ഇന്നത്തെ യുഗം ഗാന്ധിയുടേതല്ല, ഗോഡ്‌സെയുടേതാണെന്ന് പണ്ടേ പറഞ്ഞിട്ടുള്ളവനാണ് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ഗാന്ധിയൻ തത്വങ്ങളിൽ നിന്ന് സമൂഹം എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന് എടുത്തുകാണിച്ചുകൊണ്ടായിരുന്നു മൂപ്പർ അത് പറഞ്ഞത്. എന്നാൽ കേരളത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നു
ആർ.എസ്.എസ് അനുഭാവികളുടെ മുഖത്തു നോക്കി പറയാനും പുള്ളിക്കാരൻ തയ്യാറായി.
അല്ല, സ്വാമി വിവേകാനന്ദൻ പണ്ടേ പറഞ്ഞിട്ടുള്ളതല്ലെ കേരളം ഭ്രാന്താലയമാണെന്ന്. രാജ്യത്തിന്റെ ആത്മാവായ മതനിരപേക്ഷത തകരുന്നുവെന്നും ഇതിന് ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നുവെന്നും കേരളത്തിൽ വന്ന് പ്രസംഗിച്ചതിനു പിന്നാലെയായിരുന്നു പാളയത്തിൽ പട എന്നപോലെ ചിലർ പാഞ്ഞടുത്തത്. രസമതല്ല, മറ്റൊരു ഗാന്ധിയനെ അനുസ്മരിക്കാനാണ് ഈ ആർ.എസ്.എസ് അനുഭാവികളും സംഭവസ്ഥലത്തെത്തിയതത്രെ.
ആർ.എസ്.എസ് വിഷമാണെന്നും ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഈ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമത്രയും. ഗാന്ധിയൻ മൂല്യങ്ങളുടെ സ്വാധീനം ദുർബലമാകുന്നതിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചതിന് സമാനമായ വിഘടന ശക്തികൾ വീണ്ടും ഉയർന്നുവരുന്നുവെന്ന് തുഷാർ തുറന്നടിച്ചു.
അതോടെ ആർ.എസ്.എസ് സൈക്യാട്രിസ്റ്റുകൾ കണ്ടെത്തി തുഷാർ ഗാന്ധി മാനസിക രോഗിയാണെന്നും തലച്ചോറും നാവും അർബൻ നക്‌സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും പണയം വെച്ചുകിട്ടിയ പണം കൊണ്ടാണ് നിത്യേന പുട്ടടിക്കുന്നതെന്നും. എന്തായാലും കേരളത്തിലെ കോൺഗ്രസുകാർക്ക് വീണുകിട്ടിയ കനകാവസരം എന്നല്ലാതെന്തു പറയാൻ..!
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തതോടെ മറ്റൊരുകൂട്ടർ
മഹാത്മാഗാന്ധിക്ക് 'നിയമ ബിരുദം ഇല്ലായിരുന്നു? വെന്ന കല്ലുവച്ച നുണയുമായെത്തി. മനോജ് സിൻഹ എന്നൊരു ലെഫ്റ്റനന്റ് ഗവർണറാണിതുപറഞ്ഞത്.
തുഷാർ അതിനു മറുപടിയായി മനോജ് സിൻഹയ്ക്ക് ഗാന്ധിജിയുടെ ആത്മകഥ അയച്ചുകൊടുത്തു. 'രാജ്‌കോട്ടിലെ ആൽഫ്രഡ് ഹൈസ്‌കൂളിൽ നിന്ന് എം.കെ. ഗാന്ധി രണ്ട് മെട്രിക്കുലേഷൻ പാസായി. ലണ്ടൻ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലോ കോളേജായ ഇന്നർ ടെമ്പിളിൽ നിന്ന് അദ്ദേഹം നിയമ ബിരുദം നേടി, അതോടൊപ്പം രണ്ട് ഡിപ്ലോമകളും നേടി, ഒന്ന് ലാറ്റിനിലും മറ്റൊന്ന് ഫ്രഞ്ചിലും,' അന്നു കൂടെ പഠിച്ചവരുടെ പേരും വേണമെങ്കിൽ പറയാനുമാകും.
മഹാത്മാഗാന്ധിയുടെ പ്രപൗത്രനായ അരുൺ മണിലാൽ ഗാന്ധിയുടെ മകനുമാണ്. തുഷാർ. 1998ൽ ഗുജറാത്തിലെ വഡോദരയിൽ മഹാത്മാഗാന്ധി ഫൗണ്ടേഷൻ സ്ഥാപിച്ചതിലൂടെയാണ് തുഷാർ കൂടുതൽ അറിയപ്പെടുന്നത്. ആ സ്ഥാപനമിപ്പോൾ മുബൈയിണ്. 1950കളുടെ മധ്യത്തിൽ ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളികളുടെ ക്ഷേമത്തിനായി മധ്യ ബോംബെയിൽ മഹാത്മാഗാന്ധിയുടെ ചെറുമകനായ ഡോ. കാന്തി ഗാന്ധി സ്ഥാപിച്ച ഒരു എൻജിഒ ആയ ലോക് സേവാ ട്രസ്റ്റിന്റെ പ്രസിഡന്റുമാണിപ്പോൾ. ഇതിനെല്ലാം പുറമേ ഒരു സിനിമാ നടൻ കൂടിയാണ് കെട്ടോ കക്ഷി.
അദ്ദേഹത്തിന്റെ ഒരു നോൺ ഫിക്ഷൻ പുസ്തകം, ലെറ്റ്‌സ് കിൽ ഗാന്ധി 2007ൽ പ്രസിദ്ധീകരിക്കുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ആ പുസ്തകത്തിന്റെ പേരിൽ ബ്രാഹ്മണന്മാരുമായി കുറെ ഗുസ്തി നടത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങളൊന്നും തുഷാറിന് പുത്തിരിയല്ല.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്