മലയാളികൾക്ക് മറക്കാനാകാത്ത ദിനമാണ് 1993 ഓഗസ്റ്റ് 30. മലയാളമാസത്തിൽ പറയുകയാണെങ്കിൽ ചിങ്ങം ഒന്ന്. അന്നാണ് കാഴ്ചയുടെ വിസ്മയമൊരുക്കി ആദ്യ സ്വകാര്യ സാറ്റലൈറ്റ് ചാനൽ ഏഷ്യാനെറ്റ് നിലവിൽ വന്നത്. പിന്നീടത് പല വഴികളിലൂടെ മാറി മറിഞ്ഞ് ഇപ്പോഴത് റിലൈൻസിന്റെ കോർപ്പറേറ്റ് കോട്ടയിൽ എത്തിയിരിക്കുന്നു. അതോടെ, വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ, സ്റ്റാർ ഇന്ത്യ എന്നിവയുടെ കൺട്രി മാനേജരും പ്രസിഡന്റുമായ കെ. മാധവൻ ഇപ്പോൾ ഏഷ്യനെറ്റിന്റെ പടിക്കു പുറത്തായി.
വിനോദം, സ്‌പോർട്‌സ്, പ്രാദേശിക ചാനലുകൾ, നേരിട്ടുള്ള ഉപഭോക്തൃ ചാനലുകൾ എന്നിവയിലുടനീളമുള്ള വിശാലമായ ഡിസ്‌നി, സ്റ്റാർ, ഹോട്ട്സ്റ്റാർ ബിസിനസുകളുടെ എല്ലാം ചുക്കാൻ ഈ മനുഷ്യന്റെ കൈകളിൽ ഇക്കണ്ടകാലമത്രയും ഭദ്രമായിരുന്നു. ഇതിനൊക്കെപ്പുറമേ, എട്ട് ഭാഷകളിലായി ഫിക്ഷൻ, നോൺഫിക്ഷൻ എന്നുവേണ്ട സർവ്വത്ര കോടാലികളുടേയും വായ്ത്തല മിനുക്കിയിരുന്നത് ഈ വടകരക്കാരൻ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ടെലിവിഷൻ മേഖലയിലെ ബിസിനസിന്റെ എല്ലാവിദ മേൽനോട്ടവുംപുള്ളിക്കാരന്റെ ചുമലിലായിരുന്നുവെന്ന് ചുരുക്കം.
ഈ മഹാനായ മനുഷ്യൻ ദൃശ്യമാധ്യമ ജീവിതത്തിന് മുമ്പ്, ബാങ്കിംഗ്, കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലായിരുന്നു. താൻ ജോലിനോക്കിയിരുന്ന ഒരു ബാങ്കിൽ നിന്നും ഏഷ്യനെറ്റിനൊരു വൻതുക ലോണായി തരപ്പെടുത്തിയതു വഴി അതിന്റെ ഉടമ റെജിമേനോനുമായി അടുപ്പത്തിലായി. ആ അടുപ്പത്തിൽ പിടിച്ചുപിടിച്ചാണ് ഏഷ്യാനെറ്റിൽ കയറിപ്പറ്റിയത്. അതുമോശമായില്ല.
മലയാളത്തിൽ 50% ത്തിലധികം വിപണി വിഹിതവുമായി ഏഷ്യാനെറ്റിന്റെ തർക്കമില്ലാത്ത വളർച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയായിരുന്നു അദ്ദേഹം.അങ്ങിനെ 2009 ൽ കെ മാധവൻ സ്റ്റാർ ഇന്ത്യയുടെ സൗത്ത് ഹെഡായി രൂപാന്തരം പ്രാപിച്ചു. തുടർന്നങ്ങോട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, കമ്പനി ഏറെ അഭിവൃദ്ധി പ്രാപിക്കുന്നു.
മുമ്പ്, പ്രാദേശിക ഭാഷാ ശൃംഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കമ്പനിയെ ദക്ഷിണേന്ത്യയിലെ തന്നെ വമ്പൻ പ്രസ്ഥാനമാക്കി മാറ്റി. അവിടെയുള്ള എല്ലാജീവനക്കാർക്കും 'മാധവൻ സാർ' ജീവന്റെ ജീവനായിരുന്നു ഇക്കണ്ടകാലമത്രയും. ഡിസ്‌നി സ്റ്റാർ ഒമ്പത് ഭാഷകളിലായി 70ലധികം ടിവി ചാനലുകളിലായി പ്രതിവർഷം ഏകദേശം 20,000 മണിക്കൂർ ഒറിജിനൽ പ്രോഗ്രാമിംഗ് നടത്തി, ഓരോ മാസവും ഏകദേശം 700 ദശലക്ഷം കാഴ്ചക്കാരിലേക്ക് അവ എത്തിക്കുകയും ചെയ്തിരുന്നു. ഇനിയിപ്പോൾ കാര്യങ്ങൾ എങ്ങിനെയാകുമെന്നു കണ്ടറിയണം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്