ന്യൂയോർക്ക്: സനാതനധർമ്മ പ്രചരണത്തിനായി അമേരിക്കയിൽ പ്രവർത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന കേരള കോൺക്ലേവ് പ്രൗഢവും അർത്ഥവത്തുമായിരുന്നു. അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 'കെ.എച്ച്.എൻ.എ ഫോർ കേരള' എന്ന പേരിൽ നടന്ന പരിപാടിയിൽ ആർഷദർശനം സാഹിത്യരംഗത്ത് നടത്തിയ സമഗ്ര സംഭാവനകൾക്കുള്ള നാലാമത് ആർഷദർശന പുരസ്‌കാരം നിരൂപണരംഗത്തെ മഹാമനീഷി ഡോ. എം. ലീലാവതിക്ക് സമർപ്പിച്ചു.
സമഗ്ര സംഭാവനകൾക്കുള്ള ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നടനും സംവിധായകനുമായ ശ്രീനിവാസന് സമ്മാനിച്ചു. രജതജൂബിലിയുടെ ഭാഗമായി കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്ന 'സ്‌നേഹോപഹാരം' പദ്ധതിയിൽ ഒരു കോടി രൂപയുടെ വിതരണവും നടന്നു.
പ്രൊഫഷണൽ വിദ്യാഭ്യാസം, വിധവാ പെൻഷൻ, ക്ഷേത്ര കലാകാരന്മാർക്ക് ക്ഷേമനിധി, വനവാസി സഹായനിധി, സ്ത്രീകൾക്ക് ബിസിനസ് പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായം, രോഗിയായ ഗൃഹനാഥനുള്ള കുടുംബങ്ങൾക്ക് സഹായം തുടങ്ങിയ വ്യക്തിഗത സഹായങ്ങൾക്ക് പുറമേ ബാലാശ്രമങ്ങൾ, സ്‌കൂളുകൾ, ലൈബ്രറികൾ, വൃദ്ധസദനങ്ങൾ, തൊഴിൽ സംരംഭങ്ങൾ, സന്നിധാനം പദ്ധതി എന്നിവക്ക് സ്ഥാപനതല ധനസഹായം നൽകി.
പ്രവേശികം, ആർഷം ശ്രേഷ്ഠം, സംഗീതോത്സവം, പ്രൗഢം ഗംഭീരം, സ്‌നേഹോപഹാരം എന്നിങ്ങനെ അഞ്ച് സെഷനുകളായുള്ള കേരള കോൺക്ലേവ് വിജയകരമായി നടന്നു. വേദി ഉണർത്തിക്കൊണ്ടുള്ള ഞെരളത്ത് ഹരി ഗോവിന്ദന്റെ സോപാന സംഗീതവും, കലാമണ്ഡലം ശിവരാമനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും പരിപാടിയുടെ ഉദ്ഘാടനഘടകമായി. കെ.എച്ച്.എൻ.എ തീം സോങ്ങിനെ തുടർന്ന് ആർഷദർശന പുരസ്‌കാര സമർപ്പണ ചടങ്ങ് നടന്നു. പുരസ്‌കാര സമിതി കോ-ചെയർ സുരേന്ദ്രൻ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിച്ചു. 'ആർഷദർശനം സാഹിത്യത്തിൽ' എന്ന വിഷയത്തിൽ നിരൂപകൻ ഡോ. എം. തോമസ് മാത്യു പ്രഭാഷണം നടത്തി.
സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ആർഷദർശന പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെ.എച്ച്.എൻ.എ പ്രസിഡന്റ് ഡോ. നിഷ പിള്ള പുരസ്‌കാരം സമ്മാനിച്ചു. ഡോ. എം. ലീലാവതിക്കു വേണ്ടി മകൻ എം. വിനയകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സൂര്യകൃഷ്ണമൂർത്തി, പത്മശ്രീ സഞ്ജയ് സഗ്‌ദേവ്, അഡ്വ. എസ്. ജയശങ്കർ, കെ.എച്ച്.എൻ.എ ഭാരവാഹികളായ മധു ചെറിയേടത്ത്, രഘുവരൻ നായർ, മുൻ അധ്യക്ഷന്മാരായ മന്മഥൻ നായർ, അനിൽകുമാർ പിള്ള, വെങ്കിട് ശർമ്മ, എം.ജി. മേനോൻ, ടി.എൻ. നായർ എന്നിവർ സന്നിഹിതരായിരുന്നു. ഡോ. സുകുമാർ കാനഡ രചിച്ച 'കൈലാസ ദർശനം' പുസ്തകം സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. രാധാകൃഷ്ണൻ നായർ ഷിക്കാഗോ നന്ദിപറഞ്ഞു.
സുഗതകുമാരി കവിതകൾ കോർത്തിണക്കി മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച 'സുഗത സംഗീതം' വേറിട്ട അനുഭവമായി. ദിവ്യാ നായർ, സിജു കുമാർ, ആതിര ജനകൻ എന്നിവർ 'റിഥംസ് ഓഫ് ദ എപ്പിക്‌സ്' എന്ന പേരിൽ നടത്തിയ ഫ്യൂഷൻ സംഗീതം ശ്രവണസുഖം നൽകി. പ്രേൗഢം ഗംഭീരം എന്ന പേരിട്ട ചടങ്ങിലാണ് കെ.എച്ച്.എൻ.എ ചലച്ചിത്ര പുരസ്‌കാരം ശ്രീനിവാസന് സമ്മാനിച്ചത്. സ്ഥാപക പ്രസിഡന്റ് മന്മഥൻ നായർ ഷാൾ അണിയിച്ചു. ഡോ. നിഷ പിള്ള പുരസ്‌കാരം നൽകി.
കുമ്മനം രാജശേഖരൻ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. രഞ്ജിത് പിള്ള, കുട്ടി േേനാൻ, വീണ പിള്ള എന്നിവർ സംസാരിച്ചു. സൂര്യാ കൃഷ്ണ മൂർത്തി, ഡോ. ഇന്ദിരാ രാജൻ എന്നിവർക്ക് പ്രത്യേക ആദരവ് നൽകി. ശബരിമലയിലെത്തുന്ന ഭക്തർക്കു ഭക്ഷണം നൽകാൻ കെ.എച്ച്.എൻ.എ സ്വരൂപിച്ച സന്നിധാനം നിധി പദ്ധതിയെക്കുറിച്ച് ട്രഷറർ രഘുവരൻ നായർ സംസാരിച്ചു. മുൻ പ്രസിഡന്റ് എം.ജി. മേനോൻ സന്നിധാനം നിധി കുമ്മനം രാജശേഖരന് കൈമാറി. മാധ്യമ പ്രവർത്തകരായ അഡ്വ. എസ്. ജയശങ്കർ, രാജേഷ് പിള്ള, ശ്രീജിത്ത് പണിക്കർ, വായുജിത്ത്, എന്നിവർക്ക് യഥാക്രമം ട്രസ്റ്റി ബോർഡ് അംഗങ്ങളായ രഞ്ജിനി പിള്ള, സോമരാജൻ നായർ, കേരള കോർഡിനേറ്റർ പി. ശ്രീകുമാർ എന്നിവർ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.
സ്‌നേഹോപഹാരം ചടങ്ങിലായിരുന്നു ഒരു കോടിയുടെ സേവാ പദ്ധതികളുടെ ധനസഹായ വിതരണം. സ്ഥാപനങ്ങൾക്ക് സഹായ വിതരണത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്തു. ഡോ. വേണുഗോപാൽ മേനോൻ (പ്രൊഫഷണൽ വിദ്യാഭ്യാസം), ഡോ. ജയരാമൻ (വിധവാ പെൻഷൻ), രാം നായർ (ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം), മധു ചെറിയേടത്ത് (ദിവ്യാംഗർ), ഗോവിന്ദൻ നായർ (ക്ഷേത്രകലാകാരന്മാർ), കുട്ടിമേനോൻ (ബിസിനസ് പദ്ധതി) എന്നിവരും ധനസഹായ വിതരണം ചെയ്തു.
സേവാ പദ്ധതിയുടെ മുഖ്യ പ്രയോജകരായ ഗോപാലകൃഷ്ണൻ നായർ(തറവാട് ഹോംസ്) ഡോ. മധു ചെറിയേടത്ത്, ഡോ. ജയ് കെ. രാമൻ, അപ്പൻ മേനോൻ, ഹരിപിള്ള എന്നിവരെ വി മുരളീധരൻ കെ.എച്ച്.എൻ.എ മെമെന്റോ നൽകി ആദരിച്ചു. പത്മശ്രീ ഡോ. സഞ്ജയ് സഗ്‌ദേവ് മുഖ്യപ്രഭാഷണം നടത്തി. സേവാ ഫോറം ചെയർമാൻ ഡോ. ജയ്‌കെ രാമൻ സ്വാഗതവും കെ.എച്ച്.എൻ.എ ജനറൽ സെക്രട്ടറി മധു ചെറിയേടത്ത് നന്ദിയും പറഞ്ഞു.
പി. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്