ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ശൈലിയിലേക്ക് ഐ.എസ്.എൽ എത്തുമോ?

DECEMBER 13, 2025, 7:28 PM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷനും ടൂർണമെന്റിന്റെ നടത്തിപ്പുകാരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ടൂർണമെന്റിനെ അനിശ്ചിതത്വത്തിലാക്കിയത്.

നിലവിലെ ടൂർണമെന്റിന്റെ നടത്തിപ്പുകാർ കരാർ ഒഴിഞ്ഞതോടെ പുതിയ കരാറുകാരെ കണ്ടെത്താനാവാതെ എ.ഐ.എഫ്.എഫ് പ്രയാസപ്പെട്ടിരിക്കുകയാണ്. പുതിയ കരാറുകാരെ കണ്ടെത്താൻ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നതാണ് വസ്തുത.
ഇപ്പോഴിതാ ടൂർണമെന്റ് നടത്താനുള്ള എ.ഐ.എഫ്.എഫിന്റെ പദ്ധതി ക്ലബ്ബുകൾ അംഗീകരിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പുതിയ കരാറുകാരെ കണ്ടെത്താനാവാത്തതിനാൽ ക്ലബ്ബുകൾ ചേർന്ന് ടൂർണമെന്റ് നടത്താനായുള്ള പണം കണ്ടെത്തുകയും ലാഭ വിഹിതം പങ്കിടുകയും ചെയ്യുന്ന രീതിയാണ് എ.ഐ.എഫ്.എഫ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ശൈലിയിലേക്ക് ഐ.എസ്.എല്ലിനെ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ എ.ഐ.എഫ്.എഫ് ആലോചിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ക്ലബ്ബുകൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ലീഗിന്റെ നടത്തിപ്പിന് ഇത്തരമൊരു രീതിയെ പിന്തുണക്കാൻ ക്ലബ്ബുടമകൾ തയ്യാറായേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അതേ ശൈലിയിലേക്ക് ഐ.എസ്.എല്ലും വന്നേക്കും. അങ്ങനെ ടൂർണമെന്റ് നടത്തുമ്പോൾ ലാഭ വിഹിതം പങ്കിടുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ലാഭ വിഹിതത്തിന്റെ 50% തുക എല്ലാ ടീമുകളും പങ്കിടുന്നതാണ് പ്രീമിയർ ലീഗിലെ രീതി.

vachakam
vachakam
vachakam

25% തുക ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളതും ചാനൽ വ്യൂവർഷിപ്പ് ലഭ്യമാക്കിയതുമായ ക്ലബ്ബുകൾക്കാണ് ലഭിക്കുന്നത്. കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകൾക്കാണ് ഇതിൽ നിന്ന് നേട്ടമുണ്ടാവുന്നത്. 25% തുക ലഭിക്കുന്നത് ജേതാക്കളാവുന്ന ക്ലബ്ബിനും ടോപ് ഫൈവിലെത്തുന്ന ക്ലബ്ബുകൾക്കുമായാവും ലഭിക്കുക. ഈ രീതി തന്നെയാവുമോ ലാഭ വിഹിതത്തിന്റെ കാര്യത്തിൽ ഐ.എസ്.എല്ലിലും പിന്തുടരുകയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

എന്തായാലും ഇത്തരമൊരു രീതി ഐ.എസ്.എല്ലിനും വന്നാൽ പിന്നീട് പുറത്ത് നിന്നുള്ള സ്‌പോൺസർമാരെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാവില്ല. പുറത്തുനിന്നുള്ള സ്‌പോൺസർമാർ വരുമ്പോൾ അവരുടെ സ്വാർത്ഥമായ തീരുമാനങ്ങൾക്കും ക്ലബ്ബുകൾ ഒരു പരിധിവരെ വഴങ്ങേണ്ടി വരും. എന്നാൽ ഇത്തരമൊരു മാതൃക വരുമ്പോൾ ക്ലബ്ബുകൾ ശക്തമായി ഇടപെടുകയും ഫുട്‌ബോളിന് കൂടുതൽ പ്രാധാന്യം ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരമൊരു സാമ്പത്തിക രീതി ഐ.എസ്.എല്ലിലും വന്നാൽ അത് ലീഗിന് ഗുണകരമായേക്കും.
കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചും ഇത് സന്തോഷം നൽകുന്ന കാര്യമാണ്.

പ്രീമിയർ ലീഗ് മാതൃകയിൽ ഐ.എസ്.എൽ നടക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകൾക്ക് ലാഭവിഹിതത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാനാവും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ മറ്റെല്ലാ ടീമുകളെക്കാളും ഉയരത്തിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ പ്രകടനങ്ങൾക്ക് മാത്രമല്ല എവേ മത്സരങ്ങൾക്ക് പോലും വലിയ ആരാധക പിന്തുണ ഉണ്ടാവാറുണ്ട്.

vachakam
vachakam
vachakam

മഞ്ഞപ്പടയെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയടക്കം കേരളത്തിലെ ഒട്ടുമിക്ക ഫുട്‌ബോൾ ആരാധകരും ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കുന്നവരാണ്. 200 കോടിക്ക് മുകളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടം. ഇത് നികത്തി ക്ലബ്ബിനെ ലാഭത്തിലാക്കാൻ പുതിയ ഈ സാമ്പത്തിക രീതിയിലൂടെ സാധ്യമായേക്കും. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത് എന്നത് മാത്രമല്ല ടെലിവിഷൻ വ്യൂവർഷിപ്പിലും വലിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

ഇത് സാമ്പത്തികമായി കൂടുതൽ നേട്ടമുണ്ടാക്കാൻ പുതിയ രീതിയിലൂടെ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചേക്കും. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എ.ഐ.എഫ്.എഫ് മന്നോട്ടുവെച്ച നിർദേശത്തോട് ക്ലബ്ബുകൾ പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ അധികം വൈകാതെ ഐ.എസ്.എൽ ആരംഭിക്കാനും സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam