ദുബായ് : അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ യു.എ.ഇയെ 234 റൺസിന് തകർത്ത് ഇന്ത്യ. ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 433/6 എന്ന സ്‌കോർ ഉയർത്തിയ ശേഷം യു.എ.ഇയെ 199/7ൽ ഒതുക്കുകയായിരുന്നു. സെഞ്ചുറി നേടാൻ 56 പന്തും 95 പന്തുകളിൽ ഒൻപത് ഫോറുകളും 14 സിക്‌സുകളുമടക്കം 171 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് വൻവിജയം നൽകിയത്. യൂത്ത് ഏകദിനത്തിലെ വൈഭവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 143 റൺസ് നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്ടൻ ആയുഷ് മാത്രയെ (4) തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാൽ കോട്ടയത്തുകാരനായ ആരോൺ ജോർജിനെയും (69) വിഹാൻ മൽഹോത്രയേയും (69) കൂട്ടുനിർത്തി വൈഭവ് കത്തിക്കയറി. വൈഭവും ആരോണും ചേർന്ന് 212 റൺസിന്റെ കൂട്ടുകെട്ടാണ് 146 പന്തുകളിൽ സൃഷ്ടിച്ചത്. 33 -ാം ഓവറിൽ ടീമിനെ 265ലെത്തിച്ച ശേഷമാണ് വൈഭവ് മടങ്ങിയത്. തുടർന്ന് വിഹാൻ, വേദാന്ത് ത്രിവേദി(38), അഭിഞ്ജാൻ കുണ്ടു (32*),കനിഷ്‌ക് ചൗഹാൻ (28) എന്നിവർ ചേർന്ന് 400കടത്തി.
മറുപടിക്കിറങ്ങിയ യു.എ.ഇ നിരയിൽ 78 റൺസടിച്ച ഉദിഷ് സൂരിക്കും 50 റൺസടിച്ച പൃഥ്വി മധുവിനും മാത്രമാണ് പിടിച്ചുനിൽക്കാനായത്. വൈഭവാണ് മാൻ ഒഫ് ദ മാച്ച്. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
171 റൺസാണ് വൈഭവിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് വൈഭവ് കുറിച്ചത്. 2002ൽ ഇംഗ്ലണ്ടിനെതിരെ 177 റൺസ് നേടിയ അമ്പാട്ടി റായിഡു ആണ് ഒന്നാമത്. മൊത്തം റൺവേട്ടക്കാരിൽ, ഈ വർഷം ജൂലൈയിൽ ഇരട്ടസെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാൻ ഷാൽക്വിക്കാണ് (215) ഒന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
