ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസുമായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. യൂനുസിന്റെ ധാക്കയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥ, സാമ്പത്തിക പരിഷ്‌കരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലേക്കുള്ള വിദേശസഹായം നിര്‍ത്തിവെയ്ക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അതേസമയം അലക്സ് സോറോസ്-മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ എന്ന അഭ്യൂഹങ്ങളും വ്യാപിക്കുകയാണ്.
ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ്എഫ്) ചെയര്‍മാന്‍ കൂടിയായ അലക്സ് സോറോസ് ബുധനാഴ്ചയാണ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ട നടത്തിയത്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ എല്ലാ പരിഷ്‌കരണ നടപടികളെയും പിന്തുണയ്ക്കുമെന്ന് അലക്സ് കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞിരുന്നു. ഒഎസ്എഫ് പ്രസിഡന്റ് ബിനൈഫര്‍ നൗറോജി ഉള്‍പ്പെടെയുള്ളവരാണ് അലക്സ് സോറോസിനൊപ്പം എത്തിയത്.
സൈബര്‍ സുരക്ഷാ ഭീഷണി, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയെപ്പറ്റിയും ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഒരു നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന് നേതൃത്വം കൊടുത്തതിന് യൂനുസിനെ അലക്സ് സോറോസ് അഭിനന്ദിക്കുകയും ചെയ്തു. ഒഎസ്എഫിന്റെ പിന്തുണയ്ക്ക് മുഹമ്മദ് യൂനുസ് നന്ദി പറഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിനെതിരെയുണ്ടായ പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയാണെന്നും യൂനുസ് കൂട്ടിച്ചേര്‍ത്തു.
ഷെയ്ഖ് ഹസീനയുടെ കാലത്ത് രാജ്യത്ത് നിന്നും കടത്തിക്കൊണ്ടുപോയ 234 ബില്യണ്‍ ഡോളര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നും അദ്ദേഹം ഒഎസ്എഫിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യൂനുസ് വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് മുഹമ്മദ് യൂനുസും അലക്സ് സോറോസും കൂടിക്കാഴ്ച നടത്തുന്നത്. 2024 ഒക്ടോബര്‍ രണ്ടിന് ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. യൂനുസുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ അലക്സ് സോറോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ പിതാവിന്റെ പഴയ സുഹൃത്ത് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.
'' എന്റെ പിതാവിന്റെയും ഫൗണ്ടേഷന്റെയും സുഹൃത്തിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നൊബേല്‍ പുരസ്‌കാര ജേതാവും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശില്‍ സമാധാനം പുനസ്ഥാപിച്ച് സമത്വത്തിലധിഷ്ടിതമായ സമൂഹം കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' അലക്സ് സോറോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
ശതകോടീശ്വരന്‍ ജോര്‍ജ് സോറോസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുഹമ്മദ് യൂനുസ്. 1999 ല്‍ ഒഎസ്എഫിന്റെ പിന്തുണയുള്ള സോറോസ് ഇക്കണോമിക് ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും മുഹമ്മദ് യൂനുസിന് 11 മില്യണ്‍ ഡോളര്‍ വായ്പ ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ ഗ്രാമീണ്‍ഫോണ്‍ ലിമിറ്റഡിന്റെ 35 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ഗ്രാമീണ്‍ ടെലകോമിനെ സഹായിക്കുന്നതിനായിരുന്നു ഈ വായ്പ. യൂനുസുമായി ബന്ധപ്പെട്ട ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരുന്നു ഗ്രാമീണ്‍ ടെലകോം. 2024 ഡിസംബറില്‍ മുന്‍ ഒഎസ്എഫ് പ്രസിഡന്റ് മാര്‍ക് ബല്ലോച്ച് ബ്രൗണ്‍ യൂനുസുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തകളിലിടം നേടി.
ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം ?
അലക്സ് സോറോസ്-മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യങ്ങളും ഉയരുകയാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് സോറോസ്. കൂടാതെ സോറോസിന്റെ നേതൃത്വത്തിലുള്ള ഒഎസ്എഫ് സ്വതന്ത്ര കാശ്മീര്‍ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. അമേരിക്കയുടെ പരമോന്നത ബഹുമതി പുരസ്‌കാരം നല്‍കി ബൈഡന്‍ സര്‍ക്കാര്‍ ആദരിച്ച വ്യക്തി കൂടിയാണ് സോറോസ്.
സമ്പന്നനും അപകടകാരിയുമാണ് സോറോസ് എന്നാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദാനി വിഷയത്തിലും ഇന്ത്യയ്ക്കെതിരെ സോറോസ് നിലയുറപ്പിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സോറോസ് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിടുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.
അതേസമയം ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തില്‍ സോറോസിന്റെ ഒഎസ്എഫിന് പങ്കുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍ ഷെയ്ഖ് ഹസീന അമേരിക്കയ്ക്കെതിരെ വിരല്‍ ചൂണ്ടിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനി മുതല്‍ ഒഎസ്എഫില്‍ നിന്നും സോറോസിന്റെ പിന്തുണയുള്ള സ്ഥാപനങ്ങളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പണമൊഴുകുമെന്നാണ് കരുതുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ബംഗ്ലാദേശ് ഇന്ത്യയുമായി ഉണ്ടാക്കിയ തുല്യമല്ലാത്ത കരാറുകള്‍ റദ്ദാക്കുമെന്ന് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1