വാഷിംഗ്ടണ്‍: ട്രംപിന്റെ പാലസ്തീന്‍ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍. റഷ്യ, ചൈന, തുര്‍ക്കി, ഫ്രാന്‍സ്, യുകെ, ബ്രസീല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വിവിധ സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തി. ഗാസയെ പിടിച്ചടക്കാനും പാലസ്തീനികളെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെ പാലസ്തീനിലെയും റഷ്യയിലെയും യുഎന്‍ അംബാസഡര്‍മാര്‍ തള്ളി.
പാലസ്തീനികള്‍ തങ്ങളുടെ ഭൂമിയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും ഉപേക്ഷിക്കില്ലെന്നും, വെസ്റ്റ് ബാങ്കിനും, കിഴക്കന്‍ ജറുസലേമിനുമൊപ്പം ഗാസ മുനമ്പ്, പാലസ്തീന്‍ ഭൂമിയുടെ അവിഭാജ്യ ഘടകമാണെന്നും പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും, ഗാസ മുനമ്പില്‍ നിന്ന് പാലസ്തീനികളെ പുറത്താക്കാനും ഉള്ള ഇസ്രായേലി പദ്ധതിക്ക് തങ്ങള്‍ എതിരാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മധ്യപൂര്‍വദേശത്ത് ഒരു ഒത്തുതീര്‍പ്പ് സാധ്യമാകൂ എന്ന് റഷ്യ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലസ്തീനികള്‍ക്ക് അവരുടെ മാതൃരാജ്യത്ത് ഒരു ഭാവിയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരം തന്നെയാണ് തങ്ങള്‍ തേടുന്നതെന്നും ഗാസയിലും വെസ്റ്റ് ബാങ്കിലും പാലസ്തീനികള്‍ ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നത് കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയെ സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതികള്‍ അര്‍ത്ഥശൂന്യമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു. ഗാസയെ പരിപാലിക്കേണ്ടത് പാലസ്തീനികള്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലികള്‍ക്കും പാലസ്തീനികള്‍ക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഗാസയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനോടുള്ള എതിര്‍പ്പ് ആവര്‍ത്തിക്കുന്നുവെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയിന്‍ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, ദ്വിരാഷ്ട്ര പരിഹാരം തടസപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസ പാലസ്തീനികളുടെ നാടാണ്. അവര്‍ ഗാസയില്‍ തന്നെ തുടരണമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് പറഞ്ഞു. ഗാസയിലെ ജനങ്ങളെ മറ്റെവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കുക എന്ന ഏതൊരു ആശയവും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാരം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീനികളുടെ ഒരു തരത്തിലുള്ള കുടിയിറക്കലിനോടും ഇറാന്‍ യോജിക്കുന്നില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
ഗാസയിലെ പാലസ്തീനികളെ അവരുടെ വീടുകള്‍ തിരിച്ചുപിടിക്കാന്‍ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പാലസ്തീന്‍ പ്രതിനിധി സംഘത്തിന്റെ നേതാവ് റിയാദ് മന്‍സൂര്‍ പറഞ്ഞു. വിവിധ യുഎസ് സെനറ്റര്‍മാരും വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ചിട്ടുണ്ട്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മറ്റ് പാലസ്തീന്‍ അനുകൂല സംഘടനകളും ട്രംപിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാലസ്തീന്‍ വിഷയത്തില്‍ തീരുമാനമാകാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി നേരത്തെ പ്രതികരിച്ചിരുന്നു. ഗസ്സ പിടിച്ചെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം പരിഹാസ്യവും അസംബന്ധവുമാണെനന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്