ഡാളസ്: കാലായിൽ സെക്രട്ടറി ഭർത്യ ഭവനത്തിലെ ദുരനുഭവങ്ങളും രണ്ടു പെൺകുട്ടികൾക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ വഴിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ റെയിൽ ചക്രങ്ങൾക്കിടയിൽ അരഞ്ഞു ജീവിതം ഹോമിക്കുവാൻ നിർബന്ധിതരായ ക്‌നാനായ സഹോദരി ഷൈനിയുടെയും മക്കളുടെയും ദാരുണ മരണത്തിൽ ക്‌നാനായ അസോസിയേഷൻ നോർത്ത് അമേരിക്ക തീവ്രദുഃഖം രേഖപ്പെടുത്തി. സമൂഹത്തിൽ വർധിച്ചു വരുന്ന മദ്യപാന ആസക്തിയുടെയും, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെയും ഇരകളാണ് ഷൈനിയും മക്കളുമെന്ന് കാന കരുതുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ, സഭ, സമുദായ നേതൃത്വങ്ങൾക്കൊപ്പം പൊതു സമൂഹത്തിനും ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് കാന വിലയിരുത്തി.
മാർച്ച് 5, ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ പ്രതിമാസ ടെലിഫോൺ കോൺഫറൻസ്, ഏറ്റുമാനൂർ ദുരന്തം ആഴത്തിൽ ചർച്ച ചെയ്തു. പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ കാവുംപുറത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്വവംശ വിവാഹ നിഷ്ഠ വിഷയത്തിൽ സഭ, സമുദായ നേതൃത്വങ്ങളിൽ വച്ച് പുലർത്തുന്ന കാർക്കശ്യ സമീപനം ഒട്ടനവധി നമ്മുടെ യുവാക്കൾക്ക് തങ്ങളുടെ ആശാഭിലാഷങ്ങൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്തുവാൻ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ അഭിപ്രായപ്പെട്ടു.
കൂലിവേലയിൽ ഏർപ്പെടുന്നൊരു വ്യക്തിക്ക് പോലും പ്രതിദിനം ആയിരമോ, അതിലധികമോ രൂപ വേതനം ലഭിക്കുന്നൊരു സംസ്ഥാനത്ത്, ബി.എസ്.സി. നഴ്‌സിംഗ് ബിരുദവും, തൊഴിൽ അനുഭവവും, ആരോഗ്യവും, ജോലി സന്നദ്ധതയുമുള്ളൊരു വ്യക്തിക്ക് തന്റെയും മക്കളുടെയും അതിജീവനത്തിനായി അനേക വാതിലുകൾ മുട്ടേണ്ടി വരുന്നത് തികച്ചും നിരാശാജനകമാണ്. കാരിത്താസ് ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങൾ നഴ്‌സിംഗ് ബിരുദവും നേടി, വായ്പ ഭാരവുമേന്തി ജോലിക്കായി സമീപിക്കുന്ന യുവാക്കളോട്, 1 വർഷം സൗജന്യ സേവനം നിഷ്‌കർഷിക്കുന്ന സമീപനം തികച്ചും പ്രതിഷേധാർഹമാണ്. വേലക്കാർക്ക് മാന്യമായ കൂലി നൽകണമെന്ന ബൈബിൾ വചനത്തിന്റെയും, ദേശത്തെ തൊഴിൽ നിയമങ്ങളുടെയും ലംഘനവും, തൊഴിലാളികളോട് വച്ച് പുലർത്തേണ്ട സമീപത്തോടുള്ള ആഗോള വീക്ഷണത്തിന്റെ നിരാകരണവുമാണ് ഇത്തരം മനോഭാവം. ' ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് 'എന്ന യേശു വചനത്തിന്റെ നിഷേധവുമാണ് ഇത്തരം സമീപനം.
ക്‌നാനായ സമുദായ നവീകരണ പ്രസ്ഥാനങ്ങളായ, ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ക്‌നാനായ കാത്തലിക് നവീകരണ സമിതി, ഗ്ലോബൽ ക്‌നാനായ റിഫോം മൂവ്‌മെന്റ് എന്നീ സംഘടനകൾ സംയുക്തമായി 2026 ജനുവരിയിൽ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം വിജയിപ്പിക്കുവാൻ യോഗം ലോകമെമ്പാടുമുള്ള സമുദായങ്ങളോട് അഭ്യർത്ഥിച്ചു. കോട്ടയം, ഉഴവൂർ എന്നിടങ്ങളാണ് സമ്മേളനത്തിനായി പരിഗണിക്കുന്ന നഗരങ്ങൾ. മത, സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക, നിയമ മേഖലകളിൽ നിന്നുള്ള പ്രഗത്ഭ വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സാലസ് കാലായിൽ, സെക്രട്ടറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്