ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ തടവറയുടെ ചരിത്രം അറിയാം

FEBRUARY 5, 2025, 9:21 AM

അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം നാടുകടത്തുമെന്നായിരുന്നു തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെല്ലാം ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെയെല്ലാം ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയിലാക്കുമെന്ന ഒരു പ്രസ്താവനയാണ് ട്രംപില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പു വയ്ക്കുകയും ചെയ്തു.

മുപ്പതിനായിരത്തിലേറെ പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഇവിടുത്തെ സൗകര്യങ്ങള്‍ ഇരട്ടിയായി ക്രമീകരിക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശിച്ച് കഴിഞ്ഞു.

ഗ്വാണ്ടനാമോയുടെ ചരിത്രം

ഇതോടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തടവറയായ ഗ്വാണ്ടനാമോ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നത്. അമേരിക്കയുടെ നാവികത്താവളമായ ഗ്വാണ്ടനാമോയില്‍ ഭീകര കുറ്റവാളികള്‍ക്കായി 2002 ല്‍ അമേരിക്ക സ്ഥാപിച്ച തടവറയുടെ പേരിലാണ് ഗ്വാണ്ടനാമോ കുപ്രസിദ്ധമായത്. 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം അമേരിക്ക കസ്റ്റഡിയിലെടുത്തവരാണ് ഇവിടുത്തെ അന്തേവാസികള്‍.

ഗ്വാണ്ടനാമോയിലെ അതിക്രൂര പീഡനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിലവില്‍ പതിനഞ്ച് അന്തേവാസികളാണ് ഗ്വാണ്ടനാമോ തടവറയില്‍ ഉള്ളത്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് അടക്കമുള്ളവരാണ് നിലവിലിവിടെ ഉള്ളത്. തീവ്രവാദികളും കുപ്രസിദ്ധ കുറ്റവാളികളുമടക്കം 800 പേര്‍ വരെയുണ്ടായിരുന്ന തടവറയാണിത്.

രാജ്യാന്തര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും എല്ലാം കാറ്റില്‍ പറക്കുന്ന തടവറയായാണ് ഗ്വാണ്ടനാമോയെ അടയാളപ്പെടുത്തിയിട്ടുള്ളത്. തടവുകാരെ പീഡിപ്പിക്കുന്നതിന്റെ അന്തമില്ലാത്ത കഥകളായിരുന്നു ഇവിടെ നിന്ന് മുന്‍കാലങ്ങളില്‍ പുറത്ത് വന്നിരുന്നത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ അമേരിക്ക ഉപയോഗിച്ചിരുന്ന തടങ്കല്‍ പാളയമാണ് ഗ്വാണ്ടനാമോ ബേ.

1903 ലെ ഒരു കരാര്‍ പ്രകാരം ഹവാനയില്‍ നിന്ന് പാട്ടത്തിനെടുത്ത തെക്കുകിഴക്കന്‍ ക്യൂബയിലെ തീരപ്രദേശത്തുള്ള അമേരിക്കന്‍ നാവിക താവളത്തില്‍ 2002 ജനുവരിയിലാണ് ഗ്വാണ്ടനാമോ ബേ സൈനിക ജയില്‍ തുറന്നത്. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭരണത്തിന് കീഴില്‍ ശത്രു പോരാളികള്‍ എന്ന് വിളിക്കുന്ന തടവുകാരെ കൈകാര്യം ചെയ്യുന്നതിനായി ഇവിടെ തടങ്കല്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുകയായിരുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റുമാരായിരുന്ന ബരാക് ഒബാമയും ജോ ബൈഡനും ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഈ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നും ഗ്വാണ്ടനാമോ പ്രവര്‍ത്തിക്കുന്നു.

കുടിയേറ്റക്കാരുടെ മുന്‍കാല തടവ്

പതിറ്റാണ്ടുകളായി അമേരിക്ക കടലില്‍ പിടിച്ച് വച്ച കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ സൈനികത്താവളത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. അതേസമയം ഭീകരവാദം ആരോപിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്നത് ഇതിന് സമീപമുള്ള മറ്റൊരിടത്തായിരുന്നു. ഇവിടെ തടഞ്ഞ് വച്ചിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണം വളരെ കുറവാണ്. 2020 മുതല്‍ 2023 വരെ വെറും 37 കുടിയേറ്റക്കാരെ മാത്രമാണ് ഇവിടെ തടവിലാക്കിയിട്ടുള്ളത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഈ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവശേഷിക്കുന്നത് പതിനഞ്ച് പേര്‍

തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ആരോപിച്ച് ഗ്വാണ്ടനാമോയില്‍ 2002 മുതല്‍ ഏകദേശം 800 പേരെയാണ് തടവിലാക്കിയിരുന്നത്. ഇതില്‍ നിരവധി പേരെ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാനം മോചിപ്പിച്ചു. നിലവില്‍ പതിനഞ്ച് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ മോചനത്തിനുള്ള നടപടികള്‍ തുടരുകയാണ്. മറ്റ് മൂന്ന് പേര്‍ മോചനത്തിന് സാധ്യതയുള്ളവരാണ്. ഏഴു പേര്‍ കുറ്റാരോപിതരും. രണ്ടു പേരെ ശിക്ഷിച്ചു. തടവിലാക്കിയ 11 യെമനികളെ അടുത്തിടെ മോചിപ്പിച്ചിരുന്നു.

ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധ തടവുകാര്‍

2001 സെപ്റ്റംബര്‍ 11 ന് നടന്ന തീവ്രാദി ആക്രമണത്തിന്റെ സൂത്രധാരന്‍മാരായ നിരവധി പ്രതികളെ ഗ്വാണ്ടനാമോയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അവരില്‍ സ്വയം പ്രഖ്യാപിത സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദുമുണ്ട്. 2000 ത്തില്‍ അമേരിക്കന്‍ നാവിക സേനയുടെ മിസൈല്‍ വേധ സംവിധാനമായ യുഎസ്എസ് കോളിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ റഹീം അല്‍ നഷിരിയും ഇവിടെയുണ്ട്. 2002ല്‍ പിടികൂടിയ അബ്ദുള്‍ റഹീമിനെ 2006ല്‍ ഗ്വാണ്ടനാമോയിലേക്ക് മാറ്റുകയായിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങള്‍

മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി കഥകളാണ് ഗ്വാണ്ടനാമോയില്‍ നിന്ന് പുറത്ത് വരുന്നത്. ഭക്ഷണം നിരസിക്കുന്നവരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന രീതിയാണ് അതിലൊന്ന്. ഇത് ആവശ്യമാണെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ വിശദീകരണം. ഈ പ്രക്രിയയില്‍ തടവിലാക്കപ്പെടുന്നവരുടെ മൂക്കിലേക്കും വയറിലേക്കും ട്യൂബ് കുത്തിക്കയറ്റി പമ്പ് ചെയ്താണ് ഭക്ഷണം നല്‍കുന്നത്. ഏതായാലും നിഗൂഢമായ ഗ്വാണ്ടനാമോ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

ക്യൂബയുടെ പ്രതികരണം

ഒരു നൂറ്റാണ്ടിലേറെയായി അമേരിക്ക ക്യൂബയില്‍ നിന്ന് പാട്ടത്തിനെടുത്തിട്ടുള്ള ഗ്വാണ്ടനാമോയിലേക്ക് പുത്തന്‍ തടവുകാരെ എത്തിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ക്യൂബ അപലപിച്ചു. ഇത് മൃഗീയ നടപടിയെന്നാണ് പ്രസിഡന്റ് മിഗുവേല്‍ ഡയാസ് കാനല്‍ പ്രതികരിച്ചത്. അനധികൃതമായി കയ്യേറിയ തങ്ങളുടെ സ്ഥലത്താണ് തടവറ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കേന്ദ്രമായ ഗ്വാണ്ടനാമോയിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നത് തികച്ചും അപലപനീയമാണെന്നാണ് വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് എക്സില്‍ കുറിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam