വാഷിംഗ്ടണ്‍: മാതൃരാജ്യത്തേക്ക് മടങ്ങാനൊരുങ്ങി വിദേശത്ത് പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായം വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് ഒമാനില്‍ ഉന്നത വിദ്യാഭ്യാസം നടത്തിവന്നിരുന്ന എണ്‍പതിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ മാതൃരാജ്യത്തേക്ക് തന്നെ മടങ്ങാനൊരുങ്ങുന്നത്.
യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റ്(യുഎസ്എഐഡി) ഫണ്ട് നിര്‍ത്തലാക്കിയതോടെയാണ് അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 90 ശതമാനത്തിലധികം വിദേശ സഹായ കരാറുകള്‍ ഇല്ലാതാക്കാനുള്ള ട്രംപിന്റേയും ഇലോണ്‍ മസ്‌കിന്റേയും തീരുമാനത്തെത്തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ് യുഎസ്എഐഡി. ജനുവരിയില്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്തപ്പോള്‍ത്തന്നെ ട്രംപ് ഈ ഫണ്ട് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ പദ്ധതികള്‍ മാത്രമല്ല, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, മറ്റ് സഹായങ്ങള്‍ തുടങ്ങിയ പദ്ധതികളെല്ലാം പുതിയ ഉത്തരവിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ദുര്‍ബല രാജ്യങ്ങള്‍ക്കുള്ള പോഷകാഹാര പദ്ധതികള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കും യുഎസ്എഐഡി സഹായം നല്‍കിയിരുന്നു.
ഒമാനില്‍ വിദ്യാഭ്യാസം നേടിയിരുന്ന വിദ്യാര്‍ഥികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിലേയ്ക്ക് തിരികെ അയക്കുമെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തിയ താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യസത്തിന് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദേശ സഹായത്തോടെ ഇവിടെനിന്നുള്ള വിദ്യാര്‍ഥിനികള്‍ മറ്റ് രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനായി പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്