ന്യൂയോര്‍ക്ക്: ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം തടഞ്ഞ് ഫെഡറല്‍ കോടതി. സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാന്‍ വേണ്ടി ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും പദ്ധതിക്കാണ് ഫെഡറല്‍ കോടതി തടയിട്ടത്. യു.എസ് ജില്ലാ ജഡ്ജി വില്യം അല്‍സപ്പിന്റേതാണ് ഉത്തരവ്.
പ്രതിരോധ വകുപ്പ് ഉള്‍പ്പടെ വിവിധ ഫെഡറല്‍ ഏജന്‍സികളില്‍ കൂട്ടപിരിച്ചുവിടല്‍ നടത്താന്‍ ട്രംപ് അനുമതി നല്‍കിയിരുന്നു. യു.എസ് ഓഫീസ് ഓഫ് പഴ്സണല്‍ മാനേജ്മെന്റിന് ഫെഡറല്‍ ഏജന്‍സികളോട് ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കാനാവില്ലെന്ന്
സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതി നിരീക്ഷിച്ചു. പ്രൊബേഷണറി ജീവനക്കാരെയും ഇത്തരത്തില്‍ പിരിച്ചുവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ലോക ചരിത്രത്തിലെ ഒരു നിയമത്തിലും മറ്റൊരു ഏജന്‍സിയിലെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും പേഴ്‌സണല്‍ മാനേജ്‌മെന്റിന് അധികാരമില്ല. ഏജന്‍സികള്‍ക്ക് തന്നെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും കോണ്‍ഗ്രസ് അധികാരം നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, പ്രതിരോധ വകുപ്പിന് നിയമിക്കാനും പിരിച്ചുവിടാനും നിയമപരമായ അധികാരമുണ്ടെന്ന് ഉത്തരവില്‍ യുഎസ് ജില്ലാ ജഡ്ജി വില്യം അല്‍സപ്പ് വ്യക്തമാക്കിയതായി ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാംവട്ടം അധികാരത്തിലേറിയ ഉടന്‍ ട്രംപ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ പലതും വിവാദത്തിലായിരുന്നു. അതില്‍ ഏറ്റവും പുതിയ നിയമപരമായ തിരിച്ചടിയാണ് ഈ വിധി. നേരത്തെ അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം ജന്മാവകാശ പൗരത്വം നല്‍കുന്ന പതിനാലാം ഭരണഘടനാ ഭേദഗതി ട്രംപ് റദ്ദാക്കിയിരുന്നു. പ്രസിഡന്റിന്റെ ഈ ഉത്തരവും കോടതി സ്റ്റേ ചെയ്തു.
അനിവാര്യരല്ലെന്ന് ആരോപിച്ച് പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുന്ന ജനുവരി 20 ലെ മെമ്മോയും ഫെബ്രുവരി 14 ലെ ഇ-മെയിലും പിന്‍വലിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.എസില്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ ഫെബ്രുവരി 15 ന് തന്നെ ആരംഭിച്ചിരുന്നു. 10,000 പേരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചുവിട്ടത്. ഇന്റീരിയര്‍, ഊര്‍ജം, വെറ്ററന്‍ അഫയേഴ്സ്, കാര്‍ഷികം, ആരോഗ്യം, ഹ്യൂമന്‍ സര്‍വീസ് എന്നീ മേഖലകളില്‍ നിന്നാണ് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്