ക്രിയാത്മകമായി വഹിച്ചു. 

ഏഴു വര്‍ഷം മുന്‍പ് 2012 ഒക്ടോബര്‍ 20ന് കാന്‍സറിനോട് പൊരുതിത്തോറ്റ് ജൂങ്കോ മടങ്ങി.  സ്വപ്ന സാഫല്യത്തിനുള്ള നിശ്ചദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാത്ത മാതൃക എന്ന പതാക ജൂങ്കോയുടേതായി എവറസ്റ്റിന് മുകളില്‍ എന്നത്തേക്കും പാറിപ്പറക്കുന്നു. 2012 ഓക്ടോബര്‍ 20ന് ക്യാന്‍സര്‍ ബാധയെത്തുടര്‍ന്നായിരുന്നു ജൂങ്കോയുടെ മരണം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam