സഞ്ജു സാംസന്റെ മികവിൽ വിൻഡീസിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

MARCH 1, 2026, 1:12 PM

വെസ്റ്റ് ഇൻഡീസ് 195/5, ഇന്ത്യ 199/5, സഞ്ജു 50 പന്തുകളിൽ 97 റൺസുമായി പ്‌ളേയർ ഒഫ് ദ മാച്ച്, വ്യാഴാഴ്ച ഇന്ത്യ സെമിയിൽ ഇംഗ്‌ളണ്ടിനെ നേരിടും

കൊൽക്കത്ത : ആരാധകർ കാത്തിരുന്ന ആ നിമിഷം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പിറന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിൽ നിന്ന് പെരുമഴപോലെ റൺസ് പിറന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പറന്നിറങ്ങി.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 195/4 എന്ന സ്‌കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു 50 പന്തുകളിൽ 4 സിക്‌സും 12 ഫോറുമടക്കം റൺസ് നേടി വിജയം വെട്ടിപ്പിടിക്കുകയായിരുന്നു. ഇതോടെ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്‌ളണ്ടിനെ നേരിടും.

vachakam
vachakam
vachakam

ഇന്നലെ ഈഡനിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ത്സരത്തിൽ സിംബാബ്‌വേയെ തോൽപ്പിച്ച അതേ ഇലവനെത്തന്നെയാണ് ഇന്ത്യ ഇന്നലെയും വിന്യസിച്ചത്. സ്പിന്നർ അകീൽ ഹൊസൈനെ ഉൾപ്പെടുത്തിയാണ് വിൻഡീസ് ഈഡനിലിറങ്ങിയത്.

ക്യാപ്ടൻ ഷായ് ഹോപ്പും (32), റോസ്റ്റൺ ചേസും (40) ചേർന്ന് മാന്യമായ തുടക്കമാണ് വിൻഡീസിന് നൽകിയത്. ഇവർ 8.5 ഓവറിൽ 68 റൺസ് കൂട്ടിച്ചേർത്തു. 33 പന്തുകളിൽ മൂന്നുഫോറും ഒരു സിക്‌സും പായിച്ച ഹോപ്പിനെ ബൗൾഡാക്കി വരുൺ ചക്രവർത്തിയാണ് വിൻഡീസിന് ആദ്യ പ്രഹരം നൽകിയത്.

തുടർന്നിറങ്ങിയ ഷിമ്രോൺ ഹെറ്റ്‌മേയറിനെക്കൂട്ടി ചേസ് ടീമിനെ 102ലെത്തിച്ചു. 12 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 27 റൺസ് നേടിയ ഹെറ്റ്‌മേയറിനെ 12ാം ഓവറിൽ ബുംറയുടെ ബൗളിംഗിൽ സഞ്ജു പിടികൂടി.രണ്ടുപന്തുകൾക്കുള്ളിൽ ബുംറ ചേസിനെ സൂര്യയുടെ കയ്യിലെത്തിച്ചതോടെ വിൻഡീസ് 103/3 എന്ന നിലയിലായി.

vachakam
vachakam
vachakam

119ൽ വച്ച് ഷെർഫാനേ റൂതർഫോഡിനെ (14) ഹാർദിക് പാണ്ഡ്യ സഞ്ജുവിന്റെ കയ്യിലെത്തിച്ചെങ്കിലും അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച റോവ്മാൻ പവലും (34*), ജാസൺ ഹോൾഡറും (37) ചേർന്ന് 195ലെത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക്കും വരുണും ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം അത്ര ഗംഭീരമായിരുന്നില്ല. 11 പന്തുകൾ നേരിട്ട് രണ്ട് ബൗണ്ടറികൾ കണ്ടെത്തിയ അഭിഷേക് ശർമ്മ മൂന്നാം ഓവറിൽ അകീൽ ഹൊസൈന്റെ ബൗളിംഗിൽ ഹെറ്റ്‌മേയർക്ക് ക്യാച്ച് നൽകി മടങ്ങി. സഞ്ജു തുടരെ രണ്ട് സിക്‌സുകൾ പായിച്ച് ഫോമിന്റെ ലക്ഷണം കാട്ടിയെങ്കിലും അഭിഷേകിന് പകരം വന്ന ഇഷാൻ ആറുപന്തുകളിൽ രണ്ട് ബൗളണ്ടറികളടക്കം 10 റൺസ് മാത്രം നേടി മടങ്ങി.

ആദ്യ അഞ്ചോവറിൽ 45/2 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്ന് സഞ്ജുവും സൂര്യയും (18) ക്രീസിലൊരുമിച്ചു. സൂര്യ (18), തിലക് വർമ്മ (27), ഹാർദിക് പാണ്ഡ്യ (17) എന്നിവർ പുറത്തായെങ്കിലും ഒറ്റയാനായി പൊരുതിയ സഞ്ജു ശിവം ദുബയെ(8*) കൂട്ടുനിറുത്തി അവസാനഓവറിൽ സിക്‌സും ഫോറുമടിച്ച് വിജയത്തിലെത്തിച്ചു.

vachakam
vachakam
vachakam

ഇന്നലെ ഇന്ത്യൻ ഫീൽഡർമാർ അഞ്ചോളം ക്യാച്ചുകൾ കൈവിട്ടതാണ് വിൻഡീസിനെ 195ലെത്തിച്ചത്. അഭിഷേക് ശർമ്മ, തിലക് വർമ്മ, വരുൺ ചക്രവർത്തി, സഞ്ജു തുടങ്ങിയവരൊക്കെ ക്യാച്ചുകൾ കൈവിട്ടു.

മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയാണ് ഇന്നലെ ഈഡൻ ഗാർഡൻസിൽ നേടിയത്. 26 പന്തുകളാണ് സഞ്ജുവിന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ഈ ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിച്ച മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam