മുത്തശ്ശിയുടെ സന്ദേശം കേട്ട് പൊട്ടിക്കരഞ്ഞ് വിനീഷ്യസ് ജൂനിയർ

JUNE 29, 2026, 8:51 AM

ലോകകപ്പ് നോക്കൗട്ടിൽ ജപ്പാനെ നേരിടാനിറങ്ങും മുമ്പ് മുത്തശ്ശിയുടെ സന്ദേശം കേട്ട് ക്യാമറയ്ക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. ബ്രസീലിയൻ മാധ്യമമായ 'ഗ്ലോബോ'യുടെ പ്രത്യേക ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ, മുത്തശ്ശിയുടെ അപ്രതീക്ഷിത വീഡിയോ സന്ദേശം കണ്ടാണ് വിനീഷ്യസ് കണ്ണീരണിഞ്ഞത്. തന്റെ വളർച്ചയിൽ നിഴലായി നിന്ന മുത്തശ്ശി ഡോണ നിൽസയുടെ വാക്കുകളാണ് വിനീഷ്യസിനെ വികാരഭരിതനാക്കിയത്.

വിനിയുടെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ ഓർത്തെടുത്ത് മുത്തശ്ശി വീഡിയോയിൽ പറഞ്ഞ വാക്കുകൾ ആരാധകരെയും കരയിക്കുന്നതായിരുന്നു. വിനി വളരെ നാണക്കാരനായ കുട്ടിയായിരുന്നു. ഫുട്‌ബോൾ മാത്രമായിരുന്നു അവന്റെ ലോകം. 16 വയസുവരെ അവൻ എന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്... വിനി, എന്റെ പ്രിയപ്പെട്ട കൊച്ചുമകനെ, ദൈവം എപ്പോഴും നിന്നെ സംരക്ഷിക്കട്ടെ. നിന്റെ മുത്തശ്ശി നിന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്നു എന്നായിരുന്നു മുത്തശ്ശിയുടെ വാക്കുകൾ. മുത്തശ്ശിയുടെ വാക്കുകൾ കേട്ട് കണ്ണീരണിഞ്ഞ വിനീഷ്യസ്, താൻ കടന്നുവന്ന കഠിനമായ വഴികളെക്കുറിച്ച് തുറന്നുപറഞ്ഞു.

'വളരെ ചെറിയൊരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അതുകൊണ്ടാണ് 16 വയസുവരെ ഞാൻ മുത്തശ്ശിയുടെ കൂടെ ഉറങ്ങിയത്. എന്നെ സഹായിക്കാൻ അവർക്ക് കഴിയുന്നതെല്ലാം അവർ ചെയ്തു. എന്റെ ജീവിതം മാറ്റിമറിച്ചത് അവരാണ്. ഒരു ദിവസം നമ്മൾ സ്‌നേഹിക്കുന്നവർ നമ്മെ വിട്ടുപിരിയുമെന്ന് എനിക്കറിയാം, അതുകൊണ്ട് ലഭിക്കുന്ന ഓരോ നിമിഷവും ഞാൻ അവരോടൊപ്പം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. എന്റെ സ്വപ്‌നങ്ങൾ സഫലമാക്കാൻ എന്റെ കുടുംബം ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് 'വിനീഷ്യസ് പറഞ്ഞു.

vachakam
vachakam
vachakam

ബ്രസീലിയൻ ക്ലബ്ബ് ഫ്‌ളെമെംഗോയിലൂടെ കരിയർ ആരംഭിച്ച്, പിന്നീട് റയൽ മാഡ്രിഡിന്റെ നെടുംതൂണായി മാറി ഇന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും തന്റെ വേരുകൾ മറക്കാത്ത വിനിയുടെ വാക്കുകൾ ആരാധകരുടെയും കണ്ണുനിറപ്പിച്ചു.

ഈ ലോകകപ്പിൽ ബ്രസീലിന്റെ ഏറ്റവും വജ്രായുധമാണ് വിനീഷ്യസ്. ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലൻഡ് എന്നിവർക്കെതിരെ 4 ഗോളുകളും ഒരു അസിസ്റ്റും വിനീഷ്യസ് സ്വന്തമാക്കി കഴിഞ്ഞു. ഈ പ്രകടനത്തോടെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ മാത്രം ബ്രസീലിയൻ താരമെന്ന റെക്കോർഡും വിനീഷ്യസ് സ്വന്തമാക്കി. ജെയർസിഞ്ഞോ, റൊമാരിയോ, റൊണാൾഡോ, റിവാൾഡോ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ.

കൗതുകകരമായ വസ്തുത, ഇവർ ഈ നേട്ടം കുറിച്ച വർഷങ്ങളിലെല്ലാം ബ്രസീൽ ലോകകിരീടം ചൂടിയിട്ടുണ്ട് എന്നതാണ്. നിലവിൽ 4 ഗോളുകളുമായി കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട് എന്നിവർക്കൊപ്പം ടോപ്പ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് വിനീഷ്യസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam