ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ കൊണ്ടാടി

NOVEMBER 7, 2024, 9:38 PM

ന്യൂയോർക്ക്: വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും മലങ്കര സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനും വിശ്വവിഖ്യാതനുമായ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122ാമത് ഓർമ്മ പെരുന്നാൾ ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ആഘോഷപൂർവ്വം കൊണ്ടാടി.

ഒക്ടോബർ 26 ഞായറാഴ്ച കുർബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ച് ഒരാഴ്ച നീണ്ടുനിന്ന പെരുന്നാൾ പരിപാടികൾ നവംബർ 2 ശനിയാഴ്ച വിശുദ്ധ കുർബാനയോടും, റാസയോടും കൂടെ പരിസമാപിച്ചു.

നവംബർ 1 വെള്ളിയാഴ്ച രാവിലെ മുതൽ അനേകം ഭക്തജനങ്ങൾ ധ്യാന പ്രാർത്ഥനകൾ നടത്തി ദേവാലയത്തിൽ ഭജനം ഇരുന്നു. വൈകീട്ട് 5:00 മണിയോടെ വിവിധ ദേവാലയങ്ങളിൽ നിന്ന് പദയാത്രയായി ഭക്തജനങ്ങൾ ദേവാലയത്തിൽ വന്നുചേരുകയും സന്ധ്യാ പ്രാർത്ഥനയിലും ധ്യാന പ്രസംഗത്തിലും പങ്കെടുക്കുകയും ചെയ്തു. വന്ദ്യ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും വന്ദ്യ പൗലോസ് ആദായി കോർ എപ്പിസ്‌കോപ്പ, ഫാ. ജോർജ് ചെറിയാൻ, ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ച് വികാരി, ഡാളസ് സെന്റ് ജോർജ് ചർച്ച് വികാരി ഫാ. ജോഷ്വാ ജോർജ് എന്നിവരുടെ സഹ നേതൃത്വത്തിലും സന്ധ്യാ പ്രാർത്ഥന നടന്നു. വന്ദ്യ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പാ നടത്തിയ ധ്യാന പ്രസംഗത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ കൊണ്ടാടുന്ന അവസരത്തിൽ തിരുമേനിയുടെ ജീവിത മാതൃകയെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾക്കും പരാമർശങ്ങൾക്കും ഈന്നൽ കൊടുത്തുകൊണ്ട് നമ്മുടെ ജീവിതത്തിൽ അവയെ പ്രായോഗികമാക്കാൻ ശ്രമിക്കുക എന്നതായിരിക്കണം പരമപ്രധാനമായ ലക്ഷ്യം എന്ന് കോർ എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു.

vachakam
vachakam
vachakam


നവംബർ 2 ശനിയാഴ്ച രാവിലെ 8:30ന് ആരംഭിച്ച ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും വന്ദ്യ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പാ പ്രധാന കാർമികത്വം വഹിച്ചു. വികാരി ഫാ. ഗ്രിഗറി വർഗീസ്, ഫാ. ജോൺ തോമസ് എന്നിവർ സഹ കാർമികരായിരുന്നു. വിശുദ്ധ കുർബാനയോടനുബന്ധിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന നടത്തി. കുർബാനാനന്തരം ആണ്ടുതോറും നടത്തിവരാറുള്ള റാസയും നടന്നു. ഗാനങ്ങളും പ്രാർത്ഥനകളുമായി കുരിശ്, മുത്തുക്കുട, കൊടികൾ എന്നിവയേന്തി ഭക്തജനങ്ങൾ ന്യൂ ഹൈഡ് പാർക്കിലെ നിരത്തിലൂടെ നടന്നു നീങ്ങിയപ്പോൾ അനേകർ തങ്ങളുടെ ഭവനങ്ങൾക്ക് മുൻപിൽ കത്തിച്ച തിരികളുമായി നിന്ന് റാസയെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഒരു ദേവാലയം എന്ന നിലയ്ക്ക് മാത്രമല്ല, ചെറി ലെയിൻ പള്ളി പ്രശസ്തമാകുന്നത്. തിരുമേനിയുടെ തിരുശേഷിപ്പുകൾ പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട് എന്നുള്ളത് ഏറെ പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. പരിശുദ്ധ പരുമല തിരുമേനി ഉപയോഗിച്ചിരുന്ന കാപ്പാ വർഷങ്ങളായി ഈ പള്ളിയിൽ സ്ഥാപിച്ചിട്ടുള്ളതും അനേകർ പ്രത്യേകിച്ചും, പെരുന്നാൾ സമയത്ത് എത്തിച്ചേർന്ന് പ്രാർത്ഥിച്ചും, അവയെ സ്പർശിച്ചും അനുഗ്രഹം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

vachakam
vachakam
vachakam

തപസ്സുകൊണ്ടും ത്യാഗ ജീവിതം കൊണ്ടും വിശുദ്ധിയുടെ പ്രകാശഗോപുരമായി മാറിയ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥത നാനാ ജാതി മതസ്ഥരായ അനേകർക്ക് അഭയ കേന്ദ്രവും ആശ്വാസവുമായിരുന്നു. ക്രിസ്തു സമാന ജീവിത ദർശനം ഉൾക്കൊണ്ടുകൊണ്ട് അശരണരെയും നിരാലംബരേയും പിന്നോക്ക സമുദായക്കാരായി പിന്തള്ളപ്പെട്ടവരെയും ചേർത്തുപിടിച്ച് അവരുടെ ഉയർച്ചയ്ക്കായി പരിശ്രമിക്കുകയും പരിരക്ഷിക്കുകയും ചെയ്ത പുണ്യ പിതാവായിരുന്നു പരിശുദ്ധ തിരുമേനി.

ഭക്തിനിർഭരമായ റാസക്ക് ശേഷം നേർച്ച വിളമ്പും ഉച്ചഭക്ഷണത്തോടും കൂടെ പെരുന്നാൾ ആഘോഷങ്ങൾ പര്യവസാനിച്ചു.

പെരുന്നാൾ ആഘോഷങ്ങളുടെ നടത്തിപ്പിനായി വികാരി ഫാ. ഗ്രിഗറി വർഗീസിനൊപ്പം പെരുന്നാൾ കോഓർഡിനേറ്റർമാരായി സജി തോമസ്, റോയ് തോമസ് എന്നിവരും, സെക്രട്ടറി കെൻസ് ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തൻ, ബിജു മത്തായി എന്നിവർ അടങ്ങുന്ന കമ്മിറ്റിയും പ്രവർത്തിച്ചു.

vachakam
vachakam
vachakam

വർഗീസ് പോത്താനിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam