വാഷിംഗ്ടണ്‍: അമേരിക്കയുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ്എഐഡി (യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്) അടച്ചുപൂട്ടുമെന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. അറ്റകുറ്റപ്പണികള്‍ക്ക് അപ്പുറമാണ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. അടച്ചുപൂട്ടുന്നതിനെ ട്രംപ് പിന്തുണക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ഏജന്‍സിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് ഭരണകൂടം അവധിയില്‍ വിട്ടിരിക്കുകയാണ്. കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വഴിയെ നല്‍കാമെന്ന് മെയിലില്‍ പറയുന്നു. നിരവധി വിദേശ സഹായ പരിപാടികള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടം യുഎസ്എഐഡിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നും യുഎസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും വാദിക്കുന്നു. യുഎസ്എഐഡി ഒരു കൂട്ടം തീവ്രവാദികളാല്‍ നിയന്ത്രിക്കപ്പെടുന്നു. ഞങ്ങള്‍ അവരെ പുറത്താക്കുകയാണെന്നാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് .
കഴിഞ്ഞ ദിവസം യാതൊരു തെളിവുകളുമില്ലാതെ സംഘടനക്കെതിരെ മസ്‌ക് രംഗത്ത് വന്നിരുന്നു. കോവിഡ് മഹാമാരിയിലേക്ക് നയിച്ച പ്രോജക്റ്റുകള്‍ ഉള്‍പ്പെടെയുള്ള ബയോ വെപ്പണ്‍ ഗവേഷണത്തിന് യുഎസ്എഐഡി ധനസഹായം നല്‍കിയെന്നായിരുന്നു ആരോപണം. ഏജന്‍സിയെ അദ്ദേഹം ക്രിമിനല്‍ സംഘടന എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക വികസന സഹായ ഏജന്‍സികളിലൊന്നായ യുഎസ്എഐഡി ആഗോള മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2023ല്‍, സംഘര്‍ഷമേഖലകളിലെ സ്ത്രീകളുടെ ആരോഗ്യം, ശുദ്ധജല ലഭ്യത, എച്ച്‌ഐവി/എയ്ഡ്സ് ചികിത്സ, ഊര്‍ജ സുരക്ഷ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ യുഎസ് 72 ബില്യണ്‍ ഡോളര്‍ സഹായം നല്‍കി.
2024-ല്‍ ഐക്യരാഷ്ട്രസഭ വഴിയുള്ള എല്ലാ മാനുഷിക സഹായങ്ങളുടെയും 42 ശതമാനവും യുഎസ്എഐഡിയാണ്. തായ് അഭയാര്‍ഥി ക്യാമ്പുകളിലെ ഫീല്‍ഡ് ആശുപത്രികള്‍, സംഘര്‍ഷ മേഖലകളിലെ കുഴിബോംബ് നീക്കം ചെയ്യല്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്കുള്ള ചികിത്സ എന്നിവ ഉള്‍പ്പെടെയുള്ളവക്ക് യുഎസ് വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് മൂലം തടസം നേരിട്ടുണ്ട്.
യുഎസ്എഐഡി ശാശ്വതമായി അടച്ചുപൂട്ടുകയാണെങ്കില്‍, അത് ലോകമെമ്പാടും കടുത്ത മാനുഷിക പ്രതിസന്ധികളിലേക്ക് നയിക്കുമെന്ന് സഹായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക വികസനം, ദുരന്ത നിവാരണം, സുരക്ഷ എന്നിവയ്ക്കായി യുഎസ് സഹായത്തെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരും.
1961ല്‍ ശീതയുദ്ധകാലത്ത് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയാണ് യുഎസ്എഐഡി സ്ഥാപിക്കുന്നത്. ഏജന്‍സി നിര്‍ത്തലാക്കാനുള്ള നീക്കം വാഷിംഗ്ടണില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. അതേസമയം, ഫെഡറല്‍ ഗവണ്‍മെന്റിനുള്ളില്‍ മസ്‌കിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്