തിരുവനന്തപുരം : കൗമാരകേരളത്തിന്റെ കായികക്കുതിപ്പിന് വേദിയാകാനൊരുങ്ങി തലസ്ഥാനനഗരി. അത്‌ലറ്റിക്‌സിൽ മാത്രമൊതുങ്ങിയിരുന്ന ആഘോഷങ്ങളെ ക്രിക്കറ്റും ഫുട്‌ബോളും ബാസ്‌കറ്റ്‌ബോളും കബഡിയും ഉൾപ്പടെയുള്ള 40തോളം ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തി ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ രണ്ടാം പതിപ്പിനാണിന്ന് തിരുവനന്തപുരത്ത് കൊടിയേറുന്നത്.
കഴിഞ്ഞ വർഷം എറണാകുളത്ത് വിജയകരമായി സംഘടിപ്പിച്ച ആദ്യപതിപ്പിൽ ഓവറാൾ ജേതാക്കളായിരുന്ന തിരുവനന്തപുരം ജില്ല സ്വന്തം തട്ടകത്തിൽ തിളക്കം ഇരട്ടിയാക്കാനുറച്ചാണ് അവസാനവട്ട തയ്യാറെടുപ്പുകളിൽ മുഴുകുന്നത്. ഇന്ന് (ഒക്ടോബർ 21) കായികതാരങ്ങളുടെ മാർച്ചുപാസ്റ്റും ഉദ്ഘാടനച്ചടങ്ങുമാണ്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 21) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കായികമേള ഉദ്ഘാടനം ചെയ്യുന്നത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ ദീപശിഖ കൊളുത്തും. മൂവായിരത്തോളം കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമുണ്ടാകും.
നാളെ മത്സരങ്ങൾക്ക് തുടക്കമാകും. ഭിന്നശേഷി വിദ്യാർത്ഥികളുടെ കായികമത്സരങ്ങളാണ് ആദ്യദിനം പ്രധാനമായും. വ്യാഴാഴ്ചയാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായി അത്‌ലറ്റിക്‌സ് മത്സരങ്ങൾ തുടങ്ങുന്നത്. 28നാണ് സമാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്