ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച മുന്നേറ്റത്തിന് പിന്നിലെ സംഭാവനകൾക്ക് മുൻ ചീഫ് സെലക്ടർ അജിത് അഗാർക്കറിന് നന്ദിയറിയിച്ച് ബി.സി.സി.ഐ. പുരുഷ ടീമിന്റെ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന അഗാർക്കറുടെ മൂന്ന് വർഷത്തെ കാലാവധി ഒക്ടോബർ നാലിന് അവസാനിച്ചിരുന്നു. കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അർഹതയുണ്ടായിരുന്നെങ്കിലും അഗാർക്കർ അതിന് അപേക്ഷിച്ചില്ല. 2023 ജൂലൈയിലാണ് അഗാർക്കർ ചീഫ് സെലക്ടറായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ മൂന്ന് ഐ.സി.സി കിരീടങ്ങളാണ് സ്വന്തമാക്കിയത്. 2024ലും 2026ലും ടി20 ലോകകപ്പ് കിരീടങ്ങൾ നേടിയ ഇന്ത്യ, 2025ൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി.
ഏകദിന ലോകകപ്പിലും ഇന്ത്യ മികച്ച പ്രകടനം നടത്തി. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ തുടർച്ചയായി സ്വർണം നേടിയതായി ബി.സി.സി.ഐ ചൂണ്ടിക്കാട്ടി. അഗാർക്കറുടെ കാലാവധിയെ പ്രശംസിച്ചുകൊണ്ട് ബി.സി.സി.ഐ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷങ്ങൾ നിറഞ്ഞ കാലയളവായിരുന്നു എന്നാണ്. മൂന്ന് ഐ.സി.സി കിരീടങ്ങൾ, രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങൾ, തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ, 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്കുള്ള മുന്നേറ്റം എന്നിവയും ബി.സി.സി.ഐ എടുത്തുപറഞ്ഞു.
സെലക്ഷൻ കമ്മിറ്റി ചെയർമാനെന്ന നിലയിലെ അഗാർക്കറുടെ പ്രതിബദ്ധതയ്ക്കും സംഭാവനകൾക്കും നന്ദി അറിയിച്ച ബി.സി.സി.ഐ, ഭാവി യാത്രയ്ക്ക് ആശംസകളും നേർന്നു. അഗാർക്കറിന്റെ പ്രവർത്തനങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും പ്രശംസിച്ചു. ടീമിനാണ് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നൽകിയതെന്നും ഉറച്ച നിലപാടോടെയും പ്രതിബദ്ധതയോടെയുമാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ഗംഭീർ പറഞ്ഞു. അഗാർക്കറുടെ കാലയളവിൽ ഇന്ത്യ നേടിയ മൂന്ന് ഐ.സി.സി കിരീടങ്ങൾ ചൂണ്ടിക്കാട്ടിയ ഗംഭീർ, ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
