യഥാർത്ഥ വിജയ് യോഗേന്ദ്ര യാദവ്

JUNE 4, 2024, 9:21 PM

ഇക്കുറി ഇന്ത്യാ മഹാരാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിജയം നേടിയത് ആരാണ്..? ഒരിടത്തും സ്ഥാനാർത്ഥി ആയിരുന്നില്ലെങ്കിലും വിജയിയായത്  യോഗേന്ദ്ര യാദവ് എന്ന മനുഷ്യനായിരുന്നു. എക്‌സിറ്റ് പോളുകൾ നടത്തിയവരൊക്കെ നരേന്ദ്ര മോദിക്കും കൂട്ടർക്കും വാരിക്കോരി സീറ്റുകൾ കൊടുത്തുകൊണ്ടിരുന്നപ്പോൾ യാഥാർത്യത്തോടടുത്തു നിൽക്കുന്ന പ്രവചനം നടത്തിയ ഒരോയൊരാൾ യോഗേന്ദ്ര യാദവ് മാത്രമായിരുന്നു.

എക്‌സിറ്റ് പോൾ ഫലങ്ങൾ വരുന്നതിന് മുമ്പേ ഏറ്റവും കൂടുതൽ ചർച്ചയായ രണ്ട് പ്രവചനങ്ങളുണ്ടായിരുന്നു, തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദൻ യോഗേന്ദ്ര യാദവിന്റേതും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാക്ഷാൽ പ്രശാന്ത് കിഷോറിന്റെയും. യോഗേന്ദ്ര യാദവ് ബി.ജെ.പിക്ക് സീറ്റ് കുറയുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ 2019ലേതിനേക്കാൾ കരുത്തോടെ ബി.ജെ.പി മുന്നേറുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചന പ്രഹസനം.!

എന്നാൽ തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ ഉടൻ  ചാകരപ്പെയ്ത്തുപോലെ പെയ്തിറങ്ങിയതത്രയും പ്രശാന്തിന്റെ വാക്കുകൾ പോലെ നിലവിലെ 303ൽ നിന്നും കൂടുതൽ സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് സർവേകൾ ശക്തമായും അതിനേക്കാൾ സുവ്യക്തമായും പറഞ്ഞുപരത്തിയത്.  എന്നാലീപ്പറയുന്നതത്രയും വെറും 'മോദി മീഡിയ പോൾ' മാത്രമാണെന്നു തറപ്പിച്ചു പറഞ്ഞത്  രാഹുൽ ഗാന്ധിയും കൂട്ടരുമാണ്.

vachakam
vachakam
vachakam

ഇത് ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തകരുടെ നോവീര്യം കെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മനപ്പൂർവ്വം കളിക്കുന്ന ഒടുക്കത്തെ  സൈക്കളോജി ക്കൽ ഗെയിമായി ഇതിനെ കണ്ടാൽ മതി എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞപ്പോഴും ഇത്രക്ക് നിരീച്ചില്ല.  താൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കാണിച്ച് ഉദ്യോഗസ്ഥരേയും ഭരണസംവിധാനങ്ങൾ ചലിപ്പിക്കുന്നവരേയും സമ്മർദത്തിലാക്കാനുള്ള തന്ത്രമാണ് മോദി പയറ്റുന്നതെന്നു കൂടി തട്ടിവിടാൻ അദ്ദേഹം തെല്ലും മടിച്ചതുമില്ല. പറഞ്ഞുപോയ വങ്കത്തരമോർത്ത ്കുറ്റബോധം കൊണ്ടാകാം ഒരു പ്രവചന വിദ്വാൻ ചാനലിലിരുന്ന് വിങ്ങിവിങ്ങിക്കരയുന്നതും കണ്ടു. 

എന്തായാലും ഇപ്പോൾ വിജയശ്രീലാളിതനായി നിൽക്കുന്ന യോഗേന്ദ്ര യാദവ്  ആരാണെന്നല്ലേ..? പറയാം. അദ്ദേഹം ഒന്നാന്തരം  ആക്ടിവിസ്റ്റും സെപ്‌ഫോളജിസ്റ്റും  അതിലെല്ലാമുപരി നല്ലൊരു രാഷ്ട്രീയക്കാരനുമാണ്.1963 ൽ ജനിച്ച ഇദ്ദേഹം 2004 മുതൽ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയിൽ സീനിയർ ഫെലോ ആയി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. 2010ൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനുള്ള ദേശീയ ഉപദേശക സമിതിയിലും അംഗമായിരുന്നു. രാഷ്ട്രീയ വിശകലനത്തിലുള്ള അപാരപാടവം കൊണ്ട് തൊണ്ണൂറുകളുടെ രണ്ടാംപാദത്തിൽ രാജ്യവ്യാപകമായി ശ്രദ്ധ നേടി.

ദൂരദർശനിലും പിന്നെ പ്രണയ് റോയിയോടൊപ്പം  എൻ.ഡി.ടി.വിയിലും സി.എൻ.എൻ ഐ.ബി.എന്നിലും തെരഞ്ഞെടുപ്പു വിശകലനവിദഗ്ദ്ധനായി രണ്ട് പതിറ്റാണ്ടോളം അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. 2011ൽ ദേശവ്യാപകമായി പടർന്ന അഴിമതിവിരുദ്ധ മുന്നേറ്റത്തിൽ പങ്കാളിയായി. പിന്നിട് കെജ്രിവാൾ ആം ആദ്മി പാർട്ടി രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്. 2013ലെ ദൽഹി നിയമസഭ ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചത് മറ്റൊരു വിജയഗാഥ..!

vachakam
vachakam
vachakam

അതൊക്കെക്കഴിഞ്ഞ് 2024 ൽ എത്തിയതോടെ അദ്ദേഹം ആഴത്തിൽ ആലോചിച്ച കാര്യം എന്തെന്നാൽ നമ്മൾ വളർന്ന ഇന്ത്യയുടെ അവസാനമാണോ ഇത്? ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകൾക്ക് അർത്ഥം നഷ്ടപ്പെട്ടോ? പുടിന്റെ റഷ്യ ഇന്ത്യയുടെ ഭാവിയിലേക്കുള്ള കണ്ണാടി പോലെ കാണപ്പെട്ടു തുടങ്ങി. പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള തമാശകൾ വീടിനോട് ചേർന്ന് കേൾക്കാൻ തുടങ്ങി. പ്രവർത്തനപരമായ ചോദ്യങ്ങളും ഉണ്ടായിരുന്നു: ഈ തിരഞ്ഞെടുപ്പ് പാർലമെന്ററി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുമോ? റിപ്പബ്ലിക് വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തെരുവിന്റെയും ഭൂഗർഭ പ്രതിരോധത്തിന്റെയും രാഷ്ട്രീയം മാത്രമാണോ തുറന്നിട്ടിരിക്കുന്നത്? എളുപ്പമുള്ള ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതോടെ യോഗേന്ദ്ര യാദവ് എന്ന മനുഷ്യൻ വിഷാദാവസ്ഥയിൽ ആഴ്ച്ചകൾ ചെലവഴിച്ചു.

എന്നാൽ തിരഞ്ഞെടുപ്പിനെ സമീപിക്കാൻ തുടങ്ങിയപ്പോൾ, എന്തോ ഒന്ന് തുറന്നു, വായുവിന്റെ ഗുണനിലവാരത്തിൽ ഒരു പ്രത്യേക മാറ്റമുണ്ടായതായി യാദവിന് അനുഭവപ്പെട്ടു.തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നീങ്ങിത്തുടങ്ങിയപ്പോൾ യോഗേന്ദ്ര യാദവ്  രാജ്യത്തുടനീളം യാത്രചെയ്തു. പലപ്പോഴും സാധാരണക്കാർക്കിടയിൽ പഴയ രീതിയിലുള്ള ഫീൽഡ് വർക്ക് ചെയ്തു. ഒപ്പം പൊതുമനസ്സും നീങ്ങിക്കൊണ്ടിരുന്നു. ഈ തിരഞ്ഞെടുപ്പ് മാരത്തൺ ആദ്യ ഘട്ടത്തിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അത് കൂടുതൽ മെച്ചപ്പെട്ടു. ഇപ്പോൾ പൊതുവായ പല്ലവി 'ചുനാവ് പാലത് ഗയാ ഹേ' അല്ലെങ്കിൽ 'ചുനാവ് ഉത് ഗയാ ഹേ' എന്നായിരുന്നു, തിരഞ്ഞെടുപ്പ് മാറി. മാറ്റത്തിന്റെ കാരണങ്ങൾ  അന്വേഷിച്ചപ്പോൾ, ഏറ്റവും സാധാരണമായ ഉത്തരം ഈ തിരഞ്ഞെടുപ്പ് ജനങ്ങളാണ് പോരാടുന്നത്, പാർട്ടികളല്ല' എന്നായിരുന്നു.  തുതന്നെയായിരുന്നു പ്രവചനത്തിനടിസ്ഥാനമെന്നാണ് യോഗേന്ദ്ര യാദവ്  പറയുന്നത്. അതിൽ പതിരുണ്ടായതുമില്ല.

ജോഷി ജോർജ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam