ഇന്ത്യൻ ജനാധിപത്യത്തിന് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കോടതി വിധി

MAY 11, 2022, 6:28 PM

അതേ, ചരിത്രപരമായൊരു കോടതി വിധി ഉണ്ടായിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ സംഭാവനയാണിത്. ഇന്ത്യൻ പീനൽ കോഡിലെ 124എ വകുപ്പുപ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തി ആരെവേണമെങ്കിലും തുറങ്കിലടക്കാൻ കഴിയുന്ന ഒരു കാടൻ നിയമം. 162 വർഷം മുമ്പ് തുടങ്ങിവച്ച ഈ നിയമം പുനപരിശോധിക്കന്നതുവരെ സംസ്ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പാടില്ല. ചീഫ് ജസ്റ്റീസ് രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ബ്രിട്ടീഷുകാരുടെ കാലത്ത് മെക്കോള പ്രഭു രൂപം കൊടുത്ത ഈ നിയമപ്രകാരം സ്വാതന്ത്ര്യസമര കാലത്തുതന്നെ ഗാന്ധിജി ഉൾപ്പെടെ നിരവധി വ്യക്തിത്വങ്ങൾ അറസ്റ്റുചെയ്യപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വിമർശനത്തിന് വിലങ്ങുവെയ്ക്കുന്ന, എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്ന ജനാധിപത്യ വിരുദ്ധമായ ഈ വകുപ്പിനെതിരെ അന്നുതന്നെ ശക്തമായ വിമർശനങ്ങൾ സമൂഹത്തിൽ ഉയർന്നുവന്നിട്ടുണ്ട്.


vachakam
vachakam
vachakam


എങ്ങനെ വേണമെങ്കിലും ഏതുകാര്യത്തെയും, ഏതു വിമർശനത്തെയും ഈ വകുപ്പിനുള്ളിൽ കൊണ്ടുവരാമെന്നതാണ് 124 എയുടെ പ്രത്യേകത. ഈ വകുപ്പ് ദുരുപയോഗം ചെയ്ത് വിമർശിക്കുന്നവരെ തുറങ്കലിൽ അടച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ വേണം ചീഫ്  ജസ്റ്റിസ് രമണയുടെ വിധിന്യായത്തെ വിലയിരുത്താൻ.

ഐ.പി.സിയുടെ 124 എ വകുപ്പ് അഥവ ''രാജ്യദ്രോഹ കുറ്റ''മാണ് നമ്മുടെ പീനൽ നിയമസംവിധാനത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കുന്ന ഭാഗം. ഇന്ത്യൻ നിയമത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ഗവൺമെന്റുകളോട് ഏതെങ്കിലുമൊരാൾക്ക് നീരസം തോന്നുകയാണെങ്കിൽ അഥവാ നീരസം പ്രകടിപ്പിക്കാൻ അയ്യാൾ തയ്യാറാവുകയാണെങ്കിൽ അയാളെ ജീവപര്യന്തം തടവിലടക്കാൻ ഈ വകുപ്പ് അനുശാസിക്കുന്നു.

vachakam
vachakam
vachakam

വിശ്വാസമില്ലായ്മയും വിദ്വേഷപരമായ വികാരങ്ങളുമൊക്കെ ഈ നീരസ പ്രകടനത്തിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഭരിച്ചിരുപ്പോൾ അവർ ഉൾപ്പെടുത്തിയതാണ് ഈ വകുപ്പ്. ഖേദകരമെന്നു പറയട്ടെ നമ്മുടെ ശിക്ഷാ നിയമത്തിൽ ആഴത്തിൽ തന്നെ ഈ വകുപ്പ് ഇപ്പോഴും പ്രവർത്തനനിരതമായി തുടരുകയായിരുന്നു. ബാലഗംഗാധര തിലകനും ആനി ബസന്റുമടക്കം നിരവധി സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ ഈ സാമ്രാജ്യത്വ നിയമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1922 ൽ മഹാത്മഗാന്ധിയും 124 എ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

വ്യക്തികളുടെ സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള മൗലികാവകാശത്തിന് ഒരു അപവാദം എന്ന നിലയിൽ ''രാജ്യദ്രോഹകുറ്റത്തെ'' ഭരണഘടനയുടെ കരട് രേഖയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വളരെ നീണ്ട സംവാദങ്ങൾക്ക് ഒടുവിൽ അത് ഉപേക്ഷിച്ചിരുന്നു. കാരണം അന്ന് നടന്ന സംവാദത്തിൽ ഇത്തരമൊരു പ്രൊവിഷൻ സ്വതന്ത്ര ഇന്ത്യയിൽ തുടരുന്നത് അസംബന്ധമാണെന്ന് വിലയിരുത്തപ്പെട്ടു.
അനുഛേദം 19ൽ നിന്നും ഇത് നീക്കം ചെയ്യണമെന്ന് കെ.എം. മുൻഷി വാദിച്ചു.

കാരണം, ''ഒരു ഗവൺമെന്റിനെ നീക്കം ചെയ്ത് മറ്റൊരു ഗവൺമെന്റ് സ്ഥാപിക്കണമെന്ന് വാദിക്കുക എന്നത് പാർട്ടി സിസ്റ്റത്തിൽ അനിവാര്യമാണ്. മറ്റൊരു ഗവൺമെന്റ് സംവിധാനം വരണമെന്ന് വാദിക്കുന്നത് സ്വാഗതാർഹവുമാണ്. കാരണം അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.''
അന്നത്തെ മദ്രാസ് നിയമസഭയിൽ അംഗമായിരുന്ന ടി.ടി കൃഷ്ണമാചാരി, 1802ൽ തന്നെ അമേരിക്കയിൽ ഈ വകുപ്പ് പ്രവർത്തന രഹിതമായ കാര്യം ചൂണ്ടികാട്ടിക്കൊണ്ട് മുൻഷിയുടെ വാക്കുകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

vachakam
vachakam

നെഹ്‌റുവിന്റെ അഭിപ്രായവും പൂർണമായും ഈ വകുപ്പിന് എതിരായിരുന്നു എന്നു കാണാം. 1951 ൽ അദ്ദേഹം തന്റെ വിയോജിപ്പ് വ്യക്തമാക്കുകയുണ്ടായി, ''ഇന്ത്യൻ പീനൽ കോഡിന്റെ 124 എ വകുപ്പിനെ കുറിച്ചു പറയുകയാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം നിഷേധാത്മകവും നിന്ദ്യാർഹവുമാണ്. നടപ്പാക്കാൻ പോകുന്ന ഒരു നിയമബോഡിയിലും ഈ വകുപ്പിന് പ്രായോഗികമോ ചരിത്രപരമോ ആയ യാതൊരു പ്രാധാന്യവുമില്ല. എത്രയും വേഗം ഈ വകുപ്പ് ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്.''

എന്നാൽ ഈ വാക്കുകളൊക്കെ കേവലം കടലാസുകളിൽ കിടക്കുകയും ഗവൺമെന്റിനെ വിമർശിക്കുന്നവരെ അടിച്ചൊതുക്കാനായി ഇന്നും 124 എ വകുപ്പ് പ്രയോഗിക്കപ്പെടുത്തുകയും ചെയ്തുപോരുന്നു.1950 ന് ശേഷം പഞ്ചാബ് ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും 124 എ വകുപ്പിന് നിയമ പ്രാബല്യമില്ല എന്ന് വിധിച്ചിരുന്നു. എന്നാൽ ഈ വിധികളെ 1962ലെ കേദാർ നാഥ് കേസ്സ് അസാധുവാക്കി.

''ഗവൺമെന്റിന്റെ നടപടികളെ ശക്തിപ്പെടുത്താനും നിയമപരമായ മാർഗത്തിലൂടെ ഗവൺമെന്റിൽ മാറ്റം വരുത്താനും വേണ്ടി ശക്തമായ ഭാഷയിൽ വിമർശിക്കുന്നത് ഈ വകുപ്പിൽ വരുന്നില്ല'' എങ്കിലും ഗവൺമെന്റിനോട് വിദ്വേഷം വരുന്ന വിധത്തിലല്ലാതെ വേണം സംസാരിക്കാൻ എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതി അന്ന് ഈ വകുപ്പിനെ സാധൂകരിച്ചത്.
ഭരണകൂടവും സർക്കാരും തമ്മിലുള്ള വ്യത്യാസത്തെ അംഗീകരിക്കാൻ സംപ്രീംകോടതി വിസമ്മതിച്ചുവെന്നത് നിർഭാഗ്യകരമായിപ്പോയി.

ഇന്ത്യൻ ഭരണകൂടത്തോട് മാത്രമേ അവിശ്വാസം പാടുള്ളു. ജനവിരുദ്ധമായ നയങ്ങൾ സ്വീകരിക്കുമ്പോൾ ഗവൺമെന്റിനെതിരെ അവിശ്വാസം സമാധാനപരമായ മാർഗത്തിലൂടെ പ്രചരിപ്പിക്കേണ്ടത് ഊർജ്വസ്വലമായ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ അടിസ്ഥാനപരമായ ഒരു കാര്യമാണ്.

ഒരു ജനാധിപത്യ രാജ്യത്ത് ഗവൺമെൻിനോട് ആർക്കെങ്കിലും അതൃപ്തി തോന്നിയാൽ ആ ഗവൺമെന്റിനെതിരെ എതിർപ്പ് വളർത്തിയെടുക്കാനും അടുത്ത തിരഞ്ഞെടുപ്പിൽ ഗവൺമെന്റിനെ നീക്കം ചെയ്യാനും അയാൾക്ക് അവകാശമുണ്ട്.വാസ്തവത്തിൽ ഗവൺമെന്റിന്റെ തെറ്റായ പ്രവർത്തനങ്ങളെ തുറന്നു കാട്ടാനും അവയെ അംഗീകരിക്കാതിരിക്കുന്നതിനും ജനങ്ങളിൽ അതിനോട് എതിർപ്പും വിരോധവും വളർത്തിയെടുക്കാനും അതിനെ അധികാരത്തിൽ നിന്നും പുറത്താക്കാനുമുള്ള അവകാശം ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. തീർച്ചയായും അയാൾക്ക് അക്രമപ്രവർത്തനങ്ങളെ കൂട്ടുപിടിക്കാനുള്ള യാതൊരവകാശവുമില്ല.

നമ്മുടെ രാജ്യത്തെ് അരങ്ങേറിയ കർഷക സമരങ്ങൾ മുതൽ സംസ്ഥാന നയങ്ങൾക്കെതിരായ പൗരൻമാരുടെ പ്രതിഷേധങ്ങൾ വരെയുള്ള എല്ലാ ജനാധിപത്യ സമരങ്ങളും ക്രിമിനൽവൽക്കരിച്ചു ചിത്രീകരിക്കപ്പെടുകയും രാജ്യദ്രോഹ നിയമങ്ങളുടെ കീഴിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.
സ്വാഭാവികമായി ആയിരക്കണക്കിന് സാധാരണ പൗരൻമാർ അടിസ്ഥാന സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നതിന് നിർബന്ധിതരായിത്തീരുന്നുവെന്ന് മാത്രമല്ല ജയിലിൽ അടക്കപ്പെടുന്നതിലൂടെയും അതിനായി നിയമ പരിഹാരം സ്വീകരിക്കുന്നതിലൂടെയും വ്യക്തിപരവും വൈകാരികവും സാമ്പത്തികപരവുമായി വൻതോതിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിയും വരുന്നു.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam