ഗതികോർജം വീണ്ടെടുക്കാനാകാതെ കോൺഗ്രസ് ചിന്തൻ ശിബിരം

MAY 18, 2022, 8:59 PM

സജീവ രാഷ്ട്രീയക്കാർക്കു പുറമേ ഉൽക്കർഷ ചിന്താഗതി പുലർത്തുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാരും ആകാംക്ഷയോടെ കാത്തിരുന്ന ഉദയ്പൂരിലെ കോൺഗ്രസ് ചിന്തൻ ശിബിരം പാർട്ടിക്കു ഗതികോർജം പകർന്നതിന്റെ സൂചനകളില്ലെങ്കിലും ഒന്നിലേറെ 'കുമ്പസാര സെഷനുക'ളിലൂടെ പ്രകടമാക്കിയ വ്യത്യസ്തതയുടെ അനന്തരഫലമെന്താകുമെന്ന ചർച്ച നിരീക്ഷകർക്കിടയിൽ സജീവം. പാർട്ടിയുടെ സംഘടനാതലത്തിലും ആശയപരമായ അടിത്തറയിലും സമൂല മാറ്റങ്ങൾ വരുത്തുന്നതാവും ചിന്തൻ ശിബിരമെന്ന അവകാശവാദം പാഴ്‌വാക്കായതോടെ, നേതാവായി രാഹുൽഗാന്ധി തുടരുകയെന്ന ലക്ഷ്യം പരോക്ഷമായെങ്കിലും അംഗീകരിച്ചു കിട്ടുക എന്നതു തന്നെയായിരുന്നു ചിന്തൻ ശിബിരത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന നിഗമനം ഇതോടൊപ്പം കൂടുതൽ വ്യക്തമാകുന്നുമുണ്ട്.

എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം തുറന്നംഗീകരിച്ചില്ലെങ്കിലും ഓഗസ്റ്റിലെ സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി തന്നെ നേതാവാകുമെന്ന് ചിന്തൻ ശിബിരം സൂചിപ്പിക്കുന്നു. 137 വയസ് പിന്നിട്ട പാർട്ടിയുടെ അടിസ്ഥാന ശിലകളിൽ പെട്ടെന്നൊരു മാറ്റം കൊണ്ടു വരിക രണ്ടോ മൂന്നോ ദിവസത്തെ ചിന്തൻ ശിബിരത്തിലെ ചർച്ചകളിലൂടെ സാധ്യമാകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. എങ്കിലും സാമൂഹിക നീതിക്കു വേണ്ടി വീറോടെ വാദിക്കുന്ന ഒരു പ്രസ്ഥാനമായി കോൺഗ്രസിനെ മാറ്റുകയെന്ന ലക്ഷ്യം വച്ച് വലിയ ചർച്ചകൾ ശിബിരത്തിൽ നടന്നു.

സംഘടനാപരമായ ചില പ്രധാന തീരുമാനങ്ങൾക്ക് ചിന്തൻ ശിബിരം രൂപം നൽകി. പക്ഷേ, ചില ഏറ്റുപറച്ചിലുകൾക്കപ്പുറമായി ഈ ദിശയിൽ ചടുലമായ ചുവടുവയ്പ്പുകളുണ്ടായില്ല.
സാമൂഹിക നീതി സംബന്ധിച്ച വിഷയങ്ങളിൽ പാർട്ടി പ്രസിഡന്റിന് ഉപദേശം നൽകാൻ ഒരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. വരാൻ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഫലപ്രദമായി സംഘടനാ പ്രവർത്തനവും പ്രചാരണവും ഏകോപിപ്പിച്ചു നടപ്പിലാക്കാനുള്ളതാണ് ഈ സമിതി. സംഘടനാ ഭാരവാഹികളുടെ പ്രകടനം വിലയിരുത്താനുള്ള മേൽനോട്ട സമിതിയും അതതു സമയത്ത് ജനവികാരം മനസിലാക്കാൻ പ്രത്യേക സംഘവും പ്രത്യേക മാധ്യമ വിഭാഗവും രൂപീകരിക്കും.

vachakam
vachakam
vachakam

പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രവർത്തകരെ പഠിപ്പിക്കാൻ ദേശീയ തലത്തിൽ ഒരു പരിശീലന കേന്ദ്രവുമുണ്ടാകും. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സും അതിന്റെ നേതാക്കളും ജനങ്ങളിൽ നിന്ന് അകന്നുവെന്നതും പുതിയ തലമുറയുടെ മുൻഗണനാ ക്രമത്തിൽ അവർ ഏറെക്കുറെ ഇല്ലാതായെന്നതും പല തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമായതാണ്. അത് ആ പാർട്ടി തന്നെ സമ്മതിച്ചുവെന്നതാണ് ചിന്തൻ ശിബിരത്തിന്റെ പ്രാധാന്യം. അവസ്ഥ സ്വയം മനസ്സിലാക്കാതെ ജനപിന്തുണ തിരിച്ചെടുക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ചിന്തയുണ്ടാകില്ല.

ആ നിലയ്ക്ക് ചിന്തൻ ശിബിരം ഒരു വിജയമാണെന്ന് ഇപ്പോഴും കോൺഗ്രസ്സ് പ്രവർത്തകരായി തുടരുന്നവർക്കും അതിനെ പിന്തുണയ്ക്കുന്നവർക്കും ന്യായമായും പറയാം. സംഘടന നിലനിൽക്കുക എന്നതാണ് ഇപ്പോഴത്തെ ഘട്ടത്തിൽ പ്രധാനമെന്നും നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ബൂത്ത് കമ്മിറ്റി മുതൽ എ.ഐ.സി.സി വരെ യുവനേതാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കും, നേതൃതലത്തിൽ വിവിധ ജാതി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തും, നേതൃത്വത്തിൽ സ്ത്രീകളുടെ എണ്ണം കൂട്ടും, പാർട്ടി പദവികളിലേക്ക് എത്തുന്നവരുടെ കാലപരിധി അഞ്ച് വർഷമാക്കും, പദവികൾ കൈയാളുന്നവർ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുമെന്നൊക്കെ ഉദയ്പൂർ പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നത്.

പാർലമെന്ററി പദവികളും പാർട്ടി പദവികളും വഹിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശം തള്ളപ്പെട്ടുവെങ്കിലും ഒരു കുടുംബത്തിൽ നിന്ന് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്ന് നിശ്ചയിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ നിബന്ധനകളൊന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഭരണഘടനയുടെ ഭാഗമാക്കുന്നില്ലെങ്കിലും പാർട്ടി കടന്നുപോകുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതങ്ങനെ നടപ്പാക്കപ്പെട്ടാൽ, പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നുപോയിക്കൊണ്ടിരുന്ന സംഘടനയിൽ ചിന്തൻ ശിബിരുണ്ടാക്കിയ സ്ഥാനിക ഊർജത്തിന് തുടർച്ചയുണ്ടാകും.

vachakam
vachakam
vachakam

ഗതികോർജം മൊട്ടിടുകയും ചെയ്യും. ബി.ജെ.പിയെയും സംഘ്പരിവാരത്തെയും ചെറുക്കാൻ അത് മതിയാകില്ലെങ്കിലും എതിർപക്ഷത്ത് ആളനക്കമുണ്ടെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കാനെങ്കിലും കഴിഞ്ഞേക്കും.സംഘടനയുടെ വിവിധ തലങ്ങളിൽ യുവാക്കൾക്കു പുറമേ ദലിത്, പിന്നോക്ക വിഭാഗങ്ങൾക്കും സ്ഥാനം നൽകാനുള്ള തീരുമാനം നടപ്പാകുമെന്നു തന്നെ പ്രതീക്ഷിക്കാം. ഒരാൾക്ക് ഒരു പദവി എന്ന തത്വവും നടപ്പാക്കും. ഒരു പദവിയിൽ ഒരാൾക്കു തുടരാവുന്ന കാലാവധി പരമാവധി അഞ്ചു വർഷമായി നിജപ്പെടുത്തുകയെന്നതും പ്രധാന നിർദേശം തന്നെയാണ്്.

ഇതൊക്കെയാണെങ്കിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനും മാത്രം വേണ്ട ശക്തി കോൺഗ്രസിനു പകരാൻ ഈ നിർദേശങ്ങൾക്കാവുമോയെന്നതാണ് പ്രധാന ചോദ്യം. ആരായിരിക്കും ഇനി കോൺഗ്രസിനെ നയിക്കുക എന്നത് സംബന്ധിച്ച് സൂചനകളുണ്ടെങ്കിലും കോൺഗ്രസിന്റെ അടിസ്ഥാന ദർശനങ്ങളിലും നിലപാടുകളിലും മാറ്റം കൊണ്ടു വരാതിരുന്നത് വലിയ അപൂർണ്ണത തന്നെ.

പാർട്ടിയുടെ ഉള്ളറകളിലേക്കു പരിഷ്‌ക്കാരം കൊണ്ടുവരാൻ നേതൃത്വം തയാറായില്ലെന്നതാണു ശ്രദ്ധേയം. രാജ്യത്തിനായാലും മതത്തിനായാലും രാഷ്ട്രീയ കക്ഷിക്കായാലും സംഘടനയ്ക്കായാലും ശരിയായി നയിക്കണമെങ്കിൽ തലപ്പത്ത് നല്ലൊരു നേതാവു വേണം. കോൺഗ്രസിന് അങ്ങനെയൊരു നേതാവാണ് ഇന്നാവശ്യം. രാഹുൽഗാന്ധി തന്നെ തുടരട്ടെ എന്ന ചിന്ത എല്ലാവരും അംഗീകരിച്ചതു പോലെയായിരുന്നു ശിബിരത്തിന്റെ പോക്ക്. രാജ്യത്താകമാനം കോൺഗ്രസ് പരക്കെ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇനിയെങ്കിലും പാർട്ടിയെ രക്ഷിക്കാൻ ഒരു നേതാവ് ഉയർന്നു വരുമെന്ന ചിന്ത സമൂർത്തമാകാതെ ബാക്കി നിൽക്കുന്നു.

vachakam
vachakam

തുടർച്ചയായി രണ്ടാം തവണയും ഭരണം കരസ്ഥമാക്കിയ ബി.ജെ.പിയെ നേരിടാൻ വേണ്ടിയാണ് ഒരു ചിന്തൻ ശിബിരത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതെന്ന കാര്യം നേര്. അങ്ങേപ്പുറത്ത് ശത്രു പാളയത്തിലേക്കൊന്നു നോക്കിയാൽ അവിടുത്തെ ശക്തി സന്നാഹങ്ങളെക്കുറിച്ചു മനസിലാവും. എണ്ണയിട്ട യന്ത്രം പോലെയാണ് ബി.ജെ.പിയുടെ സംഘടനാ സംവിധാനം. ഒരിടത്തും പാർട്ടിയിൽ മുറുമുറുപ്പോ അഭിപ്രായഭിന്നതയോ ഇല്ല. തികഞ്ഞ കേഡർ സംവിധാനത്തിന്റെ കെട്ടുറപ്പും കരുത്തും എല്ലാ തലത്തിലും കാണാം.

പുറമെയാണ് ആർ.എസ്.എസിന്റെ പ്രവർത്തനം. രാഷ്ട്ര നിർമാണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ആർ.എസ്.എസിന് പരസ്യമായ രാഷ്ട്രീയമില്ലെന്നാണു വയ്പ്പ്. എങ്കിലും കാര്യത്തോടടുക്കുമ്പോൾ ബി.ജെ.പിക്കൊപ്പം ആർ.എസ്.എസും ആർ.എസ്.എസിനൊപ്പം ബി.ജെ.പിയുമുണ്ടാവും. ഒന്നു രാഷ്ട്രീയ സംഘടന മറ്റേത് ഹൈന്ദവ സംഘടന. ഇതു രണ്ടും കൂടി ചേർന്നാലുണ്ടാവുന്ന ശക്തി ഒന്നു വേറെ തന്നെയാണ്. ഈ രണ്ടു വൻ ശക്തികൾക്കും പുറമെയാണ് വിശ്വഹിന്ദു പരിഷത് പോലെ പലതരം സംഘ്പരിവാർ സംഘടനകൾ.

ഇവയുടെയെല്ലാം പ്രവർത്തനഫലം ആത്യന്തികമായി കിട്ടുന്നത് ബി.ജെ.പിക്കാണ് പ്രത്യേകിച്ച് തെരഞ്ഞെടുപ്പു വേളകളിൽ. തികഞ്ഞ പ്രൊഫഷണൽ സംവിധാനമുള്ള പാർട്ടിയാണ് ബി.ജെ.പി എന്ന കാര്യവും ശ്രദ്ധിക്കണം. കൃത്യമായി തെരഞ്ഞെടുപ്പു നടത്തുന്ന പാർട്ടി. പതിവായി നേതാക്കളെ തെരഞ്ഞെടുക്കുന്ന പാർട്ടി. അതുകൊണ്ടു തന്നെ സംഘടനയുടെ കെട്ടുറപ്പ് ഉറപ്പു വരുത്തുന്ന പാർട്ടി. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ വേദികളുണ്ടതിൽ എല്ലാറ്റിനുമുപരി കുടുംബാധിപത്യത്തിനു ഒരു വിലയും നൽകാത്ത പാർട്ടി.

അതിനുമപ്പുറത്ത് അതികായനായി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊട്ടു താഴെ അമിത് ഷായെപ്പോലെയുള്ള നേതാക്കൾ. ബി.ജെ.പിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങൾ നൽകുന്ന കരുത്തു വേറെയും. ഇതെല്ലാം കൂടി നോക്കുമ്പോഴാണ് കോൺഗ്രസ് എത്ര കണ്ടു പുറകിലാണെന്നു വ്യക്തമാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശ് രണ്ടാം തവണയും ബി.ജെ.പിയുടെ കൈയിലായിരിക്കുന്നു. കോൺഗ്രസ് ഭരണം കൈയാളിയിരുന്ന പഞ്ചാബ് ഭരണം ആം ആദ്മി പാർട്ടി പിടിച്ചെടുക്കുകയും ചെയ്തു.

കർണാടക, മധ്യപ്രദേശ്, ഗോവ എന്നിങ്ങനെ കോൺഗ്രസിന്റെ കുത്തകളായിരുന്ന സംസ്ഥാനങ്ങളൊക്കെയും കൈവിട്ടു പോയി. ഇതൊന്നും മനസിലാക്കാതെയല്ല കോൺഗ്രസ് നേതൃത്വം ചിന്തൻ ശിബിരം നടത്താൻ ഇൻഡോറിലെത്തിയത്. വിഷയമെന്തെന്നു നേതാക്കൾക്കൊക്കെയറിയാം. ഗ്രൂപ്പ് 23 നേതാക്കൾ എല്ലാം പഠിക്കുകയും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ സംഘടനാ നേതൃത്വത്തിൽ കാര്യമായൊരു അഴിച്ചുപണി നടത്താൻ നേതാക്കൾ ഒരുക്കമല്ല. ഗാന്ധി കുടുംബത്തെ കൈവിട്ടു കൊണ്ടൊരു കളികളിക്കാൻ കോൺഗ്രസിലാരും തയാറല്ലെന്നു വ്യക്തം.

കനത്ത പരാജയത്തിന്റെ കൈയ്പ്പറിഞ്ഞ് വേദി വിട്ടതാണു രാഹുൽഗാന്ധി. പക്ഷെ ഇപ്പോഴും പാർട്ടി അദ്ദേഹത്തിന്റെ ചൊൽപടിയിൽ തന്നെ. ഗാന്ധി കുടുംബത്തിന്റെ ആശ്രിതർക്കു മാത്രമേ നേതൃത്വത്തിൽ സ്ഥാനമുള്ളൂ. സ്ഥാനമൊന്നുമില്ലാത്ത രാഹുൽഗാന്ധി തന്നെ എല്ലാ നേതാക്കളെയും വരുതിയിൽ നിർത്തുന്നു. ഓഗസ്റ്റിൽ സംഘടനാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ രാഹുൽഗാന്ധി വീണ്ടും പ്രസിഡന്റാകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു നേരിടാൻ രാഹുൽഗാന്ധി തന്നെ മുന്നിട്ടിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപ്പോലെ വിഷയങ്ങൾ അവതരിപ്പിക്കും.

മോദിയെയും ബി.ജെ.പിയെയും എതിർക്കും. അധിക്ഷേപിക്കും. പക്ഷേ, ഫലം പഴയതു തന്നെയായിരിക്കുമെന്നു കരുതാനേ ന്യായമുള്ളൂ. 2019ലെ തെരഞ്ഞെടുപ്പുപോലെ. യു.പിയിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പു പോലെ. എന്തിന്, കേരള നിയമസഭയിലേക്കു കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പു പോലെ. കോൺഗ്രസിനു വേണ്ടത് പുതിയ നേതാവല്ലേ? പുതിയ നേതൃ നിരയും പുതിയ മുദ്രാവാക്യവുമല്ലേ?

ദുർബലമായ സംഘടനാ സംവിധാനം, വർഗീയ ധ്രുവീകരണത്തിലും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിലും പ്രൊഫഷനലുകളായി മാറിയ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഉതകുന്നതല്ലെന്ന വിമർശനം വിമർശനമായവശേഷിക്കുന്നു. പരമ്പരാഗത ലളിത ഗണിതമല്ല, പുതിയ ഡാറ്റകളുടെ വിശ്‌ളേഷണമാണ് തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് അടിസ്ഥാനമെന്ന് മോദി-ഷാ സഖ്യവും സംഘ്പരിവാരത്തിന്റെ ആസൂത്രിത പ്രവർത്തനവും പലകുറി തെളിയിച്ചിട്ടും അതിന് ബദലുണ്ടാക്കാനുള്ള കേന്ദ്രീകൃതമായ ശ്രമം കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ശ്രമമുണ്ടായ സംസ്ഥാനങ്ങളിൽ, അത് നേതാക്കളുടെ മൂപ്പിളമത്തർക്കത്തിൽ തട്ടി പരാജയപ്പെടുകയും ചെയ്തു.

ഏറ്റവുമൊടുവിൽ പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശിൽ നടത്തിയ പരീക്ഷണം നിലത്തുനിന്നുയരാതെ പാളുകയും ജനപിന്തുണയും സംഘടനാ സംവിധാനവുമുണ്ടായിരുന്ന പഞ്ചാബിൽ വലിയ തോൽവി നേരിടുകയും ചെയ്തു. ആനപ്പുറത്തേറിയതിന്റെ തഴമ്പ് തടവിയിരുന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലേക്ക് സോണിയ-രാഹുൽ-പ്രിയങ്ക ത്രയം എത്തി. ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന നേതൃത്വവും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ സംവിധാനവും ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ വിമത വേഷമണിഞ്ഞതും ചില ആലോചനകൾ അനിവാര്യമാണെന്ന തിരിച്ചറിവുണ്ടാക്കി.

അതിന്റെ തുടർച്ചയാണ് രാജസ്ഥാനിൽ സംഘടിപ്പിക്കപ്പെട്ട മൂന്ന് ദിവസം നീണ്ട ചിന്തൻ ശിബിരവും ഉദയ്പൂർ പ്രഖ്യാപനവും.നിലവിലുള്ള സംഘടനാ സംവിധാനം ഉർജസ്വലമാക്കുകയും ഇല്ലാതായ ഇടങ്ങളിൽ പുനഃസൃഷ്ടിക്കുകയും ചെയ്യുക എന്നതിനൊപ്പം പ്രധാനമാണ് തീവ്ര ഹിന്ദുത്വ ഭരണകൂടത്തിന്റെ നയങ്ങളോടുള്ള നിലപാട് നിശ്ചയിക്കലും അതിന് സമഗ്രമായ ബദലുണ്ടാക്കലും. അതുണ്ടെങ്കിലേ രാഹുൽഗാന്ധി ആഹ്വാനം ചെയ്തത് പോലെ കോൺഗ്രസ്സിന്റെ നേതാക്കൾക്ക് ജനങ്ങൾക്കടിയിലേക്ക് ഇറങ്ങാനും ആശയ പ്രചാരണം നടത്താനും സാധിക്കൂ.

അതുണ്ടാകാതിരിക്കെ, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന നേതാക്കൾ എന്താണ് അവരോട് പറയുക? രാജ്യത്ത് ഇന്ധനവില വർധന വലിയ പ്രശ്‌നമാണ്. വിലക്കയറ്റം ജനങ്ങളെ വലക്കുന്നു. ചട്ടപ്പടി പ്രതിഷേധങ്ങളല്ലാതെ, ഈ വിഷമസന്ധിയെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാൻ കോൺഗ്രസ്സ് നേതാക്കൾ തയ്യാറായെന്ന് കരുതുക. ഇന്ധനവില ഇവ്വിധം ഉയരാൻ പാകത്തിൽ പരിഷ്‌കാരം കൊണ്ടുവന്നത് കോൺഗ്രസ്സ് തന്നെയല്ലേ എന്ന് തിരികെച്ചോദിച്ചാൽ മറുപടിയില്ല.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ കിട്ടിയ വിലയ്ക്ക് വിൽക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ നയത്തെക്കുറിച്ച് പറഞ്ഞാലും ആ നയമായിരുന്നില്ലേ കോൺഗ്രസിന്റേതുമെന്ന ചോദ്യമുയരും. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുറപ്പിക്കാൻ പിന്തുടർന്ന മൃദുഹിന്ദുത്വം, കുത്തകകൾക്ക് ലാഭമുറപ്പിക്കാൻ പാകത്തിൽ മാറ്റിയെഴുതിയ സാമ്പത്തിക നയങ്ങൾ, രാജ്യസുരക്ഷയുടെ പേരിൽ വാർത്തെടുത്ത നിയമങ്ങൾ (ടാഡ, പോട്ട, മൂർച്ച കൂട്ടിയ യുഎപിഎ) തുടങ്ങി സംഘ്പരിവാരം ഉപയോഗിച്ച് വളരുകയും കൂടുതൽ വളരാൻ ഉപയോഗിക്കുകയും ചെയ്യുന്നവയൊക്കെ സ്വന്തം സന്താനങ്ങളായി മുന്നിൽ നിൽക്കെ, ബദലെന്തെന്നത് കോൺഗ്രസ്സിന് മുന്നിൽ വലിയ ചോദ്യമാണ്. അതിന് ഉത്തരമുണ്ടെങ്കിലേ, സംഘടനയിലെ ചുവടുവയ്പ്പുകൾക്ക് ജനത്തിനിടയിൽ പ്രതികരണമുണ്ടാകൂ.

ചിന്തൻ ശിബിരത്തിനു പിന്നാലെ ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടിയിൽ നിന്നു രാജിവെച്ചതും കനത്ത ആഘാതമായി. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിന് വലിയ തിരിച്ചടി നൽകി ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്. നേരത്തെ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി പട്ടേൽ സംസാരിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് അയച്ച രാജിക്കത്തിലും കേന്ദ്രസർക്കാരിനേയും ബി.ജെ.പിയേയും ഹാർദിക് പട്ടേൽ പുകഴ്ത്തിപ്പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പട്ടേൽ വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കമെന്നോണം ഹാർദികിനെ കോൺഗ്രസിലെത്തിച്ചത്. ഇതിന്റെ ഗുണം കോൺഗ്രസിന് ലഭിച്ചിരുന്നു. പട്ടേൽ വിഭാഗത്തിന്റെ കരുത്തിൽ മികച്ച പോരാട്ടം നടത്തിയ കോൺഗ്രസിന് നേരിയ സീറ്റുകളുടെ വ്യത്യാസത്തിനാണ് ഭരണം നഷ്ടപ്പെട്ടത്. നരേഷ് പട്ടേലെന്ന പുതിയ ഒരു പട്ടേൽ നേതാവിനെ കോൺഗ്രസിലെത്തിക്കാൻ പാർട്ടി നീക്കം തുടങ്ങിയതാണ് ഹാർദികനെ ചൊടിപ്പിച്ചത്. എന്തായാലും, തുടർച്ചയായ ആഘാതങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു  കോൺഗ്രസ്.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam