രഞ്ജി ട്രോഫി പുതിയ സീസണിന് ഒക്ടോബർ 11ന് തുടക്കം, ആദ്യമത്സരത്തിൽ കേരളം ജാർഖണ്ഡിനെ നേരിടും

OCTOBER 10, 2026, 4:06 AM

കഴിഞ്ഞതിന്റെ തൊട്ടുമുന്നത്തെ സീസണിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ വരെയെത്തി ചരിത്രം കുറിച്ച കേരള ടീം ഒക്ടോബർ 11 മുതൽ പുതിയൊരു സീസണിന് ഇറങ്ങുകയാണ്. നാളെ ജംഷഡ്പുരിൽ തുടങ്ങുന്ന ആദ്യ മത്സരത്തിൽ ജാർഖണ്ഡാണ് എതിരാളികൾ.

റണ്ണേഴ്‌സ് അപ്പായി കഴിഞ്ഞ സീസണിനിറങ്ങി ഗ്രൂപ്പ് റൗണ്ടിൽ ഒറ്റ മത്സരം മാത്രം ജയിച്ച് നോക്കൗട്ടിൽ കടക്കാതെ പുറത്തായതിന്റെ നിരാശമാറ്റാൻ അലകും പിടിയും മാറ്റി, രാകിമിനുക്കി മൂർച്ചകൂട്ടിയ സംഘവുമായാണ് കേരളം എത്തുന്നത്. പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് നായകൻ. കോച്ചായെത്തുന്നത് മുൻ ഗോവൻ രഞ്ജി താരം സ്വപ്നിൽ അസ്‌നോദ്കറാണ്. ചീഫ് സെലക്ടറായെത്തുന്ന കേരളത്തിന്റെ രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ രോഹൻ പ്രേമും.

33കാരനായ വിഷ്ണു വിനോദ് കഴിഞ്ഞസീസണിലെ അവസാനമത്സരത്തിൽ ഗോവയ്‌ക്കെതിരെ കേരളത്തെ നയിക്കുകയും സെഞ്ച്വറിയടിക്കുകയും ചെയ്തിരുന്നു. സീസണിൽ കേരളം ജയിച്ച ഏക മത്സരമായിരുന്നു അത്. 31 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളും അടക്കം 1229 റൺസ് നേടിയിട്ടുള്ള വിഷ്ണുവിന് വൈറ്റ്ബാൾ ക്രിക്കറ്റിലും റെഡ് ബാൾ ക്രിക്കറ്റിലും മികച്ച ട്രാക്ക് റെക്കാഡാണുള്ളത്. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ആർ.സി.ബി എന്നീ ടീമുകൾക്കൊപ്പമുണ്ടായിരുന്ന പരിചയസമ്പത്തുമുണ്ട്.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച മികവുറ്റ താരനിരയാണ് വിഷ്ണുവിനൊപ്പം ടീമിൽ അണിനിരക്കുന്നത്. ബാറ്റിംഗ് നിരയിൽ സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, വരുൺ നായനാർ തുടങ്ങിയ പരിചയസമ്പന്നരുണ്ട്. എം.ഡി. നിധീഷ്, ഏദൻ ആപ്പിൾ ടോം, ബേസിൽ എൻ.പി, അഭിജിത് പ്രവീൺ, വൈശാഖ് ചന്ദ്രൻ തുടങ്ങിയവരാണ് ബൗളിംഗ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്‌സേനയും ആദിത്യ സർവാതെയും അതിഥി താരങ്ങളായുണ്ട്.

32 ടീമുകൾ നാലുഗ്രൂപ്പുകളായി മത്സരിക്കുന്ന പ്രാഥമിക ഘട്ടത്തിൽ നിന്ന് എട്ടു ടീമുകൾ മത്സരിക്കുന്ന നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുക എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി. മുൻ ചാമ്പ്യന്മാരായ ബംഗാൾ, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവരടങ്ങുന്ന എലൈറ്റ് ഗ്രൂപ്പ് സിയിലാണ് കേരളവും മത്സരിക്കുന്നത്. ജാർഖണ്ഡ്, ഒഡീഷ, സർവീസസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. സീസണിലെ ഏഴ് കളികളിൽ നാലെണ്ണം ഹോം മാച്ചുകളാണ്. ഇതിൽ ഒന്ന് ഗ്രീൻഫീൽഡിലും മൂന്നെണ്ണം മംഗലാപുരം സ്റ്റേഡിയത്തിലും നടക്കും.

കേരള ടീം : വിഷ്ണു വിനോദ് (ക്യാപ്ടൻ / വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ സർവാതെ, അനുരാജ് ജെ. എസ്., അഭിജിത് പ്രവീൺ വി, നിധീഷ് എം.ഡി, ഏദൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ. പി.

vachakam
vachakam
vachakam

എലൈറ്റ് ഗ്രൂപ്പ് സി : കേരളം, ജാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ്.

കേരളത്തിന്റെ ഫിക്‌സ്ചർ

  • ഒക്ടോബർ 11-14, ജംഷഡ്പുർ - Vs ജാർഖണ്ഡ്
  • ഒക്ടോബർ 18-21, തിരുവനന്തപുരം - Vs ഒഡിഷ
  • ഒക്ടോബർ 26-29, മംഗലപുരം - Vs ബംഗാൾ
  • നവംബർ 02-05, അഹമ്മദാബാദ് - Vs ഗുജറാത്ത്
  • ജനുവരി 17-20, പൂനെ - Vs മഹാരാഷ്ട്ര
  • ജനുവരി 24-27, മംഗലപുരം - Vs ഡൽഹി,
  • ഫെബ്രുവരി 01-04, മംഗലപുരം - Vs സർവീസസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam