അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നയങ്ങള്‍ ലോക വിപണിയില്‍ മൊത്തം പ്രതിഫലിക്കുകയാണ്. ഇന്ത്യയ്ക്കെതിരെയും കടുത്ത നടപടി ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാകുമോ എന്നാണ് ഉയരുന്ന സംശയം. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ അമേരിക്ക സന്ദര്‍ശിച്ച് ട്രംപുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.
നരേന്ദ്ര മോദി അടുത്താഴ്ച ഫ്രാന്‍സിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് അമേരിക്കയിലേക്കും സന്ദര്‍ശനം നീട്ടിയേക്കും. ട്രംപ് മൂന്ന് രാജ്യങ്ങള്‍ക്കെതിരേയാണ് നിലവില്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. സൗഹൃദം സൂക്ഷിക്കുന്നതിനാല്‍ ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത കുറവാണ്. എങ്കിലും പ്രവചിക്കാന്‍ കഴിയാത്ത രീതിയാണ് ട്രംപിന്റേത് എന്ന ആശങ്കയും ബാക്കി നില്‍ക്കുന്നുണ്ട്.
കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെ നികുതിപ്പോര് തുടങ്ങിയിരിക്കുകയാണ് ട്രംപ്. ഇരുരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. ചൈനയില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് 10 ശതമാനം നികുതിയും ചുമത്തും. എന്നാല്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കാനഡയും മെക്സിക്കോയും രംഗത്തുവന്നിരുന്നു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നാണ് കാനഡയും മെക്സിക്കോയും അറിയിച്ചിട്ടുള്ളത്. ഇതോടെ ട്രംപിന്റെ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള പോരിന് ഇടയാക്കുമെന്ന് പ്രചാരണമുണ്ട്. മാത്രമല്ല, ചുങ്കപ്പോര് തുടങ്ങിയതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യം കുതിച്ചുകയറി. 109 എന്ന നിരക്കിലേക്ക് ഡോളര്‍ സൂചിക ഉയര്‍ന്നു. മറ്റു കറന്‍സികള്‍ ഇടിയുകയും ചെയ്തു.
കാനഡയെ അമേരിക്കയുടെ ഭാഗമാക്കാന്‍ ട്രംപിന് പദ്ധതിയുണ്ട്. ഇക്കാര്യം അദ്ദേഹം പലതവണ പരസ്യമാക്കുകയും ചെയ്തു. അമേരിക്കയുടെ 51-ാം സംസ്ഥാനമായി കാനഡയ്ക്ക് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ട്രംപ് പറയുന്നു. അങ്ങനെ ചെയ്താല്‍ ചുങ്കം തീര്‍ത്തും ഒഴിവാക്കാമെന്നും ട്രംപ് ഓഫര്‍ നല്‍കുന്നു. എന്നാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണം എന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കക്കെതിരെ ചൈന കടുത്ത നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ ആഗോള വിപണി കലങ്ങി മറിയും. ട്രംപിന്റെ നടപടി ഡോളറിന്റെ കരുത്ത് വര്‍ധിപ്പിച്ചതോടെ വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടായത്. സ്വര്‍ണവില കുറഞ്ഞു, പ്രധാന കറന്‍സികളെല്ലാം ഇടിഞ്ഞു. ക്രിപ്റ്റോ കറന്‍സി വില താഴ്ന്നു. ഓഹരി വിപണികള്‍ കുപ്പുകുത്തി.
വെള്ളിയാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം 86.62 ആയിരുന്നു എങ്കില്‍ ഇന്ന് 87.10 ആയി. അമേരിക്ക അവിടെ തള്ളുമ്പോള്‍ ഇന്ത്യ ഇവിടെ വീഴുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ട്രോള്‍. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയിലാണ്. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. അവര്‍ക്ക് അഹ്ലാദിക്കാനുള്ള ഒരുവക ഇതിന് പിന്നിലുണ്ട്. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1