ജർമൻ ബുണ്ടസ് ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ കോച്ച്. ക്ലബ് യൂണിയൻ ബെർലിൻ പരിശീലകയായി മേരി ലൂയിസ് എറ്റയെ നിയമിച്ചു.
പുരുഷന്മാരുടെ മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിലെ ആദ്യ വനിതാ മുഖ്യ പരിശീലകയായി മേരി ലൂയിസ് എറ്റ. പരിശീലകനായ സ്‌റ്റെഫൻ ബോംഗാർട്ടിനെ പുറത്താക്കിയതിനെ തുടർന്നാണ് എറ്റയെ ഈ സീസൺ അവസാനം വരെ ഇടക്കാല പരിശീലകയായി നിയമിച്ചത്. ഇതോടെ, ജർമൻ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലിഗയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യപരിശീലകയാകും 34കാരിയായ എറ്റ. നിലവിൽ മാർക്കോ ഗ്രോട്ടെയാണ് ടീമിന്റെ താത്കാലിക പരിശീലകൻ.
ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ അക്കാദമിയിൽ നിന്ന് ഈ വർഷമാണ് പ്രൊഫഷണൽ പരിശീലകയാകാനുള്ള ലൈസൻസ് മേരി സ്വന്തമാക്കിയത്. നേരത്തെ വനിതാ ലീഗിൽ എഫ്എഫ്‌സി ടർബൈൻ പോട്‌സ്ഡാമിന്റെ താരമായിരുന്നു മേരി. 2010ൽ ടീമിനൊപ്പം ചാമ്പ്യൻസ് ലീഗും ടീമിനൊപ്പം മൂന്ന് ബുണ്ടസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി. പിന്നീട് ഹാംബർഗർ, ക്ലോപ്പൻബർഗ്, വെർഡർ ബ്രെമൻ ടീമുകളിലും കളിച്ചു. 26 -ാം വയസിൽ ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കേണ്ടി വന്ന മേരി വെർഡർ ബ്രെമന്റെ അണ്ടർ 15 ആൺകുട്ടികളുടെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താണ് പുതു കരിയർ തുടങ്ങിയത്. ക്ലബ്ബിന്റെ അണ്ടർ 19 പുരുഷ ടീമിനെ പരിശീലിപ്പിച്ചിരുന്ന എറ്റ, അടുത്ത സീസണിൽ യൂണിയന്റെ വനിതാ ടീമിന്റെ ചുമതയേൽക്കാൻ ഈ മാസം ആദ്യം ധാരണയിലെത്തിയിരുന്നു.
18 ടീമുകളുള്ള ലീഗിൽ, ഹൈഡൻഹൈമിനോടേറ്റ തോൽവിയോടെ യൂണിയൻ 11 -ാം സ്ഥാനത്താണ്. അഞ്ച് മൽസരങ്ങൾ ശേഷിക്കെ, തരംതാഴ്ത്തൽ മേഖലയിലുള്ള സെന്റ് പോളിയെക്കാൾ ഏഴ് പോയിന്റ് മാത്രം മുന്നിലാണ് ടീം. ലീഗിൽ നിലനിൽക്കാൻ പോരാടുന്ന വോൾഫ്‌സ്ബർഗിനെതിരെയാണ് അടുത്തയാഴ്ച യൂണിയന്റെ അടുത്ത മൽസരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
