തിരുവനന്തപുരം: കഴിഞ്ഞ കായികമേളയിൽ മത്സരത്തിൽ പോൾവാട്ട് മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കവേയായിരുന്നു സെഫാനിയയുടെ പോൾ ഒടിഞ്ഞത്. അന്ന് വെള്ളിയിൽ ഒതുങ്ങി. ഇക്കുറി മത്സരവേദിയിൽ ട്രയൽസ് എടുക്കുമ്പോൾ തന്നെ പോൾ ഒടിഞ്ഞു. പക്ഷേ സ്വർണം നേടാനുള്ള സെഫാനിയയുടെ ദൃഡനിശ്ചയത്തെ തടുക്കാനായില്ല. ഈ സ്വർണം അവൾ അതിയായി ആഗ്രഹിച്ചിരുന്നു.
അഞ്ചുമാസം മുമ്പ് തന്നെ വിട്ടുപോയ പിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കാനായി. കഴിഞ്ഞതവണ വെള്ളിയുമായി സങ്കടപ്പെട്ടുനിന്നപ്പോൾ സാരമില്ല മോളേ, അടുത്തതവണ നമ്മൾക്ക് സ്വർണമടിക്കാം എന്നുപറഞ്ഞ പിതാവ് നിറ്റു എന്നെന്നേക്കുമായി വേർപിരിഞ്ഞത് അഞ്ചുമാസം മുമ്പാണ്. മഞ്ഞപ്പിത്തമായിരുന്നു മരണകാരണം.
മകൾ സ്‌കൂൾ മീറ്റിൽ സ്വർണം നേടണമെന്നത് നിറ്റുവിന്റെ വലിയ ആഗ്രഹമായിരുന്നു. സ്‌പോർട്‌സിൽ കമ്പക്കാരനായിരുന്ന നിറ്റു മകളെയും സ്‌പോർട്‌സിൽ മികവു തെളിയിക്കുന്നതിനായി എട്ടാം ക്ലാസിലാണ് കോതമംഗലം മാർ ബേസിലിൽ എത്തിക്കുന്നത്. ഹൈജമ്പിലായിരുന്നു തുടക്കം. കായികാധ്യാപകനായ സി.ആർ.മധുവിന്റെ നിർദേശത്തെ തുടർന്ന് പോൾവാൾട്ടിലേക്ക് മാറി.
കഴിഞ്ഞവർഷം സ്വർണം നേടിയ മലപ്പുറം ഐഡിയൽ സ്‌കൂളിലെ അമൽ ചിത്രയെ പിന്തള്ളിയാണ് സെഫാനിയ ഇത്തവണ സ്വർണം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം പോൾ ഒടിഞ്ഞപ്പോൾ പുതിയ പോൾ തന്നാൽ സ്വർണം വാങ്ങാമെന്ന് സെഫാനിയ പറഞ്ഞിരുന്നു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്‌പോൺസർഷിപ്പിൽ ലഭിച്ച പോളുമായിട്ടാണ് ഇത്തവണ മത്സരിക്കാനെത്തിയത്. 2.80 മീറ്റർ ചാടിയാണ് സുവർണ നേട്ടം കൈവരിച്ചത്. 3.10 മീറ്ററാണ് സെഫാനിയായുടെ ബെസ്റ്റ്. സ്ഥിരമായി മത്സരിച്ചിരുന്ന പോൾ ട്രയൽസിനിടെ ഒടിഞ്ഞില്ലായിരുന്നെങ്കിൽ കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെന്ന് സെഫാനിയ പറഞ്ഞു.
ആലുവ കോളേങ്കാടൻ മേരിയാണ് മാതാവ്. ജിവി രാജ സ്‌കൂളിലെ വിദ്യാർത്ഥിയും ഫുട്‌ബോൾ താരവുമായ സാന്റിനോ നിറ്റുവാണ് സഹോദരൻ. പിതാവിന്റെ വലിയ സ്വപ്നമായ ഒളിമ്പിക്‌സിൽ പങ്കെടുക്കുക എന്നതാണ് സെഫാനിയായുടെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
