സിംബാബ്വെക്കെതിരായ മൂന്നാം ടി20 മത്സരത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചിരുന്നു.
ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരം, സിംബാബ്വെ പര്യടനം ഇന്ത്യക്കായി വിജയകരമായി പൂർത്തിയാക്കി. പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. മൂന്നാം മത്സരത്തിൽ വെറും 49 പന്തുകളിൽ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റൺസാണ് ഈ ഇടംകൈയൻ ബാറ്റർ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.
സിംബാബ്വെയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ വെറും 19 പന്തുകളിൽ നിന്ന് അർദ്ധശതകം നേടിയ വൈഭവ്, പുരുഷ ടി20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. പുരുഷ ടി20 ചരിത്രത്തിൽ 16 വയസ് തികയുന്നതിന് മുമ്പ് ഒന്നിലധികം അർദ്ധശതകങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ പതിനഞ്ചുകാരൻ സ്വന്തം പേരിലാക്കി. മൂന്ന് മത്സരങ്ങളിൽ നിന്നായി 50.33 ശരാശരിയിലും 196.10 സ്‌ട്രൈക്ക് റേറ്റിലും 151 റൺസാണ് താരം നേടിയത്.
ഇംഗ്ലണ്ട് പര്യടനത്തിൽ കാര്യമായി തിളങ്ങാനാവാതെ വരികയും 14 ശരാശരിയിൽ 42 റൺസ് മാത്രം നേടുകയും ചെയ്ത വൈഭവിന് ഈ പരമ്പര മികച്ചൊരു തിരിച്ചുവരവായി മാറി. ഇംഗ്ലണ്ടിലെ നിരാശയ്ക്ക് ശേഷമാണ് താരം സിംബാബ്വെയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പിലും താരം തിളങ്ങിയിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 175 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച വൈഭവ്, ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരാരെയിലെ ഈ മുൻപരിചയവും ആത്മവിശ്വാസവുമാണ് സീനിയർ ടീമിനായും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
മത്സരശേഷം സംസാരിച്ച വൈഭവ് സൂര്യവംശി തന്റെ സന്തോഷം പങ്കുവെച്ചു.. ''ഇതൊരു സ്വപ്‌നതുല്യമായ നിമിഷമാണ്. എന്റെ ആദ്യ മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് പുരസ്‌കാരങ്ങൾ ലഭിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മൂന്ന് മത്സരങ്ങളിലും ടീമിന് നല്ലൊരു തുടക്കം നൽകാനാണ് ഞാൻ ശ്രമിച്ചത്. തുടക്കം ലഭിച്ചാൽ അത് വലിയ ഇന്നിങ്‌സ് ആക്കി മാറ്റാനായിരുന്നു എന്റെ ലക്ഷ്യം.'' വൈഭവ് വ്യക്തമാക്കി. ക്യാപ്ടന്റെയും കോച്ചുകളുടെയും മറ്റ് ടീം അംഗങ്ങളുടെയും പൂർണ്ണ പിന്തുണ തനിക്ക് ലഭിച്ചതായും ഹരാരെയിൽ കളിക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
