ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും പ്രതിരോധ താരമായിരുന്ന റോബർട്ടോ കാർലോസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം അപകടനില തരണം ചെയ്തു. ബ്രസീലിലെ ആശുപത്രിയിൽ സൂക്ഷ്മ നിരീക്ഷണത്തിൽ തുടരുകയാണ്.
സ്വന്തം നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹൃദയ വൈകല്യം കണ്ടെത്തിയതെന്ന് സ്പാനിഷ് ദിനപത്രമായ ഡയറിയോ എഎസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. 52 കാരനായ മുൻ ഫുൾ ബാക്ക് ഇപ്പോൾ റയൽ മാഡ്രിഡ് അംബാസഡറായി സേവനമനുഷ്ഠിച്ചു വരുന്നു.
കാലിൽ ചെറിയ തോതിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് കാർലോസ് ആദ്യം ചികിൽസ തേടിയത്. വിശദമായ പരിശോധനയിലും എംആർഐയിലും ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനായത്. 40 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നടപടിക്രമം, ഒരു സങ്കീർണത കാരണം ഏകദേശം മൂന്ന് മണിക്കൂറായി നീട്ടി. എങ്കിലും, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
അപകടനില തരണം ചെയ്‌തെങ്കിലും കാർലോസ് സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതിന് അടുത്ത 48 മണിക്കൂർ കൂടി ആശുപത്രിയിൽ തുടരും. സുഖംപ്രാപിച്ചുവരുന്നതായി താരവും അദ്ദേഹത്തിന്റെ പരിചാരകരും അറിയിച്ചതായി വ്യക്തമാക്കി.
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന കാർലോസ് എക്കാലത്തെയും മികച്ച ആക്രമണാത്മക പ്രതിരോധ താരമായാണ് കണക്കാക്കപ്പെടുന്നത്. 'ബനാന' ഫ്രീ കിക്കാണ് കാർലോസിന്റെ മാസ്റ്റർ സ്‌റ്റോക്ക്.
1997ൽ ലിയോണിൽ നടന്ന ഒരു ടൂർണമെന്റിനിടെ 35 വാര അകലെ നിന്ന് കാർലോസ് എടുത്ത കിക്ക് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീ കിക്ക് ആയി പലരും കണക്കാക്കുന്നു. എന്നാൽ, 1997ലെ ഈ തന്ത്രം ഒരിക്കലും ആവർത്തിക്കാൻ കാർലോസിന് കഴിഞ്ഞിട്ടില്ല.
ലോക ചാമ്പ്യന്മാരായ ബ്രസീലിനായി 125 മൽസരങ്ങളിൽ കളിച്ചു. 11 വർഷം റയൽ മാഡ്രിഡിന്റെ താരമായിരുന്നു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. 1998ൽ ലോകകപ്പ് ഫൈനലിലെത്തി. 1997ലും 1999ലും കോപ്പ അമേരിക്ക നേടാൻ ബ്രസീലിനെ സഹായിച്ചു. റയൽ മാഡ്രിഡിനൊപ്പം മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
