ദിവാസ്വപ്‌നങ്ങളിൽ മുഴുകുന്നവർ

FEBRUARY 6, 2025, 1:09 AM

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം കൂടിയുണ്ട്. പക്ഷേ തെരഞ്ഞെടുപ്പു ഫലം ചിലരൊക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയെ കണ്ടെത്തിയാൽ മതി. യു.ഡി.എഫിലാണ് ഈ അമിത വിജയപ്രതീക്ഷയും തികഞ്ഞ ആത്മവിശ്വാസവും. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പിന്നെ എന്തു ചെയ്യും എന്നതാണ് പലരുടെയും വേവലാതി. എട്ടു പത്തുവർഷമായി അധികാരം കൈയിലില്ലാത്തതിന്റെ വിഷമം കുറച്ചൊന്നുമല്ല അവർക്ക്. പൊതു പരിപാടികളിലും കല്യാണച്ചടങ്ങുകളിലുമൊക്കെ പങ്കെടുക്കുമ്പോൾ നേതാക്കൾക്ക് കിട്ടുന്ന ഫീഡ്ബാക്കാണ് ഈ ഉറച്ച വിജയപ്രതീക്ഷയുടെ പ്രധാന അടിസ്ഥാനം. അതിനപ്പുറം ജനങ്ങളുടെ വികാരങ്ങളും എതിരാളികളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ തിരിച്ചറിയാൻ കുറെക്കൂടി രാഷ്ട്രീയ വീക്ഷണവും സാമാന്യബുദ്ധിയും കൂടി വേണം.

കേന്ദ്രത്തിൽ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ആകാമെങ്കിൽ കേരളത്തിൽ പിണറായി വിജയന് എന്തുകൊണ്ടു മൂന്നാം ഊഴം ആയിക്കൂടാ? അടുത്ത നിയസമഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു പാർട്ടി തീരുമാനിക്കുമെന്നായിരുന്നു പിണറായിയുടെ മറുപടി. അതൊരു സൂചനയാണ്. ഇപ്പോൾ പാർട്ടിയിൽ ആരാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതെന്നു അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം.

സി.പി.എമ്മിന്റെ പ്രഖ്യാപിത നയം അനുസരിച്ച് പിണറായിക്ക് ഇനിയൊരു അവസരത്തിന് അയോഗ്യതയുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ആർക്കും ഒഴിവുണ്ടാകും. അപ്പോൾപിന്നെ പിണറായിക്ക് ഒഴിവു കിട്ടാനാണോ പാട്. പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി 75 വയസാണ്. മുഖ്യമന്ത്രി എന്ന പരിഗണനയിലാണ് പിണറായി വിജയന് കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും കഴിഞ്ഞ തവണ ഇളവു നൽകിയത്. ഇതു തുടരുന്ന കാര്യം പാർട്ടി കോൺഗ്രസിലാണു തീരുമാനിക്കുക.

vachakam
vachakam
vachakam

സി.പി.എമ്മിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കു തത്കാലം വലിയ മാറ്റമൊന്നും ഉണ്ടാകാനിടയില്ല. അല്ലെങ്കിൽ അടിയൊഴുക്കുകൾ അത്രകണ്ട് അദൃശ്യവും ശക്തവുമായിരിക്കണം. നിലവിലെ നേതൃത്വത്തിന്റെ വരുതിക്കു കാര്യങ്ങൾ നീക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. അതു തുടർന്നും ഉണ്ടാകുമോ എന്നു ചിലർ സംശയിക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ കേഡർ സ്വഭാവം അവർക്കു വലിയ തുണയായിത്തീരും.

സമീപകാലത്തുനടന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾ വിലയിരുത്തിയാലും അതു ബോധ്യമാകും. ചിലയിടത്തു സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പലേടത്തും പിടിച്ചു നിൽക്കാൻ പാർട്ടിക്കു കഴിയുന്നു. പ്രാദേശിക തലത്തിൽ പ്രവർത്തകരെ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ പിടിച്ചു നിർത്താൻ കഴിയുന്നതുമൂലമാണത്. ഒറ്റപ്പെട്ട വിമതസ്വരം അവിടവിടെ ഉയരുന്നുണ്ടെങ്കിലും അതൊന്നും പാർട്ടി സംവിധാനത്തെ കാര്യമായി ബാധിക്കുന്നില്ല.

ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും അടുത്ത കാലത്തു നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ ഫലം എൽ.ഡി.എഫിനു തീർത്തും നിരാശാജനകമെന്നു പറയാനാവില്ല. പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന തോന്നൽ ബലപ്പെടുത്തുന്ന ചില വിജയങ്ങളും അവർക്കുണ്ട്. അതിനവർ എല്ലാ തുറുപ്പു ചീട്ടുകളും ഇറക്കുന്നു. ചില കളികൾ പാളിപ്പോകുന്നുണ്ടെങ്കിലും പുതിയ കാർഡുകൾ തരാതരംപോലെ കളിക്കുന്നു. 24-ാം പാർട്ടി കോൺഗ്രസിനായുള്ള കരട് രാഷ്ട്രീയ പ്രമേയം പരിശോധിച്ചാൽ പിടിച്ചുനിൽക്കാനും പിടിച്ചു കയറാനും സി.പി.എം തുടർന്നും സ്വീകരിക്കാൻപോകുന്ന നിലപാടുകളുടെ പൊരുൾ മനസിലാവും. അത് ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതു കേരളത്തിലാവും.

vachakam
vachakam
vachakam

ബി.ജെ.പിയുടെ വർഗീയ രാഷട്രീയം ഉത്തരേന്ത്യയിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന തിരിച്ചറിവ് അതു ക്രമേണ കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലേക്കും പ്രയോഗിക്കപ്പടുമെന്ന യാഥാർഥ്യത്തിലേക്കു സി.പി.എമ്മിനെ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലും കർണാടകത്തിലും തെലുങ്കാനയിലുമൊക്കെ കോൺഗ്രസാണ് ബി.ജെ.പിയെ സമർഥമായി ചെറുക്കുന്നതെങ്കിലും ബി.ജെ.പി വിരുദ്ധതയുടെ വക്താക്കൾ തങ്ങളാണെന്നു വരുത്താൻ സി.പി.എം ഏറെ ശ്രമിക്കുന്നു. ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ അതേ നാണയത്തിൽ ചെറുക്കാനുള്ള ചില നീക്കങ്ങളും പാർട്ടി കോൺഗ്രസിന്റെ കരടു പ്രമേയത്തിലുണ്ട്. ഉത്സവങ്ങളും പൊതുപരിപാടികളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമാകുകയാണ് അതിൽ ഒന്ന്. വടക്കൻ ജില്ലകളിൽ അതു തുടങ്ങിക്കഴിഞ്ഞു.

ഹിന്ദുത്വ അജൻഡയെ ചെറുക്കാൻ വിശ്വാസികകൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകരോടും വർഗ ബഹുജന സംഘനകളോടും സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്. മാർക്‌സിസത്തിന്റെ ചില അടിസ്ഥാന പ്രമാണങ്ങൾ അതിലൂടെ മറച്ചു വയ്ക്കപ്പെടുമെങ്കിലും ആദർശമൊന്നും അണികൾക്കു ബാധകമല്ലെന്നാണ് പുതിയ സൂത്രവാക്യം. അങ്ങിനെ കടുംപിടുത്തം തുടർന്നാൽ ചോർച്ച കൂടുമെന്ന് അവർ നന്നായി മനസിലാക്കുന്നു. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനും അവർ പുതിയ തന്ത്രങ്ങൾ മെനയുന്നു. മുസ്‌ലിംപ്രീണനം കൂടിപ്പോകുന്നുവെന്നൊരു തോന്നൽ ചിലരുടെ ഇടയിൽ ഉണ്ടായിട്ടുണ്ടെന്നു മനസിലാക്കി മറുതന്ത്രങ്ങളും ഇറക്കിത്തുടങ്ങി. ന്യൂനപക്ഷ വർഗീയതയയെ ഹിന്ദുത്വ വർഗീയതയുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ന്യൂനപക്ഷങ്ങളെ മതനിരപേക്ഷ വേദിയിൽ അണിനിരത്തുകയാണു ലക്ഷ്യം. അതിനു കഴുത്തു വച്ചുകൊടുക്കാൻ പലരും തല നീട്ടുന്നുമുണ്ട്.

എൽ.ഡി.എഫിന്റെ മൂന്നാമൂഴത്തെക്കുറിച്ചു സംസാരിക്കുന്നതുതന്നെ പലരെയും സന്തോഷിപ്പിക്കുന്നുണ്ട്. പക്ഷേ അതത്ര എളുപ്പമല്ലെന്ന് ആഗ്രഹിക്കുന്നവർക്കും അറിയാം. അതേസമയം അതിന്റെ ആവശ്യകത ഏറെയെന്നും അവർ കരുതുന്നു. അതിനായി എന്തു തന്ത്രവും കുതന്ത്രവും പയറ്റുകയും ചെയ്യും. രാഷ്ട്രീയ വിമർശകനും കടുത്ത പിണറായി വിരുദ്ധനെന്ന നിലയിൽ പ്രതികരിക്കുന്നയാളുമായ അഡ്വ. ജയശങ്കർ ഈ മൂന്നാം  ഊഴ സാധ്യതയെക്കുറിച്ച് ഈയിടെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

99 സീറ്റെന്ന അത്യഗ്രഹമൊന്നും ഇടതുമുന്നണിക്കില്ല. എഴുപത്തഞ്ചിനിപ്പുറം കിട്ടുന്ന സാധ്യതയാണവർ തേടുന്നത്. അത് അത്ര അസംഭവ്യമല്ലെന്നു തിരിച്ചറിയേണ്ടത് യു.ഡി.എഫും വിശിഷ്യ, കോൺഗ്രസ് നേതൃത്വവുമാണ്. അവിടെയാണ് തർക്കമെല്ലാം മുഖ്യമന്ത്രിക്കസേരയെ ലാക്കാക്കി നടക്കുന്നത്. രമേശ് ചെന്നിത്തലയാണ് അതിനു തുടക്കമിട്ടത്. രമേശ് ആ സ്ഥാനത്തിനു യോഗ്യൻ എന്നു ചിലരെക്കൊണ്ടു പറയിച്ചു. പിന്നീട് ഓരോ മത, സാമുദായിക നേതാക്കളെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. രമേശിന്റെ മനസിൽ ലഡു പൊട്ടിയപ്പോൾ പലരുടെയും മൂക്കുകയർ പൊട്ടി. കോൺഗ്രസുകാർ തന്നെ നേതൃത്വത്തെക്കുറിച്ചു പരസ്യ പ്രസ്താനവകൾ തുടങ്ങി. നിലവിൽ അര ഡസനോളം പേരാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി പട്ടികയിലുള്ളത്. മുൻ പ്രതിപക്ഷ നേതാവും നിലവിലെ പ്രതിപക്ഷ നേതാവും ഹൈക്കമാൻഡ് പ്രതിനിധിയുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്.

ഇതിനിടെ കെ.പി.സി.സി പ്രസഡന്റു പദത്തിലേക്കും പടപ്പുറപ്പാടു തുടങ്ങി. സുധാകരനെ മാറ്റാൻ നടത്തിയ നീക്കത്തെ എംപി സ്ഥാനം രാജിവയക്കുമെന്നു തുറുപ്പ് ഇറക്കി തത്കാലം സുധാകരൻ വെട്ടി. എങ്കിലും പാളയത്തിൽ പട തുടരുകയാണ് അവിടെയുമുണ്ട് അര ഡസനോളം പേരുടെ പട്ടിക. പട്ടികയിൽ കയറിക്കൂടാൻ തന്നെ മത്സരമാണ്. ഇതിനിടെ മലയോര സംരക്ഷണ യാത്ര നടത്തിയും ഇരകളെ സന്ദർശിച്ചുമൊക്കെ നേതാക്കൾ സാന്നിധ്യം ഉറപ്പിക്കുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസു ചെയ്യുന്നു. മുഖത്തും മനസിലും ഒന്നുതന്നെയാണോ തെളിയുന്നതെന്ന സംശയം ജനങ്ങൾക്കു തോന്നുന്നെങ്കിൽ അതു തികച്ചും സ്വാഭാവികം.

കേന്ദ്രത്തിൽ മോദി സർക്കാരിന്റെ മൂന്നാം ഊഴം തുടങ്ങിയതേയുള്ളുവെങ്കിലും പാർലമെന്റിലും പുറത്തും മോദി ആകെ അസ്വസ്ഥനാണ്. ഗാന്ധികുടുംബത്തെ, വിശിഷ്യ രാഹുൽ ഗാന്ധിയെ കൂടുതൽ രൂക്ഷമായി പ്രതിരോധിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ പ്രസംഗവും സമകാലിക പരാമർശങ്ങളും മോദിയുടെ ആക്രമണസ്വഭാവം വ്യക്തമാക്കുന്നു. പതിവു ശൈലിയിൽനിന്നുള്ള വ്യതിയാനമാണത്.

കേരളത്തിൽ കോൺഗ്രസിന് എല്ലാക്കാലവും അവർ തന്നെയാണ് കുഴി തോണ്ടിയിട്ടുള്ളത്. അതിൽ മുതിർന്ന നേതാക്കൾക്കുള്ള പങ്കു ചെറുതല്ല. ഇപ്പോഴും നിലവിലുള്ള സീനിയർ നേതാക്കൾ തന്നെയാണ് വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദുക്കൾ. പഴയ കരുണാകൻ-ആന്റണി ഗ്രൂപ്പു പോരിന്റെ ചാരുത ഇല്ലെങ്കിലും കോൺഗ്രസിൽ ഗ്രൂപ്പിന്റെ കാലം കഴിഞ്ഞിട്ടില്ല. ആര് ആരോടൊപ്പം എന്ന് പണ്ടു വ്യക്തമായിരുന്നു. ഇന്നിപ്പോൾ ഗ്രൂപ്പിസത്തിനു ആദർശത്തിന്റെ മേമ്പൊടിയൊന്നും വേണ്ടല്ലോ. അതു കോൺഗ്രസിലായാലും കമ്യൂണിസ്റ്റു പാർട്ടിയിലായാലും. കോൺഗ്രസിൽ ചേരിപ്പോര് പരസ്യമാണെന്നു മാത്രം. കേഡർ പാർട്ടികളിൽ അതിനു ചില മറയൊക്കെ ഉണ്ടാവും. അവസാന വാക്ക് പാർട്ടിയുടേതു മാത്രവും. പാർട്ടിയെന്നാൽ ഇപ്പോൾ ആരെന്നതും പ്രസക്തം.

കോൺഗ്രസിലെ നേതൃതർക്കം അവരുടെ അധികാരപ്രാപ്തിക്കു വിഘാതമാകുമെന്നു മാത്രമല്ല, വിശ്വാസ്യതയും ഇല്ലാതാക്കും. മികവുറ്റ നിരവധി യുവനേതാക്കൾ കോൺഗ്രസിലുണ്ട്. അവരുടെ ശബ്ദം പക്ഷേ അത്ര പരിഗണിക്കപ്പെടുന്നില്ല. മാത്യു കുഴൽനാടനും പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും ഒക്കെ നിയമനിർമാണസഭയിൽ കത്തിക്കയറുന്നുണ്ട്. വനിതാ നേതാക്കളുടെ കാര്യത്തിലും കേരളത്തിലെ കോൺഗ്രസ് പിന്നോക്കമല്ല. പക്ഷേ, പലർക്കും അവസരങ്ങൾ ലഭിക്കുന്നില്ല. ഏതെങ്കിലും യുവനേതാവ് അല്പം ശോഭിച്ചാൽ ആ ശോഭ കെടുത്താൻ പാളയത്തിൽനിന്നു തന്നെ പടയുണ്ടാകും.

യു.ഡി.എഫ്, എൽ.ഡി.എഫ് പോരാട്ടത്തിനിടെ ബി.ജെ.പി വോട്ട് ബാങ്ക് മെച്ചപ്പെടുത്തി വരികയാണ്. തദ്ദേശസ്ഥാപനങ്ങളിൽ സാന്നിധ്യം ശക്തമാക്കുന്നതിനപ്പുറം നിയമസഭയിൽ കരുത്തുകാട്ടാൻ ഇനിയും അവർക്കു കഴിഞ്ഞിട്ടില്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കേരളം നിർണായക സംസ്ഥാനമൊന്നുമല്ലെങ്കിലും അവരുടെ തന്ത്രങ്ങൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിക്കാം. അണിയറ ധാരണകൾ സംബന്ധിച്ച് പണ്ടും പല കഥകളും പ്രചരിച്ചിരുന്നു. അതിപ്പോഴും അവഗണിക്കാനാവില്ല. ഏതായാലും അടുത്ത നിയസഭാ തെരഞ്ഞെടുപ്പിൽ പല അത്ഭുതങ്ങളും സംഭവിക്കാം.  

സെർജി ആന്റണി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam