ചെൽസി പരിശീലകൻ എൻസോ മരെസ്‌ക രാജിവെച്ചു. നേരത്തെ നവംബറിൽ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായ ശേഷം ഡിസംബറിലെ മോശം പ്രകടനവും ബോർഡുമായുള്ള അഭിപ്രായ വ്യത്യാസവും മരെസ്‌കയുടെ ദിവസങ്ങൾ എണ്ണപ്പെട്ടതാണെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു.
ഡിസംബറിൽ കളിച്ച 8 മത്സരങ്ങളിൽ നിന്നു വെറും 2 മത്സരങ്ങളാണ് ചെൽസി ജയിച്ചത്.
അതിനിടെയിൽ എവർട്ടണും ആയി മത്സരം ജയിച്ച ശേഷം താനും ചെൽസി ബോർഡുമായുള്ള ഭിന്നതയും മരെസ്‌ക തുറന്നു പറഞ്ഞിരുന്നു. തന്റെ കരിയറിലെ മോശം 48 മണിക്കൂറാണ് കടന്നു പോയത് എന്നു പറഞ്ഞ മരെസ്‌ക അന്ന് ചെൽസി ബോർഡിനെ തന്നെയാണ് ലക്ഷ്യം വെച്ചത്. തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം ക്ലബ് നൽകുന്നില്ല എന്ന പരാതി മരെസ്‌കക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചെൽസി ബോർഡ് തങ്ങൾ പറയുന്നത് അതേപടി അനുസരിക്കുന്ന പരിശീലകനെ ആണ് ആവശ്യപ്പെടുന്നത് എന്നും സൂചനയുണ്ട്.
ബോർൺമൗതിനു എതിരായ 2-2 സമനിലക്ക് ശേഷം മരെസ്‌ക പത്രസമ്മേളനത്തിൽ എത്തിയിരുന്നില്ല. അന്ന് തന്നെ പരിശീലകൻ പുറത്ത് പോയേക്കും എന്ന സൂചന വന്നിരുന്നു. ചെൽസി ബോർഡും മരെസ്‌കയും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നതോടെ പരിശീലകസ്ഥാനം രാജി വെക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ട്. ചെൽസി സഹഉടമ ബെഗ്ഹാദ് എഗ്ഭാലിയും ആയുള്ള ഭിന്നത തന്നെയാണ് പോച്ചറ്റീന്യോയെ എന്ന പോലെ മരെസ്‌കയുടെയും ജോലി തെറുപ്പിച്ചത്. നേരത്തെ പെപ് ഗാർഡിയോള സ്ഥാനം ഒഴിഞ്ഞാൽ മരെസ്‌കയെ അദ്ദേഹത്തിന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായി നിയമിക്കും എന്ന റിപ്പോർട്ടുകളും വന്നിരുന്നു. വരും ദിവസങ്ങളിൽ ചെൽസി പുതിയ പരിശീലകനെ നിയമിക്കും എന്നാണ് സൂചന.
നിലവിൽ ക്രിസ്റ്റൽ പാലസ് പരിശീലകൻ ഒളിവർ ഗ്ലാസ്‌നറിനെ ചെൽസി പരിഗണിക്കുന്നില്ലെന്നാണ് വാർത്ത. ബോർൺമൗത് പരിശീലകൻ അന്റോണിയോ ഇറിയോള ചെൽസി ഉടമകളുടെ തന്നെ ഫ്രഞ്ച് ക്ലബ് സ്ട്രാസ്ബർഗ് പരിശീലകൻ ലിയാം റോസെനിയോർ എന്നിവർ ചെൽസി പരിഗണനയിലും ഉണ്ട്. ക്ലബ് ലോകകപ്പും കോൺഫറൻസ് ലീഗും നേടി നൽകിയാണ് മരെസ്‌ക ചെൽസി വിടുന്നത്. അടുത്ത ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരിശീലകൻ ഇല്ലാതെയാവും ചെൽസി നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
