ചെറിയൊരു റണ്ണപ്പ്, ശേഷം രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള പോസ്, പിന്നാലെ സ്ലിങ് ആക്ഷനിലൂടെ പന്ത് റിലീസ് ചെയ്യുന്നു. ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന, ക്രിക്കറ്റ് ലോകത്തെ മുഴുവൻ അസ്വസ്ഥമാക്കിയ ഉസ്മാൻ താരിഖ്.
ബൗളിങ് ആക്ഷനും ചുറ്റും നിറഞ്ഞു നിൽക്കുന്ന വിവാദങ്ങളും, അതാണ് ഉസ്മാൻ താരിഖിന്റെ ക്രിക്കറ്റ് ഭൂമികയിലെ അടയാളം. പക്ഷേ, പട്ടിണി മാറ്റാൻ അഞ്ഞൂറും ആയിരം രൂപയ്ക്കും പന്തെറിഞ്ഞ, വിദേശത്തെ ലേബർ ക്യാമ്പിൽ നരകിച്ച, തൊഴിൽ തേടി രാജ്യങ്ങൾ അലഞ്ഞ ഒരു ഉസ്മാൻ താരിഖുണ്ട്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമെല്ലാം ക്രിക്കറ്റായിരുന്നു, അതിനോടുള്ള അടങ്ങാത്ത വിശപ്പ്, അയാളെ ലോകകപ്പിലേക്ക് എത്തിച്ചതും ആ വിശപ്പായിരുന്നു, ഇടയിൽ എം.എസ്. ധോണിയുടെ ജീവതം ഒരു നിയോഗം പോലെ വഴികാട്ടി.
പിതാവിന്റെ മരണം. ആശിച്ച കരിയറിന് മുകളിൽ പട്ടിണിയും ഉത്തരവാദിത്തങ്ങളും നിഴലിച്ചു നിന്ന ആദ്യ സന്ദർഭം. കൗമാരത്തിലേക്ക് എത്തിയിട്ടില്ല ഉസ്മാൻ താരിഖ് അന്ന്. ദുബായിയായിരുന്നു ആശ്വാസത്തിനായി കണ്ടത്തിയ നഗരം. പക്ഷേ, പതിനായിരങ്ങളെ ജീവിതം പഠിപ്പിച്ച ദൂബായ് ഒരു ദു:സ്വപ്നമായിരുന്നു ഉസ്മാൻ താരിഖിന്. ആദ്യ ജോലി ഹോട്ടലിൽ, ദിവസം മുഴുവൻ നിന്ന് പച്ചക്കറി അരിഞ്ഞ് പുറം പൊളിഞ്ഞ് ഉസ്മാൻ താരിഖ് വിളിച്ച് കരയുന്ന സന്ദർഭങ്ങളെ ഇന്നും ഓർക്കുന്നുണ്ട് സഹോദരൻ ഹസീബ് റഹ്മാൻ.
പിടിച്ചുനിൽക്കാനാകാതെ പേശാവറിലേക്ക് മടക്കം. ഹസീബ് അക്കാലയളവിൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഒരു എൻജിഓയുടെ ഭാഗമാണ്. ഉസ്മാന്റെ അവസ്ഥ കണ്ട് ഹസീബ് കാബൂളിലേക്ക് ക്ഷണിച്ചു. നിരന്തരമായ തൊഴിലന്വേഷണങ്ങൾ ഫലമില്ലാതെ മുന്നോട്ടുപോയി. ഒടുവിൽ ഹസീബിന്റെ എൻജിഓയിലും ശ്രമിച്ചു, തന്റെ പാതിശമ്പളം നൽകിയെങ്കിലും ഉസ്മാന് ജോലി കൊടുക്കണമെന്ന് ഹസീബ് അപേക്ഷിച്ചിട്ടും അത് സംഭവിച്ചില്ല.
കാബൂളിലെ മൈനസ് 15 ഡിഗ്രി തണുപ്പ് ഉസ്മാൻ താരിഖിന്റെ ആരോഗ്യസ്ഥിതി മോശമാക്കുകയായിരുന്നു. ആഴ്ചകളോളം നീണ്ട അലച്ചിലിനൊടുവിൽ വീണ്ടും പാക്കിസ്ഥാനിലേക്ക് തിരികെ മടങ്ങി. ഇസ്ലാമാബാദിൽ പലവിധ ജോലികളുമായി നീണ്ട മൂന്ന് വർഷങ്ങൾ. 2016ൽ ഒരിക്കൽക്കൂടി ഉസ്മാൻ താരിഖ് ദുബായിലെത്തി. രണ്ടാം വരവിൽ ലേബർ ക്യാമ്പിലെ നരകജീവിതം, 20 പേരടങ്ങുന്ന മുറിയിൽ ഉണ്ടുറങ്ങി നീങ്ങി.
ഒടുവിൽ ലോജിസ്റ്റിക്ക്‌സ് കമ്പനിയിൽ ജോലി ലഭിച്ചതുമുതൽ വീണ്ടും ക്രിക്കറ്റ് സ്വപ്നങ്ങൾ പൊടിതട്ടിയെടുക്കുകയായിരുന്നു. ആദ്യ വഴിത്തിരിവ് 2016 ഒക്ടോബറിലാണ്. അന്ന് ദുബായിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പേശാവർ സൽമി ടാലന്റ് ഹണ്ട് നടത്തി. ഉസ്മാൻ താരിഖിന്റെ ബൗളിങ്ങ് കണ്ട സൽമി സംഘം ഇംപ്രെസ്ഡാവുകയും പാക്കിസ്ഥാനിലേക്ക് മത്സരങ്ങൾക്കായി മടങ്ങി വരണമെന്ന് നിർദേശിക്കുകയും ചെയ്തു.
പക്ഷേ, തൊഴിലുപേക്ഷിച്ചിറങ്ങാനൊരു ധൈര്യം അന്നും ഉസ്മാൻ താരിഖിനുണ്ടായിരുന്നില്ല. നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്ത് നിരാശയിലേക്ക്. അങ്ങനെയിരിക്കെയാണ് 2017 എം.എസ്. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രം ഉസ്മാൻ താരിഖും ഹസീബും ചേർന്ന് കാണുന്നത്. അന്ന് ഹസീബിനോട് ഉസ്മാൻ താരിഖ് പറഞ്ഞു, ഭായ് ജാൻ മേരാ സീൻ ഭി തോ യഹി ഹെ. സ്‌ക്രീനിൽ തെളിഞ്ഞ ധോണിയുടെ ജീവിതം ഉസ്മാൻ താരിഖിനോട് സമാനമായിരുന്നു.
ഒരിക്കൽക്കൂടി ദൂബായിയോട് യാത്ര പറയുമ്പോൾ ഒരു തീരുമാനമെടുത്തു ഉസ്മാൻ താരിഖ്, ക്രിക്കറ്റിനപ്പുറം തനിക്കൊന്നുമില്ലെന്ന്. ഇതിനിടയിലാണ് ഉസ്മാൻ താരിഖിന്റെ ബൗളിങ് ദൃശ്യങ്ങൾ വൈറലാകുന്നത്. നൗഷേരയിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു, സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ചെറിയ തുകയ്‌ക്കെങ്കിലും ഉസ്മാൻ താരിഖിനായി ടീമുകൾ സമീപിച്ചു. കിലോ മീറ്ററുകളോളം നടന്നും അലഞ്ഞും മൈതാനങ്ങളിലേക്ക്.
അന്നും താങ്ങായി ഹസീബുണ്ടായിരുന്നു, ബൈക്ക് വാങ്ങാൻ പണം നൽകി അൽപ്പമെങ്കിലും എളുപ്പമാക്കി. അതോടെ കഷ്ടതകളുടെ ക്ലൈമാക്‌സിനോട് അടുക്കുകയായിരുന്നു. അമേരിക്കയിൽ നിന്നൊരു ചെറിയ ക്ലബ്ബിൽ നിന്ന് വിളിയെത്തി. കറാച്ചി പ്രീമിയർ ലീഗിൽ തിളങ്ങി, ശേഷം പി.എസ.്എല്ലിലേക്ക്, പിന്നാലെ കരീബിയൻ പ്രീമിയർ ലീഗ്. ഒടുവിൽ പാക്കിസ്ഥാന്റെ ദേശീയ ടീമിലേക്കും.
ട്വന്റി 20 ലോകകപ്പിലെ ഏറ്റവും വലിയ ചർച്ചയാകുന്ന ഉസ്മാൻ താരിഖ്. നാല് മത്സരങ്ങൾ മാത്രമാണ് ട്വന്റി 20യിൽ അന്താരാഷ്ട്ര തലത്തിൽ കളിച്ചിട്ടുള്ളത്. 11 വിക്കറ്റുകൾ. എക്കണോമി ആറിന് താഴെ. വിക്കറ്റെടുക്കാത്ത മത്സരങ്ങൾ കരിയറിൽ പോലും ചുരുക്കമാണെന്ന് ഓർക്കണം. ഇന്ത്യയെ നേരിടാൻ ഇറങ്ങുമ്പോൾ സൽമാൻ അലി ആഗയുടെ വജ്രായുധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
