സൂര്യ ഭായ് വിളിച്ചു, വരാതിരിക്കാൻ പറ്റുമോ... ജർമനി, സ്‌പെയിൻ പിന്നെ റയൽ മാഡ്രിഡും റയൽ സോസിഡാഡും തമ്മിലുള്ള മത്സരം കാണണം. മുഹമ്മദ് സിറാജ് തന്റെ അവധിക്കാലം ആഘോഷിക്കാൻ തയാറായി... ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരിന് 24 മണിക്കൂർ പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല അപ്പോൾ.
പക്ഷേ ഒരൊറ്റ കോളിൽ എല്ലാം മാറിമറിയുകയായിരുന്നു. സൂര്യകുമാർ യാദവ് ചുരുങ്ങിയ വാക്കുകളിൽ സിറാജിനോട് പറഞ്ഞു. Get ready, pack your bag, and come. വിശ്വസിക്കാനായില്ല, ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലെ വിദൂര സാധ്യത മാത്രമായിരുന്നു സിറാജിന്റെ പേര്. പരുക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരൻ, എങ്കിലും അന്തിമ ടീമിലേക്കൊരിടം അത് അത്ര എളുപ്പമല്ലായിരുന്നു.
പുലർച്ചെ മൂന്ന് മണിക്ക് ടീമിനൊപ്പം ചേർന്ന്, ഒടുവിൽ വാംഖഡയിലെ രാത്രി അവസാനിക്കുമ്പോൾ ഇന്ത്യൻ ബൗളിങ് നിരയിൽ ഏറ്റവുമധികം വിക്കറ്റ് സിറാജ് എന്ന പേരിന് നേർക്കായിരുന്നു, വിജയശിൽപ്പികളിലൊരാൾ. ചെറുപുഞ്ചിരിയോട് അയാൾ പറഞ്ഞു. ദൈവം എഴുതിവെച്ചിരിക്കുന്നത് തിരുത്താനാകുന്ന ഒന്നല്ല. ഞാൻ വന്നു, കളിച്ചു, മികവ് പുലർത്തി. എല്ലാം അവൻ എഴുതിയതാണ്, അതിനപ്പുറം ഒന്നും ആർക്കും ചെയ്യാൻ കഴിയില്ല.
സിറാജിന്റെ കരിയർ ഒരു ഫെയറി ടെയിൽ പോലെയാണ്. അപ്രതീക്ഷതമാണ് എല്ലാം. അല്ലെങ്കിൽ ട്വന്റി 20 കരിയറിന്റെ സാധ്യതകളേറെക്കുറെ അവസാനിച്ച് ഒരു ഇടവേളയെടുക്കാൻ തയ്യാറായ താരം ഇന്ത്യയുടെ വിജയശിൽപ്പികളിൽ ഒരാളാകുമോ.
യുഎസ്എയ്ക്ക് എതിരെ 162 എന്ന ഭേദപ്പെട്ട സ്‌കോർ പ്രതിരോധിക്കാൻ ഇറങ്ങിയ സൂര്യകുമാർ യാദവിന്റെ സംഘത്തിന് അനിവാര്യമായിരുന്നത് ഡൊമിനേറ്റിങ്ങായ ഒരു പവർപ്ലേയായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20യിലേക്ക് സിറാജിന് യുഎസ്എ താരം ആൻഡ്രീസ് ഗോസ് വരവേൽപ്പ് നൽകിയത് സിക്‌സിലൂടെയായിരുന്നു.
ടു പേസ്ഡായുള്ള വിക്കറ്റ് അതിവേഗം റീഡ് ചെയ്യാനും അതിന് അനുസരിച്ച് ലെങ്തിൽ മാറ്റം വരുത്താനും സിറാജിന് എളുപ്പം കഴിയുന്നതായിരുന്നു പിന്നീട് കണ്ടത്. എറിഞ്ഞ നാലാം പന്തിൽ തന്നെ ഇംപാക്റ്റ്. ഗോസ് കവർ പോയിന്റിൽ തിലക് വർമയുടെ കൈകളിൽ വിശ്രമിച്ചു.
അവിടെ അവസാനിച്ചില്ല. തന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സായ്‌തേജ മുക്കമല്ല സിറാജിന്റെ നിപ് ബാക്കറിന് മുന്നിൽ കീഴടങ്ങി. വരുൺ ചക്രവർത്തി ക്യാച്ച് പൂർത്തിയാക്കുമ്പോൾ യുഎസ്എ 13ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പവർപ്ലേയിൽ സിറാജ് മൂന്ന് ഓവറുകൾ എറിഞ്ഞു. 18 റൺസ് വഴങ്ങി നേടിയത് രണ്ട് വിക്കറ്റുകൾ. എത്രത്തോളം നിർണായകമായിരുന്നു ഇന്ത്യക്ക് പവർപ്ലേയെന്ന് അവസാന ഓവറുകളിലെ യുഎസ്എയുടെ ബാറ്റിങ് വ്യക്തമാക്കുന്നു.
ബുമ്രയുടെ അഭാവത്തിലാണ് സിറാജ് ഏറ്റവുമധികം തിളങ്ങുക എന്ന് പറയാറുണ്ട്. അക്കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ ഒരു പ്രകടനം കൂടിയെന്ന് പറയാം. സിറാജ് അവസാനമായി അന്താരാഷ്ട്ര തലത്തിൽ ഒരു ട്വന്റി 20 മത്സരം കളിച്ചിട്ട് ഒന്നര വർഷം പിന്നിട്ടിരിക്കുന്നു. 2024 ജൂലൈ 30ന് ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ആ മത്സരം.
പക്ഷേ ആ ഇടവേളയുടെ ആലസ്യം സിറാജിനുണ്ടായിരുന്നില്ല. ലോകകപ്പ് കളിക്കാൻ തയ്യാറായിരുന്ന ഒരാളെ പോലെയായിരുന്നു കളത്തിലെ സിറാജിന്റെ പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
