ബ്രിട്ടനിൽ കൂപ്പുകുത്തിയ ഋഷി സുനക്

JULY 5, 2024, 5:44 PM

അങ്ങ് ബ്രിട്ടനിൽ തെരഞ്ഞെടുപ്പിൻ ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ഋഷി സുനാക്കു മൂക്കുകുത്തി വീണങ്കിലും അവിടൊരു മലയളി എംപി ഉയർന്നു വന്നത് അഭിമാനിക്കാൻ വക നൽകുന്നു. കോട്ടയം സ്വദേശി സോജൻ ജോസഫാണ് ആ മിന്നുന്ന താരം. ലേബർ പാർട്ടി ടിക്കറ്റിൽ കെന്റിലെ മണ്ഡലങ്ങളിലൊന്നായ ആഷ്‌ഫോർഡിൽ നിന്നുമാണ് നിർണായക വിജയം നേടിയത്. കൺസർവേറ്റീവ് ആൻഡ് യൂണിയനിസ്റ്റ് പാർട്ടി ഡാമിയൻ ഗ്രീനിനെ 1799 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജൻ മലർത്തിയടിച്ചത്. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ടിയാൻ.

ബ്രിട്ടനിൽ നീണ്ട 14 വർഷത്തെ ആലസ്യത്തിൽ നിന്നും ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ സടകുടഞ്ഞെഴുന്നേറ്റ് അധികാരത്തിന്റെ വീഞ്ഞുനുകരാൻ വെമ്പലോടെ നിൽക്കുന്നു.  ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻവംശജനും ഹിന്ദുവുമെന്ന അഭിമാനത്തോടെ തലകുനിച്ച് സ്ഥലം കാലിയാക്കാൻ നോക്കുന്ന തെരക്കിലാണ്.  650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട കേവലഭൂരിപക്ഷം. ടോറികളെ ഇനിയോരഞ്ചുവർഷംകൂടി ചുമക്കാനാവില്ലെന്ന് നാളുകൾക്കു മുമ്പേ ഉറപ്പിച്ചതാണ്.

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ബ്രിട്ടന്റെ ഭരണസിരാകേന്ദ്രം ആടിയുലഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ 'പാർട്ടി ഗേറ്റ്' എന്നറിയപ്പെട്ട വിവാദച്ചുഴിയിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തലകുത്തി വീഴുന്നതോടെയാണ് ബ്രിട്ടനിലെ രാഷ്ട്രീയ രംഗം കലങ്ങിമറിയുന്നത്. തുടർന്ന് കൺസർവേറ്റീവ് എം.പിമാർക്കിടയിൽ നടന്ന അവിശ്വാസ പ്രമേയത്തെ ജോൺസൺ അതിജീവിക്കുന്നു. എന്നാൽ ആഴ്ചകൾക്കകം അതേ പാർലമെന്റംഗങ്ങൾ തന്നെ അദ്ദേഹത്തെ പുറത്തേക്കെറിയുകയായിരുന്നു. സത്യത്തിൽ ബോറിസ് ജോൺസന്റെ പതനത്തിന് ആക്കം കൂട്ടിയത് നമ്മുടെ ഋഷി സുനാക് ആയിരുന്നു.  ജോൺസന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രി ആയിരുന്ന ഋഷി സുനാക് രാജിവയ്ക്കുന്നതോടെയാണ് ജോൺസന്റെ പടിയിറക്കം തുടങ്ങുന്നത്. സുനാക്കിന് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി പ്രീതിപട്ടേലും സ്ഥാനമൊഴിയുന്നു. നിൽക്കക്കള്ളിയില്ലാതെ ജോൺസൺ രാജിവച്ചു സ്ഥലം കാലിയാക്കി.  പുതിയ ലീഡറെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ ഋഷി സുനാക്കും ലിസ്ട്രസും മത്സരിക്കാനൊടിയടുത്തു. ടോറി പാർട്ടി വമ്പന്മാർക്കിടയിൽ ഭൂരിപക്ഷം ലഭിച്ച ട്രസ് പ്രധാനമന്ത്രിയായി. 

vachakam
vachakam
vachakam

ലിസ്ട്രസ് അധികാരമേറ്റ രണ്ടാം നാളിൽ എട്ട് പതിറ്റാണ്ടിലധികം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഇഹലോകവാസം വെടിയുന്നു. രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കവേ തന്നെ ബ്രിട്ടീഷ് ഇക്കോണമിയെ പിടിച്ചുനിർത്താൻ ട്രസിന്റെ ചാൻസലറായിരുന്ന ക്വാഡി ക്വാൾട്രെഡ്ജ് അവതരിപ്പിച്ച മിനി ബഡ്ജറ്റ് വലിയ പുകിലുണ്ടാക്കി. വൻകിട വരുമാനക്കാർക്ക് നികുതിയിളവ് അനുവദിച്ച ബഡ്ജറ്റിനെച്ചൊല്ലി അടിയുണ്ടാക്കുന്നതിനു മുമ്പേ തന്നെ ക്വാൾട്രെഡ്ജ് രാജിവച്ചൊടിയൊളിച്ചു. പിന്നേയും ആരൊക്കെയോ രാജിവച്ചതോടെ കച്ചിത്തുരുമ്പിൽ പോലും പിടിച്ചു നിൽക്കാനാകാതെ ലിസ്ട്രസ് പ്രധാനമന്ത്രി പദമൊഴിഞ്ഞു.

അപ്പോഴാണ് ഋഷി സുനാക് ജോൺസണെ കടത്തിവെട്ടി പ്രധാനമന്ത്രിക്കസേരയിൽ ചാടിക്കയറിയത്.ഒട്ടൊക്കെ യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ വച്ച് പുലർത്തുന്ന ബ്രിട്ടീഷ് ജനതയ്ക്കിടയിൽ വെളുത്ത വർഗ്ഗക്കാരനല്ലാത്ത സുനാക് പ്രധാനമന്ത്രിയാകുന്നത് വിജയകരമായ ഒരു കാഴ്ചയായിരുന്നു. ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ വൈവിധ്യത വിളിച്ചോതുന്നതിന് പുറമെ അതിന്റെ അടിത്തറയും സഹിഷ്ണുതയും കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഋഷി സുനാക്കിന്റെ പ്രധാനമന്ത്രി പദം എന്നൊക്കെ പലരും പറഞ്ഞിന്നു.

വെറും എട്ട് വർഷങ്ങൾക്ക് മുമ്പ് 2015 ൽ ടോറികളുടെ കുത്തക പാർലമെന്റ് മണ്ഡലമായ റിച്ച്മണ്ടിൽ നിന്നാണ് സുനാക് ആദ്യം എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2020ൽ അതുവരെ ബാക്ക് ബെഞ്ചിലായിരുന്ന സുനാക്കിന് മന്ത്രിസഭയിൽ രണ്ടാം പദം അലങ്കരിക്കുന്ന ചാൻസലർ പദവിയിലേക്ക് ബോറിസ് ജോൺസൺ അവരോധിക്കുന്നതോടെ അദ്ദേഹം ബ്രിട്ടന്റെ രാഷ്ട്രീയ കൊലകൊമ്പൻമാരിലേക്കുയർന്നു. ഇന്നിപ്പോഴെല്ലാം അവസാനിച്ചിരിക്കുന്നു.

vachakam
vachakam
vachakam

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam