പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾക്കും ഹാരിസ് ബീരാനും ന്യൂജെഴ്‌സിയിൽ ഉജ്വല സ്വീകരണം

OCTOBER 15, 2024, 7:48 AM

• ഇന്തോ അമേരിക്ക തന്ത്രപ്രധാന ബന്ധം പ്രവാസികൾ ഉപയോഗപ്പെടുത്തണം: സാദിഖലി തങ്ങൾ

• എച്ച്1 ബി വിസ സ്റ്റാമ്പിംഗ് പ്രശ്‌നത്തിൽ ഇടപെടുമെന്ന് ഹാരിസ് ബീരാൻ

എഡിസൺ (ന്യൂജെഴ്‌സി): അമേരിക്കയിൽ സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും രാജ്യ സഭാംഗവും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കൻ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നൽകി.

vachakam
vachakam
vachakam

കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.), മലയാളി മുസ്ലിംസ് ഓഫ് ന്യൂജെഴ്‌സി (എം.എം.എൻ.ജെ), കേരള അസോസിയേഷൻ ഓഫ് ന്യൂജെഴ്‌സി, നന്മ എന്നീ സംഘടനകൾ ചേർന്ന് റോയൽ ആൽബർട്ട് പാലസിൽ സംഘടിപ്പിച്ച സംഗമത്തിൽ ഫൊക്കാന, ഫോമാ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, വേൾഡ് മലയാളി കൗൺസിൽ, കേരള അസോസിയേഷൻ ഓഫ് ന്യൂജെഴ്‌സി, കെ.എം.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. യു.എസ് കെ.എം.സി.സി പ്രസിഡന്റ് യു.എ നസീർ അദ്ധ്യക്ഷത വഹിച്ചു.

ശീത സമരകാലാനന്തരമുണ്ടായ ഇന്തോ അമേരിക്ക ബന്ധത്തിലെ തന്ത്രപ്രധാന മുന്നേറ്റത്തിന്റെ അവസരം ഉപയോഗപ്പെടുത്താൻ പ്രവാസികൾക്കാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 'രാജ്യത്തിന്റെ അതിരുകൾ സാങ്കേതികമെന്നതിനപ്പുറം ആഗോള ഗ്രാമമായി വളർന്നിട്ടുണ്ട്. ഐ.ടി, വ്യവസായം, വ്യാപാരം, ഡിഫൻസ്, ശാസ്ത്രം, മെഡിക്കൽ എന്നിങ്ങനെ എല്ലാ മേഖലയിലും ഇരുരാജ്യങ്ങളും അന്യോന്യം ആശ്രയിക്കുന്നു. ആ സഹകരണം സൗഹൃദമായി വളർന്നിരിക്കുന്നു. ചന്ദ്രനിൽ ചെന്നാൽ അവിടെയും ചായക്കടയും ഒരു മലയാളി ഉണ്ടാവുമെന്ന് സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിനെ ഉദ്ധരിച്ച് പറയാറുണ്ട്. ചന്ദ്രനിൽ ചെന്നാൽ കാണുക മലയാളി ഐ.ടിക്കാരെയായിരിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കെഎംസിസി, ഫൊക്കാന, ഫോമാ തുടങ്ങിയ വിവിധ പ്രവാസി സംഘടനകൾ നാടിനു വേണ്ടി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ശ്ലാഖനീയമാണ്,' തങ്ങൾ കൂട്ടിച്ചേർത്തു.

ഭക്ഷണം, വസ്ത്രം, ഭാഷ എന്നിവയിലെ വൈവിധ്യമാണ് ഇന്ത്യ എന്ന രാജ്യത്തെ അത്ഭുതമാക്കി നിർത്തുന്നതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. ആ വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. എച്ച്1 ബി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയിൽ പോകണമെന്ന ഇപ്പോഴത്തെ നിയമം മൂലം ഐ.ടി മേഖലയിലുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ അധികൃതരുമായി വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും നേരിട്ട് വിമാനം വേണമെന്ന ആവശ്യവും അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുകൊണ്ടുതന്നെ പ്രവാസി ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകുന്നതിനു വേണ്ടി പാർലമെന്റിനകത്തും പുറത്തും സമ്മർദ്ദം ചെലുത്തുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

vachakam
vachakam
vachakam

സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ കലുഷിതമായ അന്തരീക്ഷമാണെങ്കിലും എല്ലാ വിഭാഗത്തിനും പ്രതീക്ഷയും ആശ്രയവും നൽകുന്ന പച്ചത്തുരുത്താണ് പാണക്കാട് കുടുംബമെന്നും മുൻഗാമികൾ പിന്തുടർന്ന സൗഹാർദ്ദത്തിന്റെ പാത പിൻപറ്റുന്ന അപൂർവ വ്യക്തിത്വമാണ് സാദിഖലി ശിഹാബ് തങ്ങളെന്നും വേദിയിൽ സംസാരിച്ചവർ വ്യക്തമാക്കി. സാദിഖലി തങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ പല പ്രമാദമായ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കപ്പെട്ടത് മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിയും തന്റെ അനുഭവത്തിൽ നിന്ന് ചൂണ്ടിക്കാട്ടി. പ്രശസ്ത ന്യൂറോ സയൻസ് ഗവേഷകൻ ഡോ. മുഹമ്മദ് അബ്ദുൽ മുനീറിനെ സാദിഖലി തങ്ങൾ ആദരിച്ചു. യു.എസ്.എ കെ.എം.സി.സിയുടെ വെബ് സൈറ്റും ഫേസ് ബുക്ക് പേജും തങ്ങൾ ചടങ്ങിൽ വെച്ചു പ്രകാശനം നടത്തി.

ഐ.ഓ.സി. ചെയർ ജോർജ് എബ്രഹാം, നന്മ -എം.എം.എൻ.ജെ സഹ സ്ഥാപകൻ ഡോ. സമദ് പൊന്നേരി, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നന്മ വൈസ് പ്രസിഡന്റ് ഡോ. സക്കീർ ഹുസ്സൈൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ബോബി ബാൽ, ജോർജ് ജോസഫ്, മുൻ ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, അസ്‌ലം ഹമീദ്, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അൻവർ നഹ, ലീലാ മാരേട്ട്, ജിബി തോമസ്, മധു കൊട്ടാരക്കര, തങ്കം അരവിന്ദ്, അനിൽ പുത്തൻചിറ, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, ഒമർ സിനാപ്, നിരാർ ബഷീർ, ഷൈമി ജേക്കബ്, ജിൻസ് മാത്യു, അഞ്ചൽ ഷാഫി ചാലിയം, അബ്ദുൽഖാദർ പാട്ടില്ലത്ത്, നാസർ കോടൂർ, ജംഷാദ് എന്നിവർ സംസാരിച്ചു.

സുൽഫിക്കർ ഹബീബ്, താഹാ മുഹമ്മദ് എന്നിവർ പരിപാടി ക്രമീകരിച്ചു. ഇൻതിയാസ് സ്വാഗതവും, ഷെമി അന്ത്രു നന്ദിയും പറഞ്ഞു. ഓർത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കോളാവോസിന്റെ ആശംസാ സന്ദേശവും അറിയിച്ചു.

vachakam
vachakam
vachakam

യു.എ. നസീർ, ന്യൂയോർക്ക്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam