ഗാസയില്‍ വലിയ റിയല്‍ എസ്റ്റേറ്റ് പ്ലാന്‍

FEBRUARY 12, 2025, 2:04 AM

ഗാസ അമേരിക്ക വാങ്ങുമെന്നും സ്വന്തമാക്കുമെന്നുമുള്ള വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ വലിയ റിയല്‍ എസ്റ്റേറ്റ് ഭൂമിയാണ്. അവിടെ പുനര്‍നിര്‍മ്മിക്കാന്‍ മധ്യപൂര്‍വദേശത്തെ രാജ്യങ്ങളെ അനുവദിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

'പുനര്‍നിര്‍മ്മിക്കുകയെന്നതാണ് പ്രധാനം. മധ്യപൂര്‍വ്വ പ്രദേശത്തെ മറ്റ് രാജ്യങ്ങളെ ചില ഭാഗത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവദിക്കും. എന്നാല്‍ ഞങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കും. കാരണം ഞങ്ങളാണ് ഗാസ ഏറ്റെടുക്കാനും സ്വന്തമാക്കാനും അധികാരമുള്ളവര്‍. ഒരു കാര്യം ഉറപ്പാണ് ഹമാസിനെ അവിടെ അനുവദിക്കില്ല. ആ പ്രദേശം മുഴുവന്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണ്', ട്രംപ് പറഞ്ഞു.

ഗാസയിലേക്ക് പലസ്തീനികള്‍ പോകണമെന്ന് ആഗ്രഹിക്കുന്നത് അവരുടെ വീട് അവിടെയാണ് ഉള്ളത് എന്നതിനാലാണ്. അവര്‍ക്ക് സുരക്ഷിതമായ വീട് മറ്റൊരു സ്ഥലത്ത് ഒരുക്കാമെന്ന ഉറപ്പ് നല്‍കിയാല്‍ അവര്‍ ഒരിക്കലും മടങ്ങിപ്പോകില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ ഗാസയെ അമേരിക്കയ്ക്ക് കൈമാറുമെന്നും ഗാസയെ സ്വതന്ത്രമാക്കാനും മേഖലയെ രാജ്യാന്തര കേന്ദ്രമാക്കി മാറ്റാനും യുഎസ് തയ്യാറാണെന്നുമായിരുന്നു നേരത്തേ ട്രംപ് പറഞ്ഞത്.

ഗാസയുടെ സാമ്പത്തിക ഉന്നമനത്തിനുള്ള ശ്രമങ്ങള്‍ക്കും തങ്ങള്‍ തയ്യാറാണ്. ഗാസയുടെ സംരക്ഷണത്തിനായി യുഎസ് സൈന്യത്തെ അവിടേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അയക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പലസ്തീന്‍ ജനത പ്രതികരിച്ചത്. ഗാസ തങ്ങളുടെ മണ്ണാണെന്നും പലസ്തീന്‍ വിട്ടുപോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും പലസ്തീന്‍കാര്‍ തുറന്നടിച്ചു. ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയ്‌ക്കെതിരെ ഹമാസും രംഗത്തെത്തി. വിഡ്ഢിത്തമാണ് ട്രംപ് പുലമ്പുന്നതെന്നായിരുന്നു ഹമാസിന്റെ പരിഹാസം.

'ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഒരു വസ്തുവല്ല, അത് ഞങ്ങളുടെ അധിനിവേശ പാലസ്തീന്‍ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്റെ മാനസികാവസ്ഥയില്‍ പാലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് വലിയ പരാജയത്തിന്റെ സൂചനയാണ്. പാലസ്തീന്‍ ജനത ഇത്തരത്തിലുള്ള നാടുകടത്തല്‍ പദ്ധതികളെ പരാജയപ്പെടുത്തും. ഗാസ അവിടുത്തെ ജനങ്ങളുടേതാണ്', ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസത്ത് അല്‍ റിഷെഖ് ടെലിഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞത് ഇപ്രകാരമാണ്.

അതിനിടെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണെന്നും അതിനാല്‍ ഇനി ബന്ദികളെ മോചിപ്പിക്കില്ലെന്നുമാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഗാസ ഏറ്റെടുത്ത് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ രംഗത്തെത്തി. ഗാസയെ പുനര്‍നിര്‍മ്മിക്കുന്നതിന് തന്നെയാണ് മുന്‍ഗണനയെന്നും എന്നാല്‍ അതൊരിക്കലും അവിടുത്ത ജനങ്ങളെ മാറ്റിപാര്‍പ്പിച്ച് കൊണ്ടായിരിക്കരുതെന്നും ജോര്‍ദാന്‍ രാജാവ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും പാലസ്തീന്‍ ജനതയെ മാറ്റിപാര്‍പ്പിക്കുന്നതിനെതിരെ തങ്ങളുടെ ശക്തമായ നിലപാട് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ഏകീകൃത നിലപാടാണിത്. ഗാസയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാതെ തന്നെ പ്രതിസന്ധിക്ക് പരിഹാരം കാണുകയും ഗാസയെ പുനര്‍നിര്‍മ്മിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രാദേശിക തലത്തിലുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഈജിപ്ത് നടത്തുന്നുണ്ടെന്നും റിയാദില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും കൂടിക്കാഴ്ചയില്‍ അബ്ദുള്ള രണ്ടാമന്‍ ട്രംപിനെ അറിയിച്ചു. ജോര്‍ദാനെ സംബന്ധിച്ച് ചരിത്രപരമായ ആശങ്കകളും വിഷയത്തില്‍ ഉണ്ട്. 11 ദശലക്ഷമുള്ള ജോര്‍ദാനിലെ ജനസംഖ്യയുടെ പകുതിയും പാലസ്തീന്‍ വംശജരാണ്. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായതോടെയാണ് ഇവരില്‍ പലരും ജോര്‍ദാനിലേക്ക് കുടിയേറിയത്.

അതിനിടെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ 2000ത്തോളം കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അബ്ദുള്ള രണ്ടാമന്‍ വാഗ്ദാനം ചെയ്തു. മികച്ച തീരുമാനം എന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഇത്തരമൊരു കാര്യം ജോര്‍ദാന്‍ ആലോചിക്കുന്നതായി അറിഞ്ഞിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഗാസ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നായിരുന്നു നേരത്തേ ട്രംപ് പറഞ്ഞത്. പാലസ്തീനികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തന്റെ നിര്‍ദേശം ജോര്‍ദാനും ഈജിപ്തുമൊന്നും അംഗീകരിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള യു.എസ് സഹായം നിര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശത്തില്‍ നിന്നും ട്രംപ് പിന്നോട്ട് പോയി. അതിനിടെ ഗാസയില്‍ തനിക്ക് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ ഉണ്ടെന്ന പരാമര്‍ശത്തിലും ട്രംപ് വ്യക്തത വരുത്തി. 'എനിക്ക് ഗാസയില്‍ വ്യക്തിപരമായ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ ഇല്ല. യുഎസില്‍ തന്നെ എന്റെ ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഗാസയില്‍ വിപുലമായ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam