യുഎസ് ചരിത്രത്തിലെ വന്‍ വ്യാജ വിവാഹ തട്ടിപ്പ് പുറത്ത്: ഗ്രീന്‍ കാര്‍ഡിനായി കോടികളുടെ ഇടപാട്; 11 പേര്‍ അറസ്റ്റില്‍

AUGUST 12, 2026, 9:38 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്നതിനായി ചൈനീസ് പൗരന്മാരെ അമേരിക്കക്കാരുമായി വ്യാജ വിവാഹം കഴിപ്പിച്ച് കൊടുത്ത വന്‍ തട്ടിപ്പ് ശൃംഖലയെ തകര്‍ത്ത് യുഎസ് ഫെഡറല്‍ ഏജന്‍സികള്‍. പത്ത് വര്‍ഷത്തോളമായി തുടര്‍ന്നുപോന്ന ഈ തട്ടിപ്പിലൂടെ ആയിരത്തിലധികം വ്യാജ വിവാഹങ്ങളാണ് നടന്നതെന്ന് യു.എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് വംശജരായ 11 പേരെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

ഗ്രീന്‍ കാര്‍ഡിനായി ചൈനീസ് പൗരന്മാരില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ വരെയാണ് തട്ടിപ്പ് സംഘം ഈടാക്കിയിരുന്നത്. വ്യാജ വിവാഹത്തിന് തയ്യാറാകുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് 30,000 ഡോളര്‍ വരെ ഘട്ടം ഘട്ടമായി പ്രതിഫലം നല്‍കിപ്പോന്നു. ആളുകളെ സംഘടിപ്പിക്കുന്ന ഏജന്റുമാര്‍ക്ക് 5,000 ഡോളര്‍ വരെ കമ്മീഷനും ലഭിച്ചിരുന്നു. വ്യാജ വിവാഹങ്ങളിലൂടെ കോടിക്കണക്കിന് ഡോളറാണ് ഇവര്‍ സമ്പാദിച്ചതെന്ന് സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് യുഎസ് അറ്റോര്‍ണി ജാമി മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് 2016 മുതല്‍ 2026 ജൂലൈ വരെ പ്രവര്‍ത്തിച്ച തട്ടിപ്പ് ശൃംഖലയില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ചൈന, വാനുവാതു (Vanuatu- ദക്ഷിണ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാജ്യമാണ്) തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വച്ചും വ്യാജ വിവാഹങ്ങള്‍ സംഘടിപ്പിച്ചു. വിവാഹം യഥാര്‍ത്ഥമാണെന്ന് ഇമിഗ്രേഷന്‍ അധികൃതരെ വിശ്വസിപ്പിക്കാന്‍ വധൂവരന്മാര്‍ കുടുംബത്തോടൊപ്പം ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍, വിവാഹ ചിത്രങ്ങള്‍, വ്യാജ ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ സംഘം തയ്യാറാക്കി നല്‍കിയിരുന്നു. കൂടാതെ ഇമിഗ്രേഷന്‍ അഭിമുഖങ്ങളില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് പണം നല്‍കുന്നവര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

ഗ്രീന്‍ കാര്‍ഡ് ലഭിച്ചതിന് ശേഷം ഇവര്‍ പരസ്പരം സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാതിരിക്കാന്‍ പ്രീ-നപ്ഷ്യല്‍ (ദമ്പതികള്‍ വിവാഹത്തിന് മുമ്പ് പരസ്പരം ഒപ്പുവെക്കുന്ന നിയമപരമായ ഉടമ്പടി) കരാറുകളില്‍ ഒപ്പുവെപ്പിക്കുകയും, പിന്നീട് വിവാഹമോചനം നടത്തിക്കൊടുക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹ തട്ടിപ്പ് കേസുകളിലൊന്നാണിതെന്ന് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ വിശേഷിപ്പിച്ചു. കേസില്‍ ഉള്‍പ്പെട്ടവരുടെ ഗ്രീന്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന, ഇമിഗ്രേഷന്‍ രേഖകളില്‍ തിരിമറി നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

English Summary

Federal prosecutors in New York have charged 11 individuals for operating a decade-long, multimillion-dollar marriage fraud scheme that arranged over 1,000 fake unions between Chinese nationals and U.S. citizens to illegally secure green cards. Foreign clients paid up to $100,000, while participating American citizens and recruiters received staged cash payouts and commissions to maintain the facade through staged wedding photos, prenuptial agreements, and coached immigration interviews. The nationwide and international operation—one of the largest in U.S. history—faces federal charges including conspiracy to commit marriage fraud and immigration document forgery, with authorities currently reviewing the potential revocation of all fraudulently obtained green cards. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam