കെ. കരുണാകരന്റെ കാലുവാരലിൽ പരാജയപ്പെട്ട എം.ഒ ജോൺ

FEBRUARY 12, 2025, 12:39 AM

കോൺഗ്രസിന്റെ കുത്തക സീറ്റായ എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ഒരു കാരണവശാലും തോൽക്കേണ്ട കാര്യമില്ലാത്തതാണ്. പക്ഷേ, കെ. കരുണാകരൻ തന്ത്രപൂർവ്വം കാലുവാരി. സെബാസ്റ്റ്യൻ പോളിന്റെ ചിഹ്നം ടെലിവിഷൻ ആയിരുന്നു. നമ്മുടെ പ്രിയങ്കരനായ നേതാവ് രാജീവ് ഗാന്ധി കൊണ്ടുവന്ന ടെലിവിഷൻ നല്ല ചിഹ്നമാണെന്നു ഒരുകണ്ണിറുക്കി കള്ളച്ചിരിയോടെ കരുണാകരൻ പറഞ്ഞത് വയറലായി.

2003 ജൂലൈ 26ന് ആയിരുന്നു എറണാകുളം എംപിയായ ജോർജ് ഈഡന്റെ മരണം. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽവച്ചായിരുന്നു ആ അമ്പതുകാരന്റെ അന്ത്യം. എറണാകുളം ജില്ലയിലെ കടമക്കുടി എന്ന ഗ്രാമത്തിൽ അമ്പാട്ട് മാത്യുവിന്റെയും അന്നമ്മയുടേയും മകനായി 1953 നവംബർ ഏഴിന് ജനിച്ച ഈഡൻ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി.  


vachakam
vachakam
vachakam

കെ.എസ്.യു പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഈഡൻ ഏവർക്കും പ്രിയപ്പെട്ട നേതാവായിരുന്നു. അഴിമതിയാരോപണമൊന്നും കേൾപ്പിക്കാത്ത വ്യക്തി. അദ്ദേഹം മരിക്കുമ്പോൾ 5 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് ലോണെടുത്ത കടമടക്കം സാമ്പത്തിക പ്രയാസത്തത്തിലായിരുന്നു. അന്നത്തെ ഡി.സി.സി അധ്യക്ഷനായിരുന്ന കെ.പി. ധനപാലൻ 10 ലക്ഷം രൂപ ബാങ്കിൽനിക്ഷേപം നൽകി ഈഡന്റെ കുടുംബത്തെ സഹായിക്കുകയായിരുന്നു. അനാഥരായ 19 വയസുള്ള ഹൈബിയും അനിയത്തി 17 കാരിയായ അനിയത്തിയും അക്ഷരാർത്ഥത്തിൽ അനാഥരായി. ഈഡന്റെ ഭാര്യ റാണി നേരത്തെ മരിച്ചുപോയിരുന്നു.

ജോർജ് ഈഡന്റെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നിരിക്കുന്നു. തിയതി നിശ്ചയിച്ചു. 2003 സെപ്തംബർ 23.  സെബാസ്റ്റ്യൻ പോളായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. എം.ഒ .ജോൺ കോൺഗ്രസ് സ്ഥാനാർത്ഥിയും. 1997ൽ നടന്ന എറണാകുളം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റിയൻ പോൾ ആദ്യമായി ലോക്‌സഭയിലെത്തിയത്. അതിനുശേഷം, 2003ൽ ആണ് ജോണിനോട് ഏറ്റുമുട്ടാൻ ഇറങ്ങിയത്. ജോണിന്റേത് കന്നിയങ്കം ആയിരുന്നു. ഉമ്മൻചാണ്ടിയും കൂട്ടരും ജോണിനെ ജയിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സെബാസ്റ്റ്യൻ പോളിനോട് പൊരുതി തോൽക്കേണ്ടിവന്നു ജോണിന്.

എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ഒരു കാരണവശാലും തോൽക്കേണ്ട കാര്യമില്ലാത്തതാണ്. പക്ഷേ, കെ. കരുണാകരൻ തന്ത്രപൂർവ്വം കാലുവാരി. സെബാസ്റ്റ്യൻ പോളിന്റെ ചിഹ്നം ടെലിവിഷൻ ആയിരുന്നു. നമ്മുടെ പ്രിയങ്കരനായ നേതാവ് രാജീവ് ഗാന്ധി കൊണ്ടിവന്ന ടെലിവിഷൻ നല്ല ചിഹ്നമാണെന്നു ഒരുകണ്ണിറുക്കി കള്ളച്ചിരിയോടെ കരുണാകരൻ പറഞ്ഞത് വയറലായി. ഇതോടൊപ്പം നടത്തിയ തിരുവല്ലാ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും ആയിരുന്ന പരേതനായ മാമ്മൻ മത്തായിയുടെ ഭാര്യ എലിസബേത്ത് മാമ്മൻ മത്തായിയെ സ്ഥാനാർത്ഥിയാക്കി. അവിടേയും മികച്ച പ്രചാരണമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയത്. 

vachakam
vachakam
vachakam

എലിസബത്ത് മാമ്മൻ ജയിച്ചെങ്കിലും കരുണാകരൻ ഗ്രൂപ്പ് അവിടേയും കാലുവാരി എന്ന പരാതി ഉമ്മൻ ചാണ്ടി പിന്നീട് ഉന്നയിച്ചിരുന്നു. ഏറെ വിചിത്രമാണ് കോൺഗ്രസ് പാർട്ടിയിലെ കാര്യങ്ങൾ. വർഷം 2004 ലേക്ക് പ്രവേശിക്കുമ്പോൾ പാർട്ടിയിൽ ഏതാണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാന ഘടകങ്ങളിലും ചേരിപ്പോര് കത്തി നിൽക്കുകയാണ്. പഞ്ചാബിൽ മുഖ്യമന്ത്രി അമരേന്ദ്ര സിംഗിനെ നീക്കം ചെയ്യുന്നതുവരെ താൻ ദില്ലി വിടില്ലെന്ന് പറഞ്ഞ് കൃഷിമന്ത്രിയും വിമത നേതാവുമായ രാജേന്ദർ കൗർ ഭട്ടൽ കുടിയിരുപ്പ് സമരം നടത്തിയ അതേ വേളയിൽ കേരളത്തിലെ മുഖ്യമന്ത്രിയെയും മാറ്റണമെന്ന ആവശ്യമായി കെ. കരുണാകരനും ഡൽഹിയിൽ എസ്‌കോർട്ട്‌സ് ആശുപത്രിയിൽ തമ്പടിച്ചിരിക്കുന്നു. 

എന്നാൽ രാജേന്ദർ കൗർ ഭട്ടലിന്റെ കാര്യത്തിൽ അച്ചടക്കനടപടി ഒന്നും ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല അദ്ദേഹത്ത ഉപ മുഖ്യമന്ത്രിയാക്കി ഉയർത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കേരളത്തിൽ അങ്ങനെ ആയിരുന്നില്ല. ആദ്യം കരുണാകരനോട് അല്പം പോലും മൃദു സമീപനം ഇല്ലാതിരുന്ന ഹൈക്കമാൻഡ് ഒടുവിൽ ഒന്ന് അയഞ്ഞു. കെ. മുരളീധരനും ഉപമുഖ്യമന്ത്രിപദം നൽകി കാര്യങ്ങൾ പരിഹരിക്കാൻ കേരളത്തിൽ യു.ഡി.എഫ് മുന്നണിയിലെ കരുണാകര അനുകൂലികളുടെ ശുപാർശ കൂടി വന്നപ്പോൾ ഹൈക്കമാൻഡ് സമ്മതിച്ചെന്നാണ് വാർത്തകൾ ആദ്യം പറയുന്നത്. എന്നാൽ ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നായിരുന്നു എ.കെ. ആന്റണിയുടെയും മുരളീധരന്റെയും ഉമ്മൻചാണ്ടിയുടെയും പരസ്യ നിലപാട്. ഇനി ഇക്കാര്യത്തിനായി ഡൽഹിക്ക് പോകില്ലെന്ന് ഉമ്മൻചാണ്ടി തീർത്തു പറഞ്ഞിരുന്നു. എങ്കിലും വീണ്ടും അദ്ദേഹം ഡൽഹിക്ക് പോവുക തന്നെ ചെയ്തു.

ഇക്കാലമത്രയും ഹൈക്കമാൻഡ് എന്തു തീരുമാനിച്ചാലും തങ്ങൾ അത് ശിരസ്സാവഹിക്കുമെന്നും മറുപക്ഷം ആണ് ധിക്കാരികൾ എന്നും പറഞ്ഞിരുന്ന കരുണാകര വിരുദ്ധ വിഭാഗം ഇപ്പോൾ ഇതൊക്കെ മറന്നു മുരളിയെ മന്ത്രിയാക്കിയാൽ പാർട്ടിയിൽ കടുത്ത പൊട്ടിത്തെറി ഉണ്ടാകുമെന്ന് വരെ പറഞ്ഞു ഹൈക്കമാന്റിനെ വിരട്ടുന്നു. അല്പം ചട്ടമ്പിത്തരത്തിന് തന്നെ മുതിർന്ന ഐ ഗ്രൂപ്പ് ആകട്ടെ ഇപ്പോൾ ഹൈക്കമാന്റിന്റെ  തികഞ്ഞ അനുയായികളായി മാറുകയും ഹൈക്കമാന്റിന്റെ ഫോർമുലയെ തള്ളിപ്പറയുന്ന അനുസരണക്കേടിന് കരുണാകര വിരുദ്ധരെ പ്രതിക്കൂട്ടിൽ കയറ്റുകയും ചെയ്യുന്നു! കോൺഗ്രസിലെ കുഴപ്പങ്ങൾ തീർക്കാൻ കരുണാകര വിഭാഗം ഹൈക്കമാന്റിന്റെ മുന്നിൽ വച്ച് മൂന്നാമത്തെ കാലാവധിയും കഴിയാറായി. കരുണാകര വിഭാഗത്തിന് അച്ചടക്കനത്തിന് ശിക്ഷയില്ല. പാരിതോഷികമാണ് ഹൈക്കമാന്റ് ആലോചിക്കുന്നത് എന്ന് കേട്ടതോടെ ഉമ്മൻ ചാണ്ടിയുടെ അമർഷം ഏറി.  

vachakam
vachakam
vachakam

എന്നാൽ ഐ ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനുള്ള പ്രധാന തടസ്സം കരുണാകര വിരുദ്ധരുടെ നേതാവായ മുഖ്യമന്ത്രി തന്നെയാണെന്ന് ഇവരുടെ ആവശ്യത്തിന് അർത്ഥമില്ലായ്മ വെളിപ്പെടുത്തുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കരുണാകര വിഭാഗത്തിന്റെ ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരെയും യാതൊരു നടപടിയും അവർക്കെതിരെ എടുക്കാതിരുന്നത് ആന്റണിയുടെ ഉപദേശപ്രകാരമാണെന്ന് ആർക്കാണ് അറിയാത്തത്? 

ഇപ്പോഴാകട്ടെ ആന്റണിയുടെ വിശ്വസ്ത സുഹൃത്ത് ഉമ്മൻചാണ്ടി രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അച്ചടക്കനടപടി എടുക്കാത്തതാണ് വിമതർക്ക് കൂടുതൽ ശക്തിപകർന്നത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കമാന്റിനെ കുറ്റപ്പെടുത്തുന്നു. സ്വന്തം നേതാവ് എ.കെ. ആന്റണിയെപ്പോലും ഇക്കാര്യം ബോധ്യപ്പെടുത്താതെ ഹൈക്കമാന്റിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം എന്ന് ചോദ്യത്തിൽ നിന്ന് തന്ത്രപൂർവ്വം ഉമ്മൻചാണ്ടി ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. ഇടയ്‌ക്കൊരുതവണ അഹമ്മദ് പട്ടേലിന്റെ പ്രേരണ മൂലം ഡൽഹിയിൽ ചെന്ന് സോണിയയോട് അച്ചടക്കനടപടി ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ വീണ്ടും ആന്റണി തന്റെ പഴയ നിലപാട് ആവർത്തിക്കുന്നു.

അച്ചടക്കമല്ല ഐക്യമാണ് ആവശ്യം പാർട്ടി പിളരാതിരിക്കാൻ താൻ എന്തു വിട്ടുവീഴ്ചക്കും ത്യാഗത്തിനും തയ്യാറാണ്. പാർട്ടിയിലെ ഐക്യത്തിനു വേണ്ടി 1981ൽ സ്ഥാനങ്ങൾ എന്നാൽ ഉമ്മൻ ചാണ്ടിയാകട്ടെ അച്ചടക്കവും ഐക്യവും ഒരുപോലെ പാർട്ടിയുടെ സുഖമമായി നടത്തിപ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam