ഇത് അശോക് തൻവാർ. ആൾ ബഹുമിടുക്കനാണ്. ഭൂമി ഉരുണ്ടതാണെന്ന് വീണ്ടും ഒന്നുകൂടി തെളിയിക്കാനായി 5 വർഷം മുമ്പ് കോൺഗ്രസ് പാർട്ടിയിൽനിന്നും പുറത്തുചാടിയ വിപ്ലവകാരി. ഇപ്പോഴിതാ ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ഉച്ചവരെ നമ്മുടെ കഥാനായകൻ തൻവാർ ബി.ജെ.പിക്ക് വേണ്ടി റാലി നടത്താൻ ഓടിനടന്നതിനിടയിൽ അമിത് ഷാ തോളിൽ തട്ടി എന്തോ പറഞ്ഞതോടെ ഇരുവരും കൈകൊടുത്തു പിരിഞ്ഞതുമാണ്.
ബി.ജെ.പിയുടെ രൺധീർ പനിഹാറിന് എല്ലാവിധ പിന്തുണയും തേടുന്നതായി എക്‌സിൽ കുറിച്ചിടുക കൂടി ചെയ്തു. എന്തുതന്നെയായാലും നയാബ് സൈനിയുടെ നേതൃത്വത്തിൽ ഹരിയാനയിൽ ബി.ജെ.പി സർക്കാർ വരുമെന്ന് ആണയിട്ടു പറഞ്ഞുതീരും മുമ്പേ, അതായത് കോഴിക്ക് മൂന്നുവട്ടമല്ല, ഒരുവട്ടം പോലും കൂകാൻ നേരം കൊടുക്കാതെ ടീയാൻ കോൺഗ്രസ് കൂടാരത്തിലെത്തിയിരിക്കുന്നു.
അഞ്ചുവർഷം മുമ്പ് കോൺഗ്രസ് അസ്തിത്വപരമായി പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് അതിന്റെ രാഷ്ട്രീയ എതിരാളികൾ കാരണമല്ലെന്നും മറിച്ച് ഗുരുതരമായ ആഭ്യന്തര വൈരുദ്ധ്യങ്ങൾ മൂലം ആണെന്നുമാണ് സോണിയ ഗാന്ധിക്ക് നീട്ടിപ്പിടിച്ചൊരു കത്തെഴുതിയതിലെ ഉള്ളടക്കം. ആരുവിചാരിച്ചാലും കോൺഗ്രസ് നന്നാകില്ലെന്നറിയാവുന്നതിനാൽ രാജിവച്ചു. തീർന്നില്ല ഹരിയാന പാർട്ടി ഹൂഡ കോൺഗ്രസ് ആയി മാറിയെന്ന് അദ്ദേഹം കണ്ടുപിടിച്ചു കളഞ്ഞു.
വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞാണ് സ്ഥാനാർത്ഥി ലിസ്റ്റ് ഉണ്ടാക്കിയതെന്ന് ആരോപിച്ച് സോണിയയുടെ വസതിക്ക് പുറത്ത് അശോക് തൻവാർ അനുയായികളേയും കൂട്ടി ഒരു വേഷപ്രച്ഛന്നഘോഷയാത്ര തന്നെ നടത്തി പ്രതിഷേധിച്ചു. 2014 മുതൽ പി.സി.സി അധ്യക്ഷനായിരുന്ന് വേരുറച്ചുപോയ തൻവാറിനെ ഭൂപീന്തർ ഹൂഡയുടെ സമ്മർദ്ദത്താൽ ആ സ്ഥാനത്തുനിന്ന് മാറ്റിയതായിരുന്നു മറ്റൊരാരോപണം.
ഇങ്ങനെയൊക്കെ സംഭവിച്ചുപോയെങ്കിലും ടിയാൻ ചില്ലറക്കാരനൊന്നുമല്ല കേട്ടോ, ഹരിയാനയിൽ ജജ്ജാർ ജില്ലയിലെ ചിമ്മിനിയിലെ ചമർ എന്ന കർഷക കുടുംബത്തിലാണ് ഭൂജാതനായത്. വാറങ്കലിലെ കാകതീയ സർവകലാശാലയിൽ നിന്ന് ബി.എ, ജെ.എൻ.യൂവിൽ നിന്നും എം.എ, എം.ഫിൽ പൂർത്തിയാക്കി. കൂടാതെ പി.എച്ച്.ഡിയും കരസ്ഥമാക്കിയവനാണ് പുമാൻ.
ഹരിയാനയിൽ കോൺഗ്രസ് പ്രസിഡന്റ്, സിർസയിൽ നിന്നുള്ള പാർലമെന്റ് അംഗം, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളിൽ തിളങ്ങിവിളങ്ങിയവനാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും എൻ.എസ്.യു.ഐയുടെയും മുൻ പ്രസിഡന്റാണ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഖിലേന്ത്യ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് എന്ന പദവി വേറേയും. ജെ.എൻ.യുവിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് തൻവാർ ശ്രദ്ധേയനാകുന്നത്.
ദോഷം പറയരുതല്ലോ, അശോക്
തൻവാർ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക്,
ജില്ലാ, സംസ്ഥാന തലങ്ങളിൽ ശിൽപശാലകൾ, സെമിനാറുകൾ, തെരുവ് നാടകങ്ങൾ,
പൊതുപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ
പാർട്ടിയെ ശക്തിപ്പെടുത്താൻ പഠിച്ചപണി പതിനെട്ടും കളിച്ചവനാണ്.
2009ൽ
ഹരിയാനയിലെ സിർസയിൽ നിന്ന് 354999 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു. എന്നിട്ടും കയ്യിലിരിപ്പുകൊണ്ട് 2014ൽ
ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ ചരൺജീത് സിംഗ് റോറിയുടെ മുന്നിൽ തോറ്റു
തൊപ്പിയിട്ടുപോയി.
എങ്കിലും പാർട്ടി ഹരിയാനയിൽ കോൺഗ്രസ് പ്രസിഡന്റാക്കി. ഗർവ്വും ക്രോദവും ഏറിവന്നപ്പോൾ ആ പദവിയും നഷ്ടപ്പെട്ടു എന്ന് അസൂയാലുക്കൾ പറയുന്നു..! തുടർന്ന് സെൽജ കുമാരി 2019ൽ പാർട്ടി പ്രസിഡന്റായി. അതോടെ ഹാലിളകിയ തൻവാർ കോൺഗ്രസിൽ നിന്നും പറത്തുചാടി. പിന്നെ മാരത്തോൺ ചാട്ടം തന്നെയായിരുന്നു. 5 വർഷത്തിനിടെ 5 പാർട്ടി മാറി പുതിയ ചരിത്രവും ഭൂമിശാസ്ത്രവും സൃഷ്ടിച്ചിരിക്കുന്നു.
2024 ജനുവരിയിൽ ബി.ജെ.പി ആസ്ഥാനത്ത് ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ സാന്നിധ്യത്തിൽ തൻവാർ ബി.ജെ.പിയിൽ ചേർന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ സിർസയിൽ നിന്ന് മത്സരിച്ച തൻവാർ കോൺഗ്രസിലെ പഴയ എതിരാളി സെൽജയോട് പരാജയപ്പെട്ടത് മുതൽ ആശങ്കയും അങ്കലാപ്പുമായി നടക്കുകയായിരുന്നുവത്രെ.
ഇന്നിപ്പോൾ അമിത് ഷായുടെ അനുഗ്രഹവും വാങ്ങി കോൺഗ്രസിൽ എത്തിയത് വല്ല ചാരപ്പണിക്കുമാണോ എന്ന് ദോഷൈകദൃക്കുകൾ ചിന്തിച്ചുപോയാൽ..! പോയാൽ പോകിട്ടും പോടാ..! ഇത് കോൺഗ്രസാണ്. ആർക്കുവേണമെങ്കിലും വരാം, പോകാം. ഭൂമി ഉരുണ്ടതാണെന്ന് കൂടെക്കൂടെ തെളിയിക്കാൻ ബാധ്യതയുള്ള പാർട്ടിയല്ലേ കോൺഗ്രസ്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്