ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ

APRIL 17, 2026, 5:35 AM

ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഉദയകുമാർ കൊല്ലപ്പെട്ടതാണെന്നാണ് സിബിഐയുടെ വാദം.

പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അപ്പീൽ പരിഗണിച്ച സുപ്രീം കോടതി പ്രതികളായ പൊലീസുകാർക്ക് നോട്ടീസ് അയച്ചു.

മുന്‍പ് കേസിലെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു വിധി. സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ അടക്കമുള്ള ശിക്ഷകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

vachakam
vachakam
vachakam

ഒന്നാം പ്രതിയായ കെ. ജിതകുമാറിന് വിധിച്ച വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ്. വി. ശ്രീകുമാറിനും വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും, 2020-ൽ അർബുദബാധയെ തുടർന്ന് മരിച്ചു. കൊലപാതകം, ക്രൂരമർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നായിരുന്നു ശിക്ഷ.

കേസുമായി ബന്ധപ്പെട്ട് മുൻ എസ്.പി.മാരായ ഇ. കെ. സാബു, ടി. കെ. ഹരിദാസ്, അന്നത്തെ എസ്.ഐ. ടി. അജിത്കുമാർ എന്നിവർക്കും തെളിവ് നശിപ്പിക്കൽ, വ്യാജരേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും, ഇവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

2005 സെപ്റ്റംബർ 27-നാണ് ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. വഴിയരികിൽ പരിക്കേറ്റ് കിടന്നുവെന്ന വ്യാജവിവരത്തോടെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പോസ്റ്റ്‌മോർട്ടത്തിൽ ക്രൂരമായ ഉരുട്ടിക്കൊലയുടെ തെളിവുകൾ പുറത്തുവന്നു. ശരീരത്തിൽ ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദിച്ചതിന്റെ 22 ഗുരുതര പരിക്കുകൾ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചതായി കാണിക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നാണ് ആരോപണം. പ്രധാന സാക്ഷികളിൽ ചിലർ വിചാരണയിൽ കൂറുമാറിയതും കേസിനെ ബാധിച്ചു.

ഉദയകുമാർ കൊല്ലപ്പെട്ടിട്ട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെയാണ് സിബിഐ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam