അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ മൂന്നിന് പുറത്ത വരും. അത് കഴിഞ്ഞാല്‍പ്പിന്നെ ലോക്സഭാ പോരാട്ടത്തിലേക്ക് ഏതാണ്ട് നാല് മാസത്തെ ദൂരമേയുണ്ടാകൂ. പൊതുതിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സെമി പോരാട്ടമായും രാഷ്ട്രീയ കക്ഷികളുടെ ശക്തി ദൗര്‍ബല്യങ്ങളുടെ അളവുകോലായും ഒക്കെ ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എണ്ണപ്പെടുന്നത് സ്വാഭാവികമാണ്.
'ഇന്ത്യ'യുടെ അരങ്ങേറ്റം
തെലങ്കാനയിലും മിസോറാമിലും ഒഴികെ മൂന്നിടത്തും അതായത് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടാണ് മത്സരമെങ്കിലും ഇക്കുറി പ്രതിപക്ഷം 'ഇന്ത്യ'മുന്നണിയുടെ പൊതു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നാല് മാസം മുന്‍പ് മാത്രം പിറവിയെടുത്ത 28 പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യയും ബി.ജെ.പിയും ദേശീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരികയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച ഇന്ത്യയ്ക്ക് ഒരുതരത്തില്‍ ഈ തിരഞ്ഞെടുപ്പുകള്‍ പരീക്ഷണ വേദിയാകും. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും ഒഴികെ തുടര്‍തോല്‍വികളില്‍ പതറിയ കോണ്‍ഗ്രസിന് മുന്നണി നല്‍കുന്ന ശക്തി മുതല്‍ക്കൂട്ടാകുമോ എന്നതും കണ്ടറിയാം.
വനിതാ സംവരണം
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാസാക്കിയെടുത്ത വനിതാ സംവരണ നിയമം ബി.ജെ.പിയുടെ മുഖ്യപ്രചാരണ വിഷയമാകും. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന പ്രചാരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങളും ജി 20 ഉച്ചകോടി-ചന്ദ്രയാന്‍ വിക്ഷേപണ വിജയങ്ങളും ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിമാരെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പാര്‍ട്ടി ഇറങ്ങുന്നത്.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡി, ആദായനികുതി, സി.ബി.ഐ വേട്ട, മാധ്യമങ്ങളെ നിശബ്ദമാക്കല്‍ തുടങ്ങിയ ദേശീയ വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കും. കൂടാതെ വനിതാ സംവരണത്തില്‍ ഒ.ബി.സിക്കാരെ അവഗണിച്ചെന്ന ആരോപണവും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും മുഖ്യപ്രചാരണ വിഷയങ്ങളാകും.
മധ്യപ്രദേശ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 2018-ലെ കണക്കുകള്‍ തീര്‍ക്കാനുണ്ട്. അന്ന് 230 അംഗ സഭയില്‍ 114 സീറ്റില്‍ ജയിച്ച് അധികാരമേറ്റ കമല്‍നാഥ് സര്‍ക്കാരിനെ വിമതനായി അവതരിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 എം.എല്‍.എമാരെ രാജിവയ്പിച്ചു വീഴ്ത്തിയതും 2018-ലെ കോണ്‍ഗ്രസിന്റെ പ്രചാരക അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ ഇക്കുറി ബി.ജെ.പിക്കാരനായി മറുവശത്താണ് എന്നതും കോണ്‍ഗ്രസ് പോരാട്ടത്തിന് ശക്തി കൂട്ടും. സിന്ധ്യ പോയതോടെ അധികാര വടംവലിയൊഴിഞ്ഞ് കമല്‍നാഥിലേക്ക് കേന്ദ്രീകരിച്ച കോണ്‍ഗ്രസ് ശിവ്രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ്.
മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് പ്രശ്നക്കാരനാകില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 2005- ല്‍ മുഖ്യമന്ത്രിപദത്തിലെത്തിയ ഒരുകാലത്ത് കേന്ദ്ര ബി.ജെ.പിയില്‍ പ്രമുഖനായിരുന്ന ശിവ്രാജ് സിംഗ് ചൗഹാന് ഇപ്പോള്‍ അത്ര നല്ല കാലമല്ല. 2018-ല്‍ ഹാട്രിക് വിജയം നിഷേധിക്കപ്പെട്ടെങ്കിലും സിന്ധ്യയിലൂടെ ഭരണം നിലനിര്‍ത്തിയ ശിവ്രാജ് സിംഗ് ചൗഹാനു കീഴില്‍ വീണ്ടുമൊരങ്കത്തിനിറങ്ങാന്‍ ബി.ജെ.പി തയ്യാറാകില്ല.
ശക്തമായ ഭരണവിരുദ്ധ വികാരം മോദി മാജിക്കിലൂടെ പരിഹരിക്കാനാണ് ശ്രമം. വീണ്ടും ജയിച്ചാല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, ഫഗന്‍ സിംഗ് കുലസ്തെ, പ്രഹ്ലാദ് പട്ടേല്‍ എന്നിവരില്‍ ഒരാളോ ഒരുപക്ഷേ സിന്ധ്യയോ ചൗഹാന്റെ പിന്‍ഗാമിയാകാം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇറക്കി പുതിയ രീതി പരീക്ഷിച്ച ബി.ജെ.പി അതിലൊന്നും ചൗഹാനെ പരിഗണിച്ചിട്ടില്ല.
രാജസ്ഥാന്‍ ആര്‍ക്കൊപ്പം
മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായുള്ള ഭിന്നതകള്‍ പരിഹരിച്ച് അശോക് ഗെലോട്ട് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം വോട്ടായി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍. അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും അവഗണിക്കാവുന്നതല്ല. സര്‍ക്കാരുകള്‍ മാറിവരുന്ന പതിവുള്ള സംസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷയിലാണ്. എന്നാല്‍ രണ്ടുതവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയുടെ പേരില്‍ വോട്ടു ചോദിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ മത്സരിക്കേണ്ടി വരും.
വസുന്ധര തഴയപ്പെട്ടാല്‍ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ,കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്വാള്‍ തുടങ്ങിയവര്‍ക്കും സാധ്യതയേറും.
ഛത്തീസ്ഗഡ് നിലനിര്‍ത്താന്‍
സര്‍ക്കാരുകള്‍ മാറിവരുന്ന ഛത്തിസ്ഗഡില്‍ ഭൂപേഷ് ബഗേലിലൂടെ ഭരണം നിലനിര്‍ത്തി ചരിത്രം തിരുത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഭരണപക്ഷ അഴിമതിക്കഥകള്‍ ഉയര്‍ത്തി 2015-ല്‍ നഷ്ടമായത് തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയും ഇറങ്ങും. അതേസമയം കര്‍ഷകര്‍ക്കുള്ള രാജീവ് ഗാന്ധി കിസാന്‍ ന്യായ യോജ്ന അടക്കം ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബഗേലിനെതിരെ വിമത നീക്കം നടത്തിയ ടി.എസ്.സിംഗ്ദോയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും നേട്ടമായി.
അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ കല്‍ക്കരി ഖനനം, മദ്യനയം, പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍, ആദിവാസി മേഖലകളിലെ മതംമാറ്റം, നക്സല്‍ ബാധിത പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥ തുടങ്ങിയവ പ്രചാരണ വിഷയങ്ങളാക്കുന്ന ബി.ജെ.പി ആദിവാസി- ഗോത്ര ഭൂരിപക്ഷ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഭരണം പിടിച്ചെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
ത്രികോണം മത്സരവുമായി മിസോറാം
പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) ആധിപത്യവും ബി.ജെ.പി അക്കൗണ്ട് തുറന്നതുമായിരുന്നു 2018-ല്‍ മിസോറാമിന്റെ തിരഞ്ഞെടുപ്പ് ഫലം. വടക്കുകിഴക്ക് അവശേഷിച്ച സംസ്ഥാനമാണ് അന്ന് കോണ്‍ഗ്രസിനു നഷ്ടമായത്. രണ്ട് വര്‍ഷം തുടര്‍ച്ചയായി കക്ഷികളെ തുണയ്ക്കാറുള്ള സംസ്ഥാനത്ത് എം.എന്‍.എഫ് പ്രതീക്ഷയിലാണ്. ഏഴ് പ്രാദേശിക കക്ഷികള്‍ ലയിച്ചുണ്ടായ സൊറാം പീപ്പിള്‍സ് മൂവ്മെന്റാകും (ഇസഡ്.പി.എം) മുഖ്യ എതിരാളികളെന്ന് സൂചന. നഗര മേഖലകളില്‍ ഇസഡ്.പി.എമ്മിന് മുന്‍തൂക്കമുണ്ട്. നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും പ്രതീക്ഷ നഷ്ടപ്പെടാതെ കോണ്‍ഗ്രസും ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് വേരുപടര്‍ത്താന്‍ ബി.ജെ.പിയുമുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1